രേഖാമൂലം
ബ്രാഡ്‌ലി: ബ്രിട്ടനിൽനിന്നെത്തിയ സമരസഖാവ്


ശ്രീകുമാർ ശേഖർ
Published on Jul 13, 2026, 10:25 AM | 3 min read
‘‘പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്ന പ്രത്യേക കുറ്റാരോപണത്തെ പിന്തുണയ്‌ക്കുന്ന ഒരു തെളിവുപോലും കോടതിയുടെ മുമ്പിലില്ല. എന്നിരുന്നാലും, ഇന്ത്യയിൽ ഞാൻ കഴിഞ്ഞ കാലയളവിൽ ചെയ്‌ത ഒരു കാര്യത്തിന്റെയും ഉത്തരവാദിത്വത്തിൽനിന്ന് ഞാൻ ഒഴിഞ്ഞുമാറുന്നില്ല. മറിച്ച്, ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ, എന്റെ ഇന്ത്യൻ സഖാക്കളോടൊപ്പം വർഗസമരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.’’
എന്തുശിക്ഷയും പ്രതീക്ഷിക്കാവുന്ന ഘട്ടത്തിൽ ബ്രിട്ടീഷ് ഇന്ത്യയിലെ കോടതിമുറിയിൽ മുഴങ്ങിയ ഈ വാക്കുകൾ ഒരു ഇന്ത്യക്കാരന്റേതായിരുന്നില്ല. മീററ്റ് കമ്യൂണിസ്‌റ്റ് ഗൂഢാലോചന കേസിലെ ഏഴാംപ്രതിയും ബ്രിട്ടീഷ് പൗരനുമായ ബഞ്ചമിൻ ഫ്രാൻസിസ് ബ്രാഡ്‌ലിയുടേതായിരുന്നു.
മീററ്റിലെ അഡീഷണൽ സെഷൻസ് ജഡ്‌ജ് ആർ എൽ യോർക്കിന്റെ കോടതിയിൽ 1931 ജൂലൈ 22‐നായിരുന്നു ബ്രാഡ്‌ലിയുടെ രാഷ്‌ട്രീയ പ്രസ്‌താവന. കേസ് രേഖകളിൽ 555ാം പേജ് മുതൽ 159 പേജുകൾ നീളുന്നതാണ് ബ്രാഡ്‌ലിയുടെ മൊഴി.
ബ്രിട്ടീഷ് സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതായി ആരോപിച്ച് ചുമത്തിയ മീററ്റ് കേസിൽ മൂന്ന് ബ്രിട്ടീഷ് പൗരന്മാർ പ്രതികളായിരുന്നു‐ ബ്രാഡ്‌ലി, എസ് സ്‌പ്രാറ്റ്, എൽ ഹച്ചിൻസൺ എന്നിവർ. ബ്രിട്ടീഷ് കമ്യൂണിസ്‌റ്റ് പാർടിയുടെ നിർദേശപ്രകാരം ഇവർ ഇന്ത്യയിൽ തൊഴിലാളികൾക്കിടയിലും ആശയപ്രചാരണരംഗത്തും പ്രവർത്തിക്കുകയായിരുന്നു. ബ്രിട്ടീഷ് പൗരന്മാരായതിനാൽ ഇവരെ തടയാൻ സർക്കാരിന് പരിമിതികളുണ്ടായിരുന്നു. ഇവരുടെ വരവ് തടയാനും വന്നാൽ തിരിച്ചയക്കാനും മാത്രമായി നിയമഭേദഗതികൾ വരെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണാധികാരികൾ തയ്യാറാക്കിയിരുന്നു.
ബഞ്ചമിൻ ഫ്രാൻസിസ് ബ്രാഡ്‌ലി
1921-ൽ ബ്രിട്ടീഷ് ഗവൺമെന്റിൽ നിന്ന് നിയമനം കിട്ടിയതനുസരിച്ചാണ് ബ്രാഡ്‌ലി ആദ്യം ഇന്ത്യയിലെത്തുന്നത്. റാവൽപിണ്ടിയിൽ ആയുധങ്ങളുടെ അറ്റകുറ്റപ്പണി തീർക്കുന്ന ഫാക്ടറിയിൽ ആയിരുന്നു ജോലി. ഒമ്പതുമാസത്തിനുശേഷം ബ്രിട്ടനിലേക്ക് മടങ്ങി. 1927-ൽ വീണ്ടും ഇന്ത്യയിലെത്തി. അപ്പോഴേക്കും ഇവിടെ കമ്യൂണിസ്‌റ്റ് പാർടി പ്രവർത്തനം തുടങ്ങിയിരുന്നു.
കമ്യൂണിസ്റ്റുകാർ എഐടിയുസിക്കകത്ത് സജീവമായതോടെ തൊഴിലാളി സമരങ്ങൾക്ക് കരുത്തുകൂടി. ബ്രാഡ്‌ലിയും ഈ സമരങ്ങളിൽ പങ്കാളിയായി. ടെക്സ്റ്റൈൽ തൊഴിലാളികളുടെയും റെയിൽവേ തൊഴിലാളികളുടെയും സമരങ്ങളിൽ അദ്ദേഹം പങ്കെടുത്തു. പല യൂണിയനുകൾക്കും അടിത്തറപാകി. ബോംബെ ഗിർണി കാംഗാർ യൂണിയന്റെയും ജിഐപി റെയിൽവേ തൊഴിലാളി യൂണിയന്റെയും സ്ഥാപകരിൽ ഒരാളായി. 1928-ലെ ഐതിഹാസികമായ ടെക്സ്റ്റൈൽ തൊഴിലാളി പണിമുടക്ക് നയിച്ചു.
ബ്രാഡ്‌ലിയുടെ വരവ് തടയാൻ വൈസ്രോയി ആഭ്യന്തര സെക്രട്ടറിക്ക് അയക്കാൻ തയ്യാറാക്കിയ ടെലിഗ്രാമിന്റെ കരട്
1928-ൽ വിവിധ പ്രവിശ്യകളിലെ തൊഴിലാളി-കർഷക പാർടികൾ ചേർന്ന് അഖിലേന്ത്യാ തൊഴിലാളി- കർഷക പാർടി ഉണ്ടായി. കൊൽക്കത്തയിൽ കോൺഗ്രസ് സമ്മേളന പന്തലിനുമുന്നിൽ അമ്പതിനായിരം തൊഴിലാളികൾ പ്രകടനം നടത്തി. സ്വാതന്ത്ര്യസമരത്തിൽ കമ്യൂണിസ്‌റ്റ് പാർടിയുടെ ഇടപെടൽ ശക്തമായി. പൂർണ സ്വരാജ് എന്ന ആവശ്യം പാർടി ഉയർത്തി. ബ്രിട്ടൻ കൂടുതൽ അക്രമാസക്തമായി. മീററ്റ് ഗൂഢാലോചന കേസ് പിറന്നു. അന്നറിയപ്പെടുന്ന കമ്യൂണിസ്‌റ്റ് നേതാക്കളെയെല്ലാം പ്രതികളാക്കി. വിചാരണയില്ലാതെ മൂന്നുകൊല്ലം തടവിൽ കിടന്ന ബ്രാഡ്‌ലിക്ക് വിചാരണ കോടതി 10 കൊല്ലത്തെ തടവ് വിധിച്ചു. വിചാരണക്കാലം പാർടി, ആശയപ്രചാരണത്തിനുള്ള അവസരമാക്കി. ബ്രിട്ടീഷ് പൗരന്മാർ കൂടി ഉൾപ്പെട്ടതിനാൽ കോടതി നടപടികൾ ലോകവാർത്തയായി. പ്രതികളുടെ മോചനത്തിനായി പ്രക്ഷോഭങ്ങൾ, നാടകങ്ങൾ, കൂട്ടപ്രസ്‌താവനകൾ... അങ്ങനെ പോരാട്ടം വിപുലമായി. വിചാരണയിലെ സഖാക്കളുടെ മറുപടി പ്രസ്‌താവനകൾ പുസ്‌തകമായി. ബ്രിട്ടീഷ് സർക്കാരിന് കേസ് പുലിവാലായി.
ഹൈക്കോടതി ശിക്ഷ ഇളവു ചെയ്‌തതോടെ മോചിതനായ ബ്രാഡ്‌ലി നാട്ടിലേക്കു മടങ്ങി. അവിടെയും ഇന്ത്യയിലെ പാർടിയുടെ പ്രതിനിധിയായി. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർക്ക് വഴികാട്ടാൻ രജനി പാമിദത്തും ബ്രാഡ്‌ലിയും ചേർന്ന് 1936ൽ ഒരു രേഖ (Dutt-Bradley Thesis) തയ്യാറാക്കി. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയും ബ്രിട്ടനുമായി സൗഹാർദം വളർത്താനും പ്രവർത്തിച്ചു. 1934നും 1943‐നുമിടയിൽ ഇന്ത്യയെപ്പറ്റി ഏഴു പുസ്‌തകങ്ങൾ രചിച്ച ബ്രാഡ്‌ലി 1957 ജനുവരി ഒന്നിന് അന്തരിച്ചു.
1927ൽ ബ്രാഡ്‌ലിയുടെ വരവ് തടയാൻ ഇന്ത്യയിലെ അധികാരികൾ തീവ്രശ്രമം നടത്തിയിരുന്നതിന്റെ രേഖകൾ നാഷണൽ ആർക്കൈവ്‌സിൽ കാണാം (നമ്പർ: F35/XXVI/ 27). കമ്യൂണിസ്റ്റാണെന്നും അപകടകാരിയാണെന്നുമുള്ളതിനു വേണ്ടത്ര വിവരം കിട്ടിയില്ലെന്ന കാരണത്താൽ ബ്രിട്ടനിൽ നടപടി വൈകി. അതിനിടെ അദ്ദേഹം ഇവിടെ എത്തുകയും ചെയ്‌തു. പിന്നീടാണ് ഇവരെപ്പോലുള്ളവരെ നാടുകടത്താൻ നിയമം ആലോചിച്ചത്. ബ്രാഡ്‌ലിക്കൊപ്പമുണ്ടായിരുന്ന സ്‌പ്രാറ്റും ഹച്ചിൻസണും ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് തൊഴിലാളി പ്രസ്ഥാനത്തിന്റെ ആദ്യനാളുകളിൽ വലിയ പങ്കുവഹിച്ചു. ഹച്ചിൻസണും ജീവിതാവസാനംവരെ പാർടിക്കൊപ്പം നിന്നു. ഇന്ത്യയിൽ തുടർന്ന സ്‌പ്രാറ്റ് പിന്നീട് കമ്യൂണിസ്‌റ്റ് വിരുദ്ധനായി.
ബ്രാഡ്‌ലിയുടെ വരവ് തടയാൻ വൈസ്രോയി ആഭ്യന്തര സെക്രട്ടറിക്ക് അയക്കാൻ തയ്യാറാക്കിയ ടെലിഗ്രാമിന്റെ കരട്
ബ്രാഡ്‌ലിയെപ്പറ്റി ഏറെ ആദരവോടെയും സ്‌നേഹത്തോടെയുമാണ് കേസിൽ കൂട്ടുപ്രതിയും ഏറ്റവും കൂടുതൽ കാലത്തേക്ക് (ആജീവനാന്ത നാടുകടത്തൽ) ശിക്ഷിക്കപ്പെടുകയും ചെയ്‌ത കമ്യൂണിസ്‌റ്റ് നേതാവ് മുസഫർ അഹമ്മദ് ‘Myself and the Communist Party of India’ എന്ന കൃതിയിൽ വിവരിക്കുന്നത്. ഇന്ത്യവിട്ടശേഷവും ബ്രാഡ്‌ലിയുമായി കത്തിലൂടെ നിരന്തര സമ്പർക്കം ഉണ്ടായിരുന്നതായും ഇന്ത്യയിൽ നടത്തിയ പ്രവർത്തനങ്ങളിൽ അവസാനംവരെ അദ്ദേഹത്തിന് നിറഞ്ഞ അഭിമാനം ഉണ്ടായിരുന്നതായും മുസഫർ അഹമ്മദ് എഴുതുന്നു.











0 comments