കവർസ്റ്റോറി
കൊള്ളയടിക്കപ്പെടുന്ന ശ്രീരാമഭക്തി


വി ബി പരമേശ്വരൻ
Published on Jul 13, 2026, 11:00 AM | 11 min read
"ഞാൻ സ്വയം അഴിമതി നടത്തില്ല. കൂടെയുള്ളവരെ അഴിമതി നടത്താൻ അനുവദിക്കുകയുമില്ല’ എന്ന് പറഞ്ഞ പ്രധാനമന്ത്രിയുടെ പേരാണ് നരേന്ദ്ര ദാമോദർ ദാസ് മോദി. രണ്ടാം യുപിഎ സർക്കാരിന്റെ അഴിമതികൾക്കെതിരെ (ടുജി സ്‌പെക്ട്രം, കോമൺ വെൽത്ത് ഗെയിംസ്, കൽക്കരി കുംഭകോണങ്ങൾ) അണ്ണ ഹസാരെ നയിച്ച പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ഗുണഭോക്താവായി അധികാരം ലഭിച്ച വ്യക്തിയാണ് മോദി. അതോടൊപ്പം ബാബ്റി മസ്ജിദ് തകർത്ത് ശ്രീരാമജന്മഭൂമിയിൽ ക്ഷേത്രം പണിയുക എന്ന ലക്ഷ്യവുമായി ആരംഭിച്ച തീവ്ര ഹിന്ദുത്വ പദ്ധതിയുടെ പ്രധാന ഗുണഭോക്താവും മോദിയാണ്. എന്നാൽ ഇതേ മോദിയുടെ മൂക്കിന് താഴെ മര്യാദപുരുഷോത്തമനായി ഹിന്ദു വിശ്വാസികൾ ആരാധിക്കുന്ന ശ്രീരാമന് കാണിക്കയായി നൽകിയ പണവും വസ്‌തുക്കളും കൊള്ളയടിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തുനിന്നും പുറത്തുനിന്നുമെത്തുന്ന ഭക്തർ ഭണ്ഡാരങ്ങളിൽ നിക്ഷേപിക്കുന്ന പണവും ആഭരണങ്ങളും സ്വർണവും വെള്ളിയും കൊണ്ട് നിർമിച്ച ഇഷ്ടികകളും ക്ഷേത്ര ട്രസ്റ്റിയിലെ അംഗങ്ങളും അവർ നിയമിച്ച ജീവനക്കാരും ചേർന്ന് കൊള്ളയടിച്ച് കീശ വീർപ്പിച്ചിരിക്കുന്നു. ജനങ്ങളുടെ വിശ്വാസത്തെയും ഭക്തിയെയുമാണ് ഇവർ വഞ്ചിച്ചിരിക്കുന്നത്. ശ്രീരാമനെ ഈ കൊള്ളക്കാരിൽ നിന്നും രക്ഷിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു.
അയോധ്യയിലെ രാമക്ഷേത്രം
ആർഷഭാരത സംസ്‌കാരത്തെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചും മറ്റുള്ളവർക്ക് ഉദ്ബോധനം നൽകുന്ന മോഹൻ ഭാഗവതിന്റെ ആർഎസ്എസിൽ പെട്ടവരാണ് ഒരു നാണവും ഭയവുമില്ലാതെ ദൈവത്തിന് ഭക്തിയാൽ സമർപ്പിക്കപ്പെട്ട പണവും വസ്‌തുക്കളും കൊള്ളയടിച്ചിട്ടുള്ളത്. ആർ കെനാരായണിന്റെ ‘സ്വാമി ആൻഡ് ഫ്രൻഡ്‌സ്’ എന്ന ലഘുനോവലിൽ എബനീസർ എന്ന ക്രൈസ്‌തവ ആഭിമുഖ്യമുള്ള അധ്യാപകൻ പറയുന്നതുപോലെ, "വൃത്തികെട്ട, ജീവനില്ലാത്ത, മരം കൊണ്ടോ കല്ലുകൊണ്ടോ നിർമിച്ച വിഗ്രഹത്തെ’ എന്തിന് ഭയക്കണം എന്ന ചിന്തയിൽ നിന്നാണോ രാമഭക്ത വേഷമിട്ടവർ ഈ കൊള്ള നടത്തിയത്? ബാബ്റി മസ്ജിദ് തകർക്കൽ പ്രസ്ഥാനം ഒരു രാഷ്ട്രീയ പദ്ധതിയായതിനാൽ അതിന്റെ ഭാഗമായി നിർമിക്കപ്പെട്ട ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പണവും രാഷ്ട്രീയ പ്രവർത്തനത്തിന് ഉപയോഗിക്കാമെന്ന യുക്തിയാണോ ട്രസ്റ്റിനെയും അതിന് നേതൃത്വം നൽകുന്നവരെയും ബാധിച്ചിട്ടുള്ളത്? അതോ ക്ഷേത്രമുതൽ എങ്ങനെ സമർഥമായി കൊള്ളയടിക്കണമെന്നത് ആർഎസ്എസ് പാഠ്യപദ്ധതിയുടെ ഭാഗമാണോ? എല്ലാ ക്ഷേത്രങ്ങളുടെയും ഭരണം വിശ്വാസികൾക്ക് സ്വതന്ത്രമായി നൽകണമെന്ന് പറയുന്നതിന് പിന്നിൽ ഈ യുക്തിയാണോ അവരെ ഭരിക്കുന്നത്? ശങ്കരാചാര്യന്മാരെ, പുരോഹിതരെ, സന്യാസിമാരെ മാറ്റിനിർത്തി അയോധ്യയിൽ മോദി തന്നെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്തിയത് ഈ തീവെട്ടിക്കൊള്ളക്കാരെ സാക്ഷിനിർത്തിയായിരുന്നല്ലോ? 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ട്ബാങ്ക് ലക്ഷ്യമാക്കി അപൂർണമായ ക്ഷേത്രത്തിൽ മോദി പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്തിയത് ഇപ്പോൾ വിവാദത്തിന്റെ കേന്ദ്രമായി നിൽക്കുന്ന നാലഞ്ച് പേരിൽ ഒരാളായ അനിൽ മിശ്രയെ യജമാനസ്ഥാനത്ത് ഇരുത്തിയായിരുന്നല്ലോ. പ്രധാനമന്ത്രി നിശ്ചയിച്ച ആളുകളുടെ മേൽനോട്ടത്തിൽ 2000 കോടിയോളം ചെലവിട്ട് ക്ഷേത്രം പണി കഴിപ്പിച്ചത് "ക്ഷേത്ര ടൂറിസവും’ അതിൽ നിന്നുള്ള വരുമാനവും പ്രതീക്ഷിച്ചായിരുന്നോ? അങ്ങനെയെങ്കിൽ ഭക്തിക്കും വിശ്വാസത്തിനും ധാർമികതയ്‌ക്കും അതിൽ എന്ത് പ്രസക്തിയാണുള്ളത്? അപ്പോൾ ദൈവത്തിന് സമർപ്പിച്ചത് കൊള്ള ചെയ്യാനും മടികാണിക്കേണ്ടതില്ലല്ലോ എന്ന യുക്തിയാണോ ആർഎസ്എസിനെ നയിക്കുന്നത്? അയോധ്യയിൽ സംഭവിച്ചത് അതാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സ്വയം തടിച്ചു കൊഴുക്കാനുള്ള കറവപ്പശുവായി ആയോധ്യ ക്ഷേത്രത്തെ വീക്ഷിച്ചവരാണ് ഈ ഹിമാലയൻ കൊള്ള സമർഥമായി ആസൂത്രണം ചെയ്‌തതും കോടികൾ സമ്പാദിച്ചതും. അയോധ്യയിലെ സന്യാസി സമൂഹവും സാധാരണ ജനങ്ങളും ദുഃഖിതരാണ്. ആർഎസ്എസിന്റെ പോഷക സംഘടനയായ വിശ്വഹിന്ദു പരിഷത്തിനെ ക്ഷേത്ര നിർമാണവും നടത്തിപ്പും ഏൽപ്പിച്ചതാണ് ഈ കൊള്ളയ്‌ക്ക് വഴിവെച്ചത് എന്ന അഭിപ്രായമുള്ളവരാണ് ഇവരിൽ ഭൂരിപക്ഷവും.
കർസേവകർ ബാബറി മസ്‌ജിദ് തകർക്കുന്നു
2020ലെ സുപ്രീം കോടതി വിധിയെ തുടർന്നാണ് 15 അംഗ ശ്രീരാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന് രൂപം നൽകിയത്. അതിൽ 13 പേരും കേന്ദ്രസർക്കാർ നിശ്ചയിച്ചവരാണ്. ചമ്പത് റായ് ബൻസലും അനിൽ മിശ്രയും ഗോപാൽ റാവുവും മറ്റും നരേന്ദ്ര മോദിയുടെ അടുത്ത ആൾക്കാർ എന്ന രീതിയിലാണ് ട്രസ്റ്റിൽ അംഗങ്ങളാകുന്നത്. പ്രധാനമന്ത്രി മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന (2014‐19) നൃപേന്ദ്ര മിശ്രയാണ് ക്ഷേത്ര നിർമാണത്തിന്റെ ചുമതല വഹിച്ചിരുന്നത്. ട്രസ്റ്റിന്റെ രൂപീകരണത്തിൽ അയോധ്യ നിവാസികൾക്കോ അവിടുത്തെ സന്യാസി സമൂഹത്തിനോ ഒരു പങ്കും ഉണ്ടായിരുന്നില്ല. ഇതിനെതിരെ വൻ വിമർശം ഉയർന്നപ്പോഴാണ് സന്യാസി സമൂഹത്തിന്റെ പ്രതിനിധിയായി ദിഗംബർ അഖാഡയിലെ നൃത്യഗോപാൽ ദാസിനെ ട്രസ്റ്റിന്റെ ചെയർമാനാക്കിയത്. അപ്പോഴും ബാബ്റി മസ്ജിദ് തകർക്കൽ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഉണ്ടായിരുന്ന ബജ്രംഗ് ദൾ നേതാവായിരുന്ന വിനയ് കത്യാറോ, നാല് വെടിയുണ്ടയേറ്റ സന്തോഷ് ദുബെയോ അതിൽ അംഗങ്ങളായിരുന്നില്ല. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലെ നഗീനയിൽ ബനിയ സമുദായത്തിൽപെട്ട ചമ്പത് റായിയെയാണ് ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായി നിയമിച്ചത്. ആർഎസ്എസ്സുമായി ചെറുപ്പത്തിലേ ബന്ധമുള്ള ഈ മുൻ ആധ്യാപകൻ പിന്നീട് വിഎച്ച്പിയിൽ നിയോഗിക്കപ്പെടുകയും ആ സംഘടനയുടെ വൈസ് പ്രസിഡന്റായി ഉയരുകയും ചെയ്‌തു. എന്നാൽ ബാബ്റി മസ്ജിദ് തകർക്കൽ പ്രസ്ഥാനവുമായി ഒരു ബന്ധവും ഇല്ലാത്തയാളാണ് ചമ്പത് റായി എന്നാണ് വിനയ് കത്യാറിന്റെ ആക്ഷേപം. അയോധ്യ നിവാസിയായ വിനയ് കത്യാർ രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രധാന മുഖമായിരുന്നു. അന്നത്തെ ബജ്രംഗ് ദൾ അധ്യക്ഷൻ എന്ന നിലയിൽ അദ്വാനിക്കും മുരളീ മനോഹർ ജോഷിക്കും ഉമാഭാരതിക്കുമൊപ്പം രാമക്ഷേത്ര മുദ്രാവാക്യം ഉയർത്തി ഹിന്ദുത്വ വർഗീയതയുടെ കൊടി പാറിച്ച പ്രധാന നേതാവാണ് കത്യാർ. വിഎച്ച്പി നേതാവും മോദിയുടെ പ്രതിയോഗിയുമായ പ്രവീൺ തൊഗാഡിയയെ അയോധ്യയിൽനിന്നും ഓടിക്കാനാണ് വിഎച്ച്‌പിക്കാരനായ ചമ്പത് റായിയെ കൊണ്ടുവന്നതെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അതായത്, ഇന്ന് ട്രസ്റ്റ് വിവാദച്ചുഴിയിൽ പെട്ടതിന് ഉത്തരം പറയേണ്ടത് മോദിയും അമിത് ഷായും മോഹൻ ഭാഗവതുമാണ്. എന്നാൽ മൂവരും മൗനവ്രതത്തിലാണ്. ക്ഷേത്രം കൊള്ളയടിക്കപ്പെട്ടിട്ടും ക്ഷേത്രസംരക്ഷകർ മൗനം പാലിക്കുമ്പോൾ അവർ ആരെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് പകൽ പോലെ വ്യക്തമാകുകയാണ്.
ട്രസ്റ്റിനെ സംബന്ധിച്ച സംശയങ്ങൾ പൊതുമണ്ഡലത്തിൽ വരുന്നത് സമാജ്‌വാദി പാർടി നേതാവും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് സിങ് യാദവിന്റെ എക്സിൽ എഴുതിയ കുറിപ്പിലൂടെയാണ്. രാമക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ച കോടിക്കണക്കിന് രൂപ കാണാനില്ലെന്നും ക്ഷേത്ര ട്രസ്റ്റിനെ സംബന്ധിച്ച് നാണക്കേടുണ്ടാക്കുന്ന സംഭവമാണെന്നും അതിനാൽ ജുഡീഷ്യറി സ്വമേധയാ ഈ വിഷയം ഏറ്റെടുക്കണമെന്നുമായിരുന്നു അഖിലേഷിന്റെ ആവശ്യം. ജൂൺ ഏഴിനാണ് ഈ പ്രതികരണം വന്നത്. ഇതിന് തൊട്ടുമുമ്പ് ഏഴരക്കോടിയോളം കാണിക്കപ്പണം വകമാറ്റിയെന്ന ആരോപണം സമാജ് വാദി പാർടിയുടെ മുൻ അയോധ്യ എംഎൽഎ പവൻ പാണ്ഡെ ആരോപിച്ചിരുന്നു. രജിസ്റ്ററിൽ കൃത്യമായി രേഖപ്പെടുത്താതെ സ്വർണത്തിന്റെയും വെള്ളിയുടെയും 10 പെട്ടികൾ നീക്കം ചെയ്‌തു എന്നും സംഭാവനകൾ എണ്ണി തിട്ടപ്പെടുത്തുന്ന മുറിയിലെ സിസിടിവികൾ അനധികൃതമായി നീക്കം ചെയ്‌തുവെന്നും പവൻ പാണ്ഡെ ആരോപിക്കുകയുണ്ടായി. തൊട്ടടുത്ത ദിവസം ചമ്പത് റായി ഈ ആരോപണം നിഷേധിച്ചു. ഇതോടൊപ്പം "ടോപ് സീക്രട്ട്’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ട്രസ്റ്റിന്റെ മുൻ അക്കൗണ്ട്സ് ഓഫീസർ മഹിപാൽ സിങ് മാധ്യമപ്രവർത്തകനായ അഭിഷേക് ഉപാധ്യയോട് പറഞ്ഞത് ഭക്തർ കാണിക്കയായി നൽകുന്ന സ്വർണാഭരണങ്ങളുടെ കൃത്യമായ റെക്കോഡുകൾ സൂക്ഷിക്കുന്നില്ലെന്നായിരുന്നു. ഒരു ഘട്ടത്തിൽ എട്ടുമാസത്തെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തതായും അദ്ദേഹം ആരോപിച്ചു. അയോധ്യയുടെ പൊതുമണ്ഡലത്തെ പിടിച്ചുകുലുക്കിയ അഭിമുഖമായിരുന്നു ഇത്. ജൂൺ ഒമ്പതിന് സംപ്രേഷണം ചെയ്‌ത ഈ വീഡിയോ യൂ ട്യൂബിൽ ഇപ്പോഴും ലഭ്യമാണ്. ക്രമക്കേടുകളെക്കുറിച്ച് ആധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും പകരം തന്നെ ജോലിയിൽനിന്നും പറഞ്ഞുവിട്ടുവെന്നും മഹിപാൽ സിങ് വെളിപ്പെടുത്തി. ഇതോടെയാണ് ജൂൺ 13ന് മൂന്നംഗ എസ്ഐടിക്ക് രൂപംനൽകുന്നത്. ലഖ്നൗ ഡിവിഷണൽ കമീഷണർ വിജയ് വിശ്വാസ് പന്ത് ആണ് തലവൻ. ലഖ്‌നൗ റേഞ്ച് ഐജി എസ് കിരൺ, ഫിനാൻസ് സ്‌പെഷൽ സെക്രട്ടറി നിലം കുമാർ എന്നിവരാണ് മറ്റംഗങ്ങൾ.
ജൂൺ 16‐നാണ് അദ്വാനിക്കൊപ്പം ബാബ്റി മസ്ജിദ് തകർത്ത കേസിൽ സിബിഐ പ്രതിചേർത്ത കർസേവകനായ സന്തോഷ് ദുബെ അയോധ്യ പൊലീസിൽ ഭണ്ഡാര കൊള്ളയെക്കുറിച്ച് പരാതി നൽകുന്നത്. ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു, ചമ്പത് റായിയുടെ വിശ്വസ്‌തനായ ഡ്രൈവർ രാമശങ്കർ യാദവ് എന്ന ടിന്നു യാദവ് എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി ജീവനക്കാരുമായി ഒത്തുകളിച്ചാണ് 200 കോടിയിലധികം രൂപ തട്ടിയെടുത്തതെന്നാണ് ദുബെയുടെ പരാതി. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഇവരെ നുണ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും ദുബെ ആവശ്യപ്പെട്ടു. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ളവർ അറിഞ്ഞുകൊണ്ടാണ് ഈ കൊള്ള നടക്കുന്നതെന്ന് "ഭാരത് സമാചാറി’ന് നൽകിയ അഭിമുഖത്തിൽ ദുബെ ആരോപിച്ചു. എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് മോദിയുമായി അടുത്ത ബന്ധമുള്ള നൃപേന്ദ്ര മിശ്ര ആയോധ്യയിൽ നടക്കുന്നത് കളവല്ല; കൊള്ളയാണെന്ന് വിശേഷിപ്പിച്ചതാണ്. പണം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ ആരുടെയും മേൽനോട്ടം ഇല്ലായിരുന്നുവെന്നും ട്രസ്റ്റിനോ ബന്ധപ്പെട്ട ബാങ്കിനോ റിപ്പോർട്ടുകൾ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ചമ്പത് റായി സത്യസന്ധതയുടെ മുഖംമൂടി നൽകിയ നൃപേന്ദ്ര മിശ്ര ട്രസ്റ്റ് പുനഃസംഘടിപ്പിക്കണമെന്നും ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ തിരുമല തിരുപ്പതി ദേവസ്ഥാനം മാതൃകയിൽ ക്ഷേത്ര നടത്തിപ്പിനായി സ്വയം ഭരണ സ്ഥാപനത്തിന് രൂപംനൽകണമന്നും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സ്വരച്ചേർച്ചയില്ലാത്ത വ്യക്തി കൂടിയായ മിശ്രയുടെ ആരോപണത്തിന് പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്ന് സംശയിക്കുന്നവരും കുറവല്ല. കളവിനും കൊള്ളയ്‌ക്കും കേസ് രജിസ്റ്റർ ചെയ്യാൻ വേണ്ടത്ര കാരണങ്ങൾ ഉണ്ടെന്ന് വിഎച്ച്പി രാജ്യാന്തര ആധ്യക്ഷൻ അലോക് വർമ അഭിപ്രായപ്പെട്ടതും പലരെയും അത്ഭുതപ്പെടുത്തി. തട്ടിപ്പ് നടത്തിയവർ ജയിലിലാകുംവരെ രാമഭക്തർക്ക് സമാധാനം ലഭിക്കില്ലെന്നും ചമ്പത് റായി ഉൾപ്പെടെയുള്ളവർക്കെതിരായ ആരോപണങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നും അലോക് കുമാർ ആവശ്യപ്പെടുകയുണ്ടായി. സ്ഥലത്തെ ബിജെപി നേതാവ് രജനീഷ് സിങ്ങും കാണിക്ക കൊള്ളയെക്കുറിച്ച് പ്രധാനമന്ത്രി കാര്യാലയത്തിന് പരാതി നൽകി. ഈ പരാതി പ്രധാനമന്ത്രി കാര്യാലയം ജില്ലാ ഭരണകൂടത്തിന് കൈമാറിയതോടെയാണ് തട്ടിപ്പ് വിവരം പുറത്തായതെന്ന നിരീക്ഷണവും ഉണ്ട്.
അയോധ്യയിലെ രാമക്ഷേത്രം നിർമാണ ഘട്ടത്തിൽ
സന്തോഷ് ദുബെ പരാതി നൽകിയ ദിവസം തന്നെ സ്ഥലത്തെ കോൺഗ്രസ് നേതാവ് ശരദ് ശുക്ലയും അയോധ്യ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഇവരുടെയൊന്നും പരാതിപ്രകാരമല്ല എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. ട്രസ്റ്റ് അംഗമായ കൃഷ്‌ണമോഹൻ നൽകിയ പരാതിയിലാണ് എഫ്ഐആർ എന്നതും വൻസ്രാവുകളെ രക്ഷിക്കാനാണെന്ന സംശയം ബലപ്പെടുത്തുന്നു.
ഉടൻ നീതി വേണമന്ന് ആവശ്യപ്പെടുന്ന "ബുൾഡോസർ ബാബ’ എന്ന ഖ്യാതിയുള്ള യോഗി ആദിത്യനാഥ് സർക്കാർ ആദ്യ ഘട്ടത്തിലൊന്നും എഫ്ഐആർ ഫയൽ ചെയ്യാൻ തയ്യാറായിരുന്നില്ല. പ്രതികൾക്ക് തെളിവുകൾ നശിപ്പിക്കാൻ അവസരം നൽകാനാണിതെന്നാന്ന് പൊതുവെയുള്ള ആക്ഷേപം. എസ്ഐടി രൂപീകരിച്ചശേഷം മാത്രമാണ് എഫ്ഐആർ ഫയൽ ചെയ്‌തത്. ഇതിന് മുമ്പ് ആദിത്യനാഥ് ക്ഷേത്രം സന്ദർശിച്ച് "ശ്രീരാമനെ വേദനിപ്പിക്കും വിധം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് എല്ലാ വിഭാഗം ജനങ്ങളും വിട്ടുനിൽക്കണമെന്ന്’ ആവശ്യപ്പെട്ടതും വിവാദത്തിന് കാരണമായി. ആദ്യഘട്ടത്തിൽ സംശയം ഉണർത്തിയ സന്യാസിമാർ ഉൾപ്പെടെ പലരും ഇതോടെ നിശ്ശബ്ദരായി.
എങ്കിലും ആരോപണങ്ങൾ ഒന്നൊന്നായി പുറത്തുവരാൻ തുടങ്ങി. മുഖ്യധാരാ മാധ്യമങ്ങളേക്കാൾ യൂട്യൂബർമാരും വെബ് പോർട്ടലുകളുമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തത്. ഇതിന്റെ ഫലമായി പകൽക്കൊള്ളയുടെ വിശദാംശങ്ങൾ പുറത്തുവരാൻ തുടങ്ങി. അവയിൽ ചിലത് താഴെ:
1. സിന്ധി വിഭാഗക്കാർ ക്ഷേത്രത്തിന് കാണിക്കയായി നൽകിയ ഒരു കിലോ വീതമുള്ള 200 വെള്ളി ഇഷ്ടികകൾ കാണാതായി. 2021 ജനുവരിയിൽ ചമ്പത് റായിയുടെ വശം നേരിട്ട് ഏൽപ്പിച്ച ഇഷ്ടികകളാണ് കാണാതായത്. എന്നാൽ ഇവർക്ക് രസീത് നൽകാൻ ചമ്പത് റായ് വിസമ്മതിച്ചുവെന്ന് ചടങ്ങിൽ പങ്കെടുത്ത രാജു വി മൻവാനി മാധ്യമങ്ങളോട് പറഞ്ഞു. 5 കോടിയുടേതാണ് ഈ ഇഷ്ടികകൾ.
2. ക്ഷേത്ര തറക്കല്ലിടൽ വേളയിലാണ് ജ്വല്ലേഴ്സ് അസോസിയേഷൻ 60 കിലോ വെള്ളിക്കട്ടികൾ ട്രസ്റ്റിന് നൽകിയത്. ട്രസ്റ്റ് അധികൃതർ നൽകിയ രസീത് അസോസിയേഷന്റെ കൈവശമുണ്ടെങ്കിലും വെള്ളിക്കട്ടികൾ ഇപ്പോൾ കാണാനില്ലെന്ന് അസോസിയേഷൻ ഭാരവാഹി അനുരാഗ് രസ്തോഗി പറഞ്ഞു.
3. ബാബ്റി മസ്ജിദ് പൊളിക്കൽ പ്രസ്ഥാനത്തിന്റെയും വിഎച്ച്പിയുടെയും നേതാവായ അശോക് സിംഗാളിന്റെ ആഹ്വാനമനുസരിച്ച് ക്ഷേത്രനിർമാണത്തിന് രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും ഇഷ്ടികകൾ ലഭിച്ചിരുന്നു. അതിൽ സ്വർണവും വെള്ളിയും രത്നങ്ങളും പതിച്ച 1250 അഷ്ടധാതു ഇഷ്ടികകളും അപ്രത്യക്ഷമായി. ഇതൊക്കെ അപ്രത്യക്ഷമായിട്ട് കുറച്ച് വർഷങ്ങളായി. എവിടെയാണെന്ന് ആർക്കും അറിയില്ല എന്നാണ് സന്തോഷ് ദുബെ വെബ് പോർട്ടലായ "ദ പ്രിന്റി’നോട് പ്രതികരിച്ചത്.
4. ശിവസേന (യുബിടി) നേതാവായ ഉദ്ധവ് താക്കറെ ഒരു കോടി രൂപയും 25 കിലോ വെള്ളി ഇഷ്ടികകളും നൽകിയെങ്കിലും ഇതുവരെയും രസീത് ലഭിച്ചില്ലെന്ന് പാർടി നേതാവായ സഞ്ജയ് റൗത്ത് ആരോപിച്ചു.
ക്ഷേത്ര ശ്രീകോവിലിന്റെ മുന്നിൽ 35 ഭണ്ഡാരങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. പ്രതിദിനം എട്ട് മുതൽ 13 ലക്ഷം രൂപവരെ വരവ് ലഭിക്കും. വിശേഷ ദിവസങ്ങളിൽ അരക്കോടി രൂപ വരെയും. ഭണ്ഡാരം നിറയുമ്പോൾ പണം പാത്രത്തിലേക്ക് മാറ്റി പ്രത്യേക വാഹനങ്ങളിൽ എണ്ണുന്ന മുറിയിലേക്ക് കൊണ്ടു പോകും. ക്ഷേത്ര ജീവനക്കാരും ബാങ്ക് ചുമതലപ്പെടുത്തിയവരും ചേർന്നാണ് ഈ തരംതിരിക്കലും എണ്ണലും. കറൻസി, നാണയങ്ങൾ, ആഭരണങ്ങൾ എന്നിങ്ങനെ തരംതിരിച്ചാണ് എണ്ണുക. രണ്ട് ഷിഫ്റ്റായാണ് പണം എണ്ണാറുള്ളത്. രാവിലെ എട്ടുമുതൽ ഉച്ചയ്‌ക്ക് രണ്ട് മണിവരെയും രണ്ട് മണിമുതൽ എട്ട് മണിവരെയും. ഷിഫ്റ്റ് സമയത്ത് കെട്ടിടം വിട്ടുപോകരുതെന്നാണ് വ്യവസ്ഥ. ശുചിമുറിയിലേക്ക് പോകാൻ അനുവാദമുണ്ട്. എണ്ണുന്ന വേളയിൽ മോഷ്ടിക്കുന്ന പണം ശുചിമുറിയിലാണ് ഇവർ ഒളിപ്പിച്ചുവെക്കാറ്. തണ്ടും തരവും നോക്കി ഈ പണം പിന്നീട് ക്ഷേത്രത്തിന് പുറത്ത് എത്തിക്കും. പണം എണ്ണി തിട്ടപ്പെടുത്തിയാൽ പ്രത്യേക പെട്ടികളിലാക്കി ബാങ്കിലേക്ക് മാറ്റും. എന്നാൽ ഈ രീതികൾ കാര്യക്ഷമമായി നടന്നില്ലെന്ന് കൊള്ളയുടെ വ്യാപ്തി വ്യക്തമാക്കുന്നു. എസ്ഐടി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉള്ളത്.
അപൂർണമായ രാമക്ഷേത്രത്തിൽ 2024ൽ മോദി പ്രാണപ്രതിഷ്ഠാ ചടങ്ങ് നടത്തിയപ്പോൾ
സാധാരണയിൽനിന്നും വ്യത്യസ്‌തമായി 500 രൂപയുടെ കെട്ടുകളുടെ കുറവാണ് സംശയം ഉളവാക്കിയത്. ഇതോടെയാണ് പണമെണ്ണുന്ന മുറിയിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചത്. രഹസ്യക്യാമറകളിലെ ഒരാഴ്‌ചത്തെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പണം എണ്ണുന്ന സംഘത്തിലെ ഒരാൾ ക്യാമറയുടെ കാഴ്‌ച മറയ്‌ക്കുന്ന രീതിയിൽ മുന്നിൽ നിൽക്കുന്നതായി കണ്ടെത്തി. ഈ സമയം കൂട്ടുപ്രതി നോട്ടുകെട്ടുകളിൽ നിന്നും പണം എടുത്ത് വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. കീശയുള്ള വസ്ത്രങ്ങൾ ധരിക്കരുതെന്ന ചട്ടവും കർക്കശമായി പാലിക്കപ്പെട്ടിരുന്നില്ല. മുറിയിലേക്ക് വരുമ്പോഴും പുറത്തു പോകുമ്പോഴും ദേഹപരിശോധന വേണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല. ഇതൊക്കെ ബോധപൂർവമായിരുന്നു എന്നു വേണം കരുതാൻ.
കവർച്ചയുടെ മറ്റൊരു രീതി പണം എണ്ണുന്ന ജീവനക്കാർ ഓരോ കെട്ടിലും യഥാർഥത്തിൽ വേണ്ടതിലധികം നോട്ടുകൾ ഉൾപ്പെടുത്തി കെട്ടുകൾ തയ്യാറാക്കും. പണം തിട്ടപ്പെടുത്തുമ്പോൾ ഓരോ കെട്ടിലുമുള്ള നോട്ടുകളുടെ എണ്ണം പരിശോധിക്കാതെ കെട്ടുകളുടെ എണ്ണം മാത്രം കണക്കാക്കി വൗച്ചർ തയ്യാറാക്കും. വാഹനത്തിൽ ബാങ്കിലേക്ക് പണം കൊണ്ടു പോകുമ്പോൾ ഓരോ കെട്ടിലുമുള്ള അധികനോട്ടുകൾ ഈ സംഘം രഹസ്യമായി എടുത്തുമാറ്റും. മോദി പ്രാണപ്രതിഷ്ഠ നടത്തി ഭക്തർക്കായി തുറന്നുകൊടുത്തതുമുതൽ ഈ കൊള്ള സംഘം പ്രവർത്തിക്കുന്നുണ്ട്. ഈ വർഷം ഏപ്രിൽ 24 മുതൽ ജൂൺ അഞ്ച് വരെയുള്ള സിസിടിവി ദൃശ്യങ്ങളിൽനിന്നു മാത്രം 70 മോഷണങ്ങൾ കണ്ടെത്തുകയുണ്ടായി.
എണ്ണി തിട്ടപ്പെടുത്തുന്ന ടീമിൽപെട്ട ക്ഷേത്ര ജീവനക്കാരൊക്കെ വരവിൽ കവിഞ്ഞ സമ്പത്ത് നേടിയത് അവരുടെ നാട്ടിൽ സംസാരവിഷയമാണെങ്കിലും ക്ഷേത്ര ട്രസ്റ്റ് ഇത് കണ്ടില്ലെന്ന് നടിച്ചു. ക്ഷേത്ര ഭണ്ഡാരത്തിലെ സംഭാവനകൾ എണ്ണി തിട്ടപ്പെടുത്തുന്ന ടീമിൽ ഉൾപ്പെട്ടവരാണ് ട്രസ്റ്റംഗം അനിൽ മിശ്രയുടെ ബന്ധുക്കളായ അനുകൽപ് മിശ്രയും ലവകുശ് മിശ്രയും. ഇവർക്ക് 12,000 മുതൽ 15,000 രൂപവരെയാണ് ക്ഷേത്രത്തിൽനിന്നും ശമ്പളം ലഭിച്ചിരുന്നത്. എന്നാൽ ഇവർ സമ്പാദിച്ചുകൂട്ടിയ സ്വത്തുക്കളുടെ മൂല്യവുമായി പൊരുത്തപ്പെടുന്നതല്ല അവർക്ക് ലഭിക്കുന്ന തുഛമായ ശമ്പളം. അയോധ്യയിൽനിന്ന് 40 കിലോമീറ്റർ അകലെയുള്ള മിൽക്കിപൂരിലെ ബസാവൻ ഗ്രാമത്തിൽ 2026 മാർച്ച് -‐ ഏപ്രിൽ മാസങ്ങളിലായി നടന്ന രണ്ട് ഭാഗവത കഥാ ചടങ്ങുകൾ ആ നാട്ടിൽ വലിയ ചർച്ചയായതായി അനുകൽപ് മിശ്രയുടെ വീട് സന്ദർശിച്ച മാധ്യമപ്രവർത്തക ആകാൻഷാ കുമാർ "ദ വയറി’ൽ റിപ്പോർട്ട് ചെയ്യുകയുണ്ടായി. സാധാരണക്കാർ വർഷങ്ങളോളം സ്വരുക്കൂട്ടുന്ന സമ്പാദ്യംകൊണ്ട് നടത്തുന്ന വലിയ തുക ചെലവ് വരുന്ന ഭാഗവത സപ്താഹം 19 വയസ്സുകാരനായ അനുകൽപ് മിശ്ര ഒറ്റയ്‌ക്ക് നടത്തിയതാണ് ഗ്രാമീണരെ അത്ഭുതപ്പെടുത്തിയത്. അയോധ്യയിലെ കൗശൽ പുരി കോളനിയിൽ 65 ലക്ഷം രൂപ വിലമതിക്കുന്ന ഭൂസ്വത്തും വീടും അനുകൽപ് അടുത്തയിടെ വാങ്ങിയതായി എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തുകയുണ്ടായി. ആറുമാസം മുമ്പ് സ്വിഫ്റ്റ് ഡിസയർ കാറും അനുകൽപ് മിശ്ര വാങ്ങി. ഇതൊക്കെ നാട്ടിൽ വലിയ ചർച്ചയാണെന്ന് ആകാൻഷാ കുമാർ റിപ്പോർട്ട് ചെയ്‌തു.
1992 ഡിസംബർ അഞ്ചിന് ബാബറി മസ്‌ജിദ് തകർക്കാനായി അയോധ്യയിൽ
ഒത്തുചേർന്ന കർസേവകർ
അതുപോലെ തന്നെ ലവകുശ് മിശ്രയുടെ വീട് തേടി ഇതേ ലേഖിക പോയപ്പോൾ അവരെ എതിരേറ്റ ചോദ്യം, "ചാണകത്തിൽ പണം ഒളിപ്പിച്ചുവെച്ച ആളുടെ വീടാണോ’ അറിയേണ്ടത് എന്നായിരുന്നു. അയോധ്യ നഗരത്തിൽനിന്നും 60 കിലോമീറ്റർ അകലെ മീനാപൂർ ഫഗൗലി ഗ്രാമത്തിലാണ് ലവ് കുശിന്റെ വീട്. ലവ്കുശിന്റെ വീട്ടിൽനിന്നും അന്വേഷണസംഘം 10 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഈ പണം വീടിനുള്ളിലെ ഒരു പെട്ടിയിൽനിന്നും പുറത്തെ ചാണകവരടിക്കുള്ളിൽനിന്നുമാണ് കണ്ടെടുത്തത് എന്നാണ് "ദൈനിക് ഭാസ്‌കർ’ എന്ന ഹിന്ദി ദിനപത്രം റിപ്പോർട്ട് ചെയ്‌തത്.
എന്നാൽ ചമ്പത് റായിയുടെ അടുത്ത അനുയായിയും ഡ്രൈവറുമായ രമാശങ്കർ യാദവ് എന്ന ടിന്നു യാദവാണ് വിവാദനായകൻ. ചായക്കടക്കാരന്റെ മകനായി ജനിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായി ജീവിതം ആരംഭിച്ച ഇയാൾക്ക് 50 കോടിയിലേറെ രൂപയുടെ റിയൽ എസ്റ്റേറ്റ് നിക്ഷേപമുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. അയോധ്യയിൽ 24 മുറിയുള്ള ഒരു ഹോട്ടലും 14 മുറിയുള്ള മറ്റൊരു ഹോട്ടലും ഇയാൾക്കുണ്ട്. കിഴക്കൻ യുപിയിലെ ബസ്‌തി ജില്ലയിൽ 14 ഏക്കർ കൃഷിയിടവും ലഖ്നൗവിൽ ആഡംബര വീടും ടിന്നുവിനുണ്ട്. നാല് എസ്‌യുവികളും സ്വന്തമായുണ്ട്. ക്ഷേത്ര ട്രസ്റ്റിനായി ഓടുന്ന ടാക്സികളും ഇതാണ്. ചമ്പത് റായിയുടെ വലംകൈയെന്ന നിലയിൽ ക്ഷേത്രത്തിൽ പൂർണ സ്വാതന്ത്ര്യം ഇയാൾക്കുണ്ടായിരുന്നു. ഭണ്ഡാരപ്പെട്ടിയുടെ താക്കോൽ പോലും ഇയാളാണ് കൈവശം വെച്ചിരുന്നത്. അത് എസ്ഐടി കണ്ടെത്തുകയും ചെയ്‌തു. ടിന്നുവിന്റെ ശുപാർശയനുസരിച്ച് മരുമകൻ മനീഷ് യാദവിനെ പണം എണ്ണി തിട്ടപ്പെടുത്തുന്ന സംഘത്തിൽ ചമ്പത് റായി നിയമിക്കുകയും ചെയ്‌തു.
അയോധ്യ നിവാസികളും സന്യാസി സമൂഹവും ഇതൊക്കെ കാണുന്നുണ്ടായിരുന്നു. എങ്ങനെയാണ് ക്ഷേത്രജീവനക്കാർ പെട്ടെന്ന് സമ്പന്നരാകുന്നത് എന്ന ചർച്ച അവർ നടത്തിയിരുന്നു. പലരും ചമ്പത് റായിയുടെയും ആർഎസ്എസു കാരുടെയും ശ്രദ്ധയിൽ ഇത് പെടുത്തിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ട്രസ്റ്റി അംഗങ്ങൾ അറിഞ്ഞാണ് ഈ കൊള്ളയെന്ന് സന്തോഷ് ദുബെയും വിനയ് കത്യാറും ബ്രിജ് ഭൂഷൺ ശരൺ സിങ്ങും മറ്റും സംശയിക്കാൻ കാരണവും ഇതാണ്. "സത്യം പറഞ്ഞാൽ ഞാൻ വലിയ പ്രശ്നത്തിലാകും. കാരണം, വലിയ രാഷ്ട്രീയ സ്വാധീനമുള്ളവരാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന്’ വനിതാ ഗുസ്‌തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിട്ട ബിജെപി മുൻ എംപി ബ്രിജ് ഭൂഷൻ ശരൺ സിങ് വെബ്പോർട്ടലായ "ദ പ്രിന്റി’നോട് പറഞ്ഞു. അയോധ്യയിലെ ഇൻഫർമേഷൻ വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ മുരളിധർ സിങ് സുതാര്യവും നിഷ്‌പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്‌തു. "ട്രസ്റ്റ് എന്ന് പറഞ്ഞാൽ തന്നെ വിശ്വാസമാണ്. എന്നാൽ കാണിക്ക കൊള്ളയിലൂടെ ആ വിശ്വാസമാണ് നഷ്ടമായതെന്ന്’ അയോധ്യയിലെ പ്രമുഖ സന്യാസിമാരിലൊരാളായ ധരംദാസ് പറഞ്ഞു. ട്രസ്റ്റിലെ എല്ലാ അംഗങ്ങളും കൊള്ളയിൽ പങ്കാളികളാണെന്നും അതിനാൽ ട്രസ്റ്റ് പിരിച്ചുവിടണമെന്നും മറ്റൊരു വെബ് പോർട്ടലായ "ദ സ്ക്രോളി’നോട് സംസാരിക്കവെ ധരം ദാസ് പറഞ്ഞു. ധരം ദാസിന്റെ ഗുരുവായ ബാബ അഭിറാം ദാസാണ് 1949 ഡിസംബർ 22ന് അർധരാത്രിയിൽ രാമവിഗ്രഹം ബാബ്റി മസ്ജിദിലേക്ക് ഒളിച്ചു കടത്തിയത്. ശ്രീരാമ ഭഗവാൻ എല്ലാം കാണുന്നുണ്ടെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും ഉറച്ചു വിശ്വസിക്കുകയാണ് ദിഗംബർ അഖാഡയിലെ കമൽ നാരായൺ ദാസ്. ചമ്പത് റായി സംഘടനയ്‌ക്കും അതിലെ മേലാളർക്കും വേണ്ടിയാണ് കൊള്ള നടത്തിയതെന്നാണ് ജൂന അഖാഡയിലെ നർസിംഗാനന്ദ ഗിരിയുടെ അഭിപ്രായം. അതായത്, ചമ്പത് റായിയും അനിൽ മിശ്രയും ഗോപാൽ റാവുവും ഉൾപ്പെടെ കുറ്റക്കാരാണെന്നും അവരെക്കൂടി നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നുമാണ് പൊതുവെയുള്ള അഭിപ്രായം.
എന്നാൽ മോദിക്കും ഭാഗവതിനും ഒരുപോലെ വേണ്ടപ്പെട്ടവരെ ഒഴിവാക്കി എട്ട് ക്ഷേത്ര ജീവനക്കാരുടെ പേരുകൾ മാത്രമാണ് ഇപ്പോൾ പ്രതിപ്പട്ടികയിൽ ഉള്ളത്. ടിന്നു യാദവ്, മനീഷ് യാദവ്, സുഭാഷ് ശ്രീവാസ്‌തവ, അനുകൽപ് മിശ്ര, ലവ്കുശ് മിശ്ര, അവിനാഷ് ശുക്ല, കരുണേഷ് പാണ്ഡെ, രാം ശങ്കർ മിശ്ര എന്നിവരാണ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ളത്. ക്ഷേത്ര ജീവനക്കാരെ മാത്രം ശിക്ഷിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത യഥാർഥ പ്രതികളെ മോദി സർക്കാരും യോഗി സർക്കാരും ഒരു പോലെ രക്ഷിക്കുകയാണെന്ന് ജ്യോതിർ മഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദയും സന്തോഷ് ദുബെയും മറ്റും ആരോപിക്കുന്നു.
രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നേരത്തെ ഉയർന്ന ആഴിമതി ആരോപണങ്ങളിൽ നടപടി സ്വീകരിക്കാത്തതാണ് തീവെട്ടി കൊള്ളയ്‌ക്ക് അവസരമൊരുക്കിയതെന്നാണ് പൊതുവെയുള്ള അഭിപ്രായം. ബാബ്റി മസ്ജിദ് തകർക്കൽ പ്രസ്ഥാനം ജനിച്ചുവീണത് തന്നെ അഴിമതിക്കയത്തിലാണ്. രാമാനന്ദി വിഭാഗം സന്യാസി സമൂഹമായ നിർമോഹി അഖാഡ വർഷങ്ങൾക്ക് മുമ്പ് തന്നെ വിഎച്ച്പിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. 1980‐കളുടെ അവസാനവും 1990‐കളിൽ ആദ്യ ഘട്ടത്തിലുമായി ലോകത്തെമ്പാടുനിന്നുമായി പിരിച്ചെടുത്ത 1400 കോടി രൂപ വിഴുങ്ങിയതായി മഹന്ത് സീതാറാം ആരോപിക്കുകയുണ്ടായി. രാമക്ഷേത്ര ശിലാപൂജൻ വേളയിൽ ശേഖരിച്ച ഇഷ്ടികകൾക്കും പിരിച്ചെടുത്ത പണത്തിനും ഒരു കണക്കും ഇല്ലെന്ന ആക്ഷേപവും നിർമോഹി അഖാഡ ഉയർത്തുകയുണ്ടായി. എന്നാൽ സുപ്രീം കോടതി വിധിക്ക് ശേഷം അയോധ്യയിൽ രാമക്ഷേത്ര നിർമാണം ആരംഭിക്കുന്ന വേളയിൽ അയോധ്യയിൽ നടത്തിയ ഭൂമി ഇടപാടും വൻ അഴിമതിക്ക് കാരണമായി. ക്ഷേത്ര ട്രസ്റ്റും ചമ്പത് റായിയും ആരോപണവിധേയരായി. മാർക്കറ്റ് വിലയുടെ 17ഉം 20ഉം ഇരട്ടി വില നൽകി ട്രസ്റ്റ് ഭൂമി വാങ്ങിയത് അഴിമതിയാണെന്ന് ആരോപണമുയർന്നു. മൂന്നു കോടി മാത്രം കമ്പോള വിലയുള്ള ഭൂമി 24 കോടിക്ക് വാങ്ങിയെന്നും ഒമ്പത് കോടി വിലയുള്ള ഭൂമി 55 കോടി രൂപ നൽകി വാങ്ങിയെന്നും അവകാശ തർക്കമുള്ള ഭൂമിപോലും ഇത്തരത്തിൽ വാങ്ങിയെന്നും ആരോപണമുയർന്നു.
റിയൽ എസ്റ്റേറ്റുകാർ റെയിൽവെ സ്റ്റേഷനടുത്ത് രണ്ട് കോടിക്ക് വാങ്ങിയ ഭൂമി അതേദിവസം 18.5 കോടി രൂപയ്‌ക്ക് വാങ്ങിയെന്ന ആരോപണംപോലും ഉയരുകയുണ്ടായി. ഒറ്റ ദിവസം ഭൂമിക്ക് 16.5 കോടി രൂപ വർധിച്ചത് എങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ട്രസ്റ്റ് തയ്യാറായിട്ടില്ല.
അതായത്, ബാബ്റി മസ്ജിദ് തകർക്കൽ പ്രസ്ഥാനം ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഇതിൽ നിന്നും വിശ്വാസികളെ വഞ്ചിച്ച് നേടുന്ന പണം രാഷ്ട്രീയ വളർച്ചയ്‌ക്കായാണ് അവർ ഉപയോഗിച്ചത്. വിശ്വാസം എന്ന് പറയുന്നത് ആർഎസ്എസിനും ബിജെപിക്കും എടിഎം ആണ്. വോട്ടും പണവും ലഭ്യമാകുന്ന എടിഎം. ഈ സത്യം വിശ്വാസികൾ തിരിച്ചറിഞ്ഞാൽ അയോധ്യയിലെ കാണിക്ക കുംഭകോണം അഖിലേഷ് യാദവ് പറഞ്ഞതുപോലെ ബിജെപിയുടെ ലങ്കാദഹനമായി മാറും. 2024ൽ അയോധ്യ ബിജെപിക്കെതിരെ വിധിയെഴുതിയെങ്കിൽ അടുത്ത വർഷം ഉത്തർപ്രദേശും അവർക്കെതിരെ വിധിയെഴുതും. അങ്ങനെ സംഭവിച്ചാൽ ബിജെ പിയുടെ തകർച്ചയുടെ ആരംഭമായിരിക്കും അത്.











0 comments