85 ദിവസത്തിനിടയിലെ ഏറ്റവും മോശം വായുനിലവാരത്തിൽ ഡൽഹി; വില്ലനായത് അയൽരാജ്യങ്ങളിലെ പൊടിക്കാറ്റ്

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കഴിഞ്ഞ 85 ദിവസത്തിനിടയിലെ ഏറ്റവും മോശം വായുനിലവാരത്തിലേക്ക് ഡൽഹി വീണു. ഞായറാഴ്ച തലസ്ഥാനത്തെ എയർ ക്വാളിറ്റി ഇൻഡക്സ് 261 ലേക്ക് ഉയർന്നു.
ഏപ്രിൽ 17-ന് രേഖപ്പെടുത്തിയ 263-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ശനിയാഴ്ച 140 ആയിരുന്ന സ്ഥാനത്താണ് ഒറ്റയടിക്ക് വായുനിലവാരം ഇത്രയും മോശമായത്. കനത്ത ചൂടും അന്തരീക്ഷ മലിനീകരണവും ഡൽഹിയിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
അഫ്ഗാനിസ്ഥാൻ, ഇറാൻ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലുണ്ടായ ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ഉയർന്ന അളവിൽ മിനറൽ ഡസ്റ്റ് വഹിച്ചുകൊണ്ടുള്ള കാറ്റ് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലേക്ക് വീശിയടിച്ചതാണ് ഡൽഹിയിലെ വായുനിലവാരം പെട്ടെന്ന് മോശമാക്കാൻ കാരണമെന്ന് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് വ്യക്തമാക്കി.
അന്തരീക്ഷത്തിലെ പിഎം 10 കണങ്ങളുടെ അളവ് വലിയ രീതിയിൽ വർദ്ധിച്ചതാണ് ഇതിന് കാരണം. വരും ദിവസങ്ങളിലും വായുനിലവാരം ഇതേ രീതിയിൽ തുടരാനാണ് സാധ്യത. അയൽരാജ്യങ്ങളിൽ നിന്നുള്ള ഈ പൊടിപടലങ്ങൾ അടങ്ങുന്നതോടെ അന്തരീക്ഷം സാധാരണ നിലയിലാകുമെന്നാണ് വിലയിരുത്തൽ.
നിലവിലെ വായു മലിനീകരണത്തിന് കാരണം പ്രാദേശിക ഘടകങ്ങളല്ലാത്തതിനാൽ തൽക്കാലം ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ ഒന്നാം ഘട്ട നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്.
എന്നാൽ റോഡുകളിലെയും നിർമ്മാണ മേഖലകളിലെയും പൊടി നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കാൻ ഡൽഹി പൊല്യൂഷൻ കൺട്രോൾ കമ്മിറ്റിക്ക് നിർദ്ദേശം നൽകി.
കടുത്ത ചൂടിൽ തലസ്ഥാനം
വായു മലിനീകരണത്തിനൊപ്പം കടുത്ത ചൂടും ഡൽഹിയെ വലയ്ക്കുകയാണ്. ഞായറാഴ്ച വൈകുന്നേരം ഡൽഹിയിൽ അനുഭവപ്പെട്ട താപനില 45.7 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.
സാധാരണയേക്കാൾ ഉയർന്ന 36.8 ഡിഗ്രി സെൽഷ്യസ് പരമാവധി താപനിലയാണ് സഫ്ദർജംഗിൽ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ പകൽ സമയത്ത് ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.











0 comments