ബംഗ്ലാദേശിൽ കനത്ത നാശം വിതച്ച് മഴയും വെള്ളപ്പൊക്കവും; 51 മരണം

കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായ തെരുവുകളിലൂടെ യാത്ര ചെയ്യുന്ന ജനങ്ങൾ |Photo: Reuters, EPA
ധാക്ക : ബംഗ്ലാദേശിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 51 ആയി. തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളെയും പ്രതികൂലമായി ബാധിച്ച പ്രകൃതിദുരന്തത്തിൽ പത്ത് ലക്ഷത്തിലധികം ആളുകളാണ് ദുരിതത്തിലായത്. മിന്നൽ പ്രളയത്തിലും ഉരുൾപൊട്ടലിലും ആയിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു.
റോഹിങ്ക്യൻ അഭയാർഥികൾ ധാരാളമായി താമസിക്കുന്ന കോക്സ് ബസാർ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളിൽ 28 എണ്ണവും ഇവിടെയാണ്. കഴിഞ്ഞ ആഴ്ച ഇതേ ജില്ലയിൽ സ്കൂളിലേക്ക് വെള്ളം ഇരച്ചുകയറി വിദ്യാർഥികളും അധ്യാപകനും മരണപ്പെട്ടിരുന്നു. നിലവിൽ പതിനായിരക്കണക്കിന് ആളുകളാണ് സർക്കാർ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.
കനത്ത മഴയെത്തുടർന്ന് റോഡ് ഗതാഗതം പൂർണമായും തടസപ്പെടുകയും വിദ്യാർഥികളുടെ പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. തലസ്ഥാനമായ ധാക്കയിൽ പലയിടത്തും വെള്ളം ഉയർന്നത് ജനജീവിതം ദുസ്സഹമായി. നഗരത്തിലെ ഡ്രെയിനേജ് സംവിധാനങ്ങൾ നന്നാക്കുന്നതിൽ വീഴ്ച വരുത്തിയ സർക്കാരിനെതിരെ പ്രാദേശിക മാധ്യമങ്ങൾ ശക്തമായ വിമർശനം ഉന്നയിക്കുന്നുണ്ട്.
കാലവർഷത്തിന്റെ ഭാഗമായാണ് ബംഗ്ലാദേശിൽ മഴ ശക്തമായതെങ്കിലും, ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം മഴയുടെ തീവ്രതയും ആവൃത്തിയും ക്രമാതീതമായി വർധിച്ചതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലകളിൽ വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ ശാന്തമാകാൻ സാധ്യതയുണ്ടെങ്കിലും, വടക്കൻ-വടക്കുകിഴക്കൻ മേഖലകളിൽ മഴ തുടരുന്നതിനാൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലായേക്കുമെന്നാണ് ഫ്ലഡ് ഫോർകാസ്റ്റിംഗ് ആൻഡ് വാണിംഗ് സെന്റർ വ്യക്തമാക്കുന്നത്.










0 comments