'അയാൾക്ക് ഒന്നിനെയും പേടിയില്ല' ; ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

പാലക്കാട് : നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾ. പ്രതിക്ക് തൂക്കുകയർ തന്നെ കൊടുക്കണം, അയാൾക്ക് ഒന്നിനെയും പേടിയില്ല. ഞങ്ങളുടെ അച്ഛനും അമ്മയും അച്ഛമ്മയുമെല്ലാം പോയി. കോടതിയിലും അയാൾ ഭീഷണിയോടെയാണ് സംസാരിച്ചത്. പ്രതിക്ക് തക്കതായ ശിക്ഷ നൽകണം- സുധാകരന്റെ മക്കൾ പറഞ്ഞു. കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വിധിച്ചതിനുപിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. പേടിച്ചാണ് എല്ലാവരും കഴിയുന്നതെന്നും കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും കൊല്ലപ്പെട്ട സജിതയുടെ സഹോദരി സജിത പറഞ്ഞു.
കോടതിയിലും ചെന്താമര വെല്ലുവിളി തുടർന്നു. താൻ ഗാന്ധിജിയല്ലെന്നും വേണ്ടിവന്നാൽ ഇനിയും കൊലപാതങ്ങൾ ചെയ്യുമെന്നും ചെന്താമര കോടതിയിൽ പറഞ്ഞു. കേസിൽ 15ന് ശിക്ഷ വിധിക്കും. 2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര (ചെന്താമരാക്ഷൻ- 60) വെട്ടിക്കൊലപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമായിരുന്നു കാരണം. 2019ൽ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഭാര്യയും മകളും പിണങ്ങിപ്പോകാൻ കാരണം അയൽവാസിയായ സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു കൊല. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് സുധാകരനെയും ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ആദ്യം സുധാകരനെയാണ് ആക്രമിച്ചത്. ഇത് കണ്ട് ഓടിയെത്തിയ ലക്ഷ്മിയെയും കൊലപ്പെടുത്തി.











0 comments