കവർസ്റ്റോറി
കനാൽ സന്ദേശം

പി അജിത് കുമാർ
Published on Jul 13, 2026, 10:42 AM | 11 min read
വെള്ളത്തിൽ പൊങ്ങിയൊഴുകിപ്പോയ മരത്തടിയാവാം ജലയാത്രയുടെ ആദ്യകാഴ്‌ച; യാത്രയുടെ ബീജം. ആ കാഴ്‌ചയുടെ ഉൾക്കാഴ്‌ചയാൽ വലിയ മരത്തടിയുടെ ഉൾഭാഗം കത്തിച്ച് പൊള്ളയാക്കി, അതിൽ കയറിയിരുന്നായിരുന്നു മനുഷ്യരുടെ ആദ്യത്തെ ജലയാത്ര. ജലമാർഗത്തിൽ അക്കരകളിലേക്ക് മാത്രമല്ല, അക്കരപ്പച്ചകളിലേക്കും അവർ യാത്രചെയ്‌തു. അതെല്ലാം ഒഴുക്കിന്റെ ഭാഗമായിട്ടായിരുന്നു, നദികളിലൂടെ.
നദികളിലൂടെയല്ലാതെ യാത്രയ്‌ക്കായി ലോകത്തിൽ ആദ്യത്തെ കനാൽ വെട്ടുന്നത് ഈജിപ്തിലെ ഫറോവമാരാണ്. ചെങ്കടലിനെ മെഡിറ്ററേനിയൻ കടലുമായി ചേർക്കാനായിരുന്നു അവരുടെ ശ്രമം. ആ കടലുകൾ തമ്മിൽ നേരിട്ടല്ല, മെഡിറ്ററേനിയനിൽ ചേരുന്ന നൈൽനദിയിൽനിന്നും പുറപ്പെട്ട് ചെങ്കടലിൽ എത്തുന്ന കനാൽ; അതായിരുന്നു ഫറോവ കനാൽ. പക്ഷെ, ചെങ്കടലിൽനിന്ന് ഉപ്പുവെള്ളം കയറി നൈൽഡെൽറ്റയിലെ കൃഷി നശിച്ചുപോയി. അപ്പോൾ, ഗണിതത്തിലും ഹൈഡ്രോളിക്‌സിലും അദ്വിതീയരായിരുന്ന ഗ്രീക്ക് ശാസ്‌ത്രജ്ഞന്മാർ നാവിഗേഷൻ ലോക്ക് അഥവാ വാട്ടർ ലോക്ക് കണ്ടുപിടിച്ചു. ഓരുവെള്ളക്കയറ്റം തടയുന്നതിന് മാത്രമല്ല ജലപാതയിലൂടെ ഉയരങ്ങൾതാണ്ടി യാത്രചെയ്യാനും, അതേവഴിയിലൂടെ സുരക്ഷിതമായി ഇറങ്ങിവരാനും ലോക്കുകൾ ആവശ്യമായി. അതോടെ എപ്പോൾ വേണമെങ്കിലും പൂട്ടിവെക്കാനും തുറന്നുവിടാനും പറ്റുന്ന ഒരു വളർത്തുമൃഗമായി കനാലിലെ വെള്ളം മാറി. ക്രി.മു. മൂന്നാം നൂറ്റാണ്ടിലെ ആ കണ്ടുപിടുത്തം ജലയാത്രയിലെ നാഴികക്കല്ലായി.
തൃക്കുന്നപ്പുഴ ലോക്ക്
പ്രകൃതിയിലും സമൂഹത്തിലും വരുന്ന ഏതു ചെറിയ മാറ്റത്തേയും ഭാഷയിലേക്ക് കവിത പകർത്തിവെക്കുന്നു. പുരാതന കനാലുകളെ സംബന്ധിച്ച് കവിതകൾ അധികമൊന്നും വന്നിട്ടില്ലെങ്കിലും ക്രി.വ. ഒന്നാം നൂറ്റാണ്ടിൽ പേർഷ്യൻ കവി നസീർ ഖുസ്രോ ഗ്രാൻഡ് കനാൽ തുറന്നുവിടാൻ യാത്രചെയ്‌തപ്പോൾ എഴുതിയ കവിതയിൽ പറയുന്നു:
Riding forth to open the canal, with waterwheels turning,
Countless channels irrigate the green
from desert thirst.
The Nile's lifeblood flows
through veins of earth renewed,
A miracle of water
where abundance
meets the sand[1]
ഒഴുക്കിനൊപ്പമുള്ള കവിതകൾ അധികമൊന്നും ഇല്ലെങ്കിലും ജലപാതയിൽ ലോക്കുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ കവിതകളും വന്നുതുടങ്ങി; കനാൽ കവികളും ജലകവികളും ഉണ്ടായി! പതിനാറാം നൂറ്റാണ്ടിൽ W Vallans എഴുതിയ Tales of the Two Swannes എന്ന കവിതയിലെത്തി, ഒരു വാട്ടർ ലോക്ക്:
But newly made, a water worke:
the locke
Through which the boates of
Ware doe passe with malt.
This locke containes
two double doores of wood,
Within the same a Cesterne all of Plancke,
Which only fils when boates
come there to passe
By opening of these mightie dores
with sleight,
And strange devise,
but now decayed sore. [2]
ആ നൂറ്റാണ്ടിൽത്തന്നെ, ലോക്ക് സ്ഥാപിച്ച ഒരു നദിയിലൂടെ യാത്രചെയ്യുമ്പോൾ ജലകവി (Water Poet) ജോൺ ടെയ്ലർ, “ആരാണയാൾക്ക് നദിയെ തടഞ്ഞുവെക്കാൻ അധികാരം കൊടുത്തത്?” എന്ന് രോഷത്തോടെ ചോദിക്കുമ്പോൾ, ആ ചോദ്യം ആദ്യത്തെ പരിസ്ഥിതി കവിതയായി മാറുകയാണ്:
“Haules Weare doth almost
crosse the river all
Making the passage
straight and very small
How can that man be counted
a good liver
That for his private use
will stop a river[3]”
യൂറോപ്പിൽ പൊതുവേയും ഇംഗ്ലണ്ടിലും ഫ്രാൻസിലും പ്രത്യേകിച്ചും കനാൽ പനി പടർന്നുപിടിച്ച കാലമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്. നീരാവി എൻജിൻ വന്നതോടെ സ്റ്റീമറുകളിൽനിന്നും ഉയർന്ന പുകച്ചുരുളുകൾ ഗ്രാമാന്തരങ്ങളിലെ ആകാശത്തും നിറഞ്ഞു. വടക്കൻ ഫ്രാൻസിലെ Somme കനാലിലൂടെ യാത്രചെയ്യവേ ഒരു രാത്രി തങ്ങേണ്ടിവന്ന കനാൽക്കരയെക്കുറിച്ച് Jean-Pierre Lang എഴുതി:
“When you're a canal,
you stop at the locks
To hear the sailors shouting as they amuse themselves.
And the girls waltzing have those throaty laughs
That make men fall redder than forges.
And the next morning, you carry on your back
Their barges weighed down with new memories”[4].
നാവിഗേഷൻ കനാലുകൾകൊണ്ട് തുന്നിച്ചേർത്ത രാഷ്‌ട്രമാണ് നെതർലൻഡ്‌സ്. ജലപ്രകൃതിയിലെ സാമ്യത്താൽ കുട്ടനാടിനെ കേരളത്തിലെ നെതർലൻഡ്‌സ് എന്ന് വിളിക്കാറുണ്ട്. Temple of the Sea എന്ന കവിതയിൽ ഡച്ച് കവി Hendrik Marsman, ആകാശം വീണലിഞ്ഞുകിടക്കുന്ന, നെതർലൻഡ്‌സിലെ ശാന്തമായ ഒരു കനാലിനെ വരച്ചിടുന്നു:
Yet in the canal's calm vein,
A barge drifts slow 'neath willow shade,
Mirroring spires
and endless sky,
Where earth and water
gently trade.”[5]
മുതലപ്പൊഴി
ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടുമ്പോൾ ഒരു ജലപാതാ കനാൽപോലും അമേരിക്കയിൽ ഉണ്ടായിരുന്നില്ല. പക്ഷെ അവർ അതിവേഗം കനാലുകൾ നിർമിച്ചു. അതിൽ പ്രധാനപ്പെട്ടതാണ് ഈറി കനാൽ. ഈറി തടാകത്തിൽനിന്നും ഹഡ്സൺ നദിയിലേക്ക് വെട്ടിയ ആ കനാലാണ് പത്തൊൻപതാം നൂറ്റാണ്ടിൽ ന്യൂയോർക്ക് എന്ന ലോകത്തിലെ ഏറ്റവും വലിയ വാണിജ്യനഗരത്തെ പടുത്തുയർത്തിയത്. നാലടി മാത്രം ആഴമുണ്ടായിരുന്ന ആ കനാലിൽ കാർഗോ കയറ്റിയെത്തുന്ന തോണികളെ കനാൽക്കരയിലെ ടോ പാത്തിലൂടെ നടന്ന കോവർകഴുതകളാണ് വലിച്ചുകൊണ്ടുപോയിരുന്നത്. അവയുടെ കുളമ്പടിയുടെ താളത്തിൽനിന്ന് ഒരു ഫോക്ക് ഗാനം പിറന്നു: "Low Bridge, Everybody Down…” “താഴ്‌ന്ന പാലം വരുന്നു, തലകുനിച്ചോളിൻ” എന്ന വരികൾ ‘കനാലുകൾ റോഡുകൾക്കുമുന്നിൽ തലകുനിക്കേണ്ടിവരും’ എന്ന ദുരന്തപ്രവചനം കൂടിയായി. ‘കുങ്കുമത്തിന്റെ ഗന്ധമറിയാത്ത ഗർദ്ദഭത്തെ’, എക്കാലത്തും പരിഹാസത്തിന്റെ ചുമടുമായി നീങ്ങിയ ആ സാധുമൃഗത്തെ, പ്രകീർത്തിച്ച് തോമസ് എസ് അലൻ (Thomas S Allen) 1905ൽ എഴുതിയ ആ ഗാനത്തിന്റെ പതിപ്പുകൾ ഇന്നും ഇറങ്ങുന്നു! പാട്ടിലെ ചില വരികൾ:
I’ve got an old mule
and her name is Sal,
Fifteen years
on the Erie Canal.
She’s a good old worker
and a good old pal,
Fifteen years on the Erie Canal.
We’ve hauled
some barges in our day,
Filled with lumber, coal
and hay.
And ev’ry inch of the way
I know,
From Albany to Buffalo.
She’s a perfect, perfect lady, and she blushes like a gal,
If she hears you sing about her and the Erie Canal. [6]
I have a mule her name is Sal എന്നുതുടങ്ങി, അവസാനത്തെ കോറസിൽ “നിങ്ങളിങ്ങനെ പ്രശംസിക്കുമ്പോൾ അവൾ നാണംകൊണ്ട് ചുവക്കും” എന്ന് പാടി ആ ഗാനം ഗിറ്റാറിന്റെ കമ്പികളുണർത്തുന്ന നാദധ്വനിയിൽ ലയിക്കുന്നു.
ഭാരതത്തിൽ നാവിഗേഷൻ കനാലുകൾ കുറവാണ്. പതിനാലാം നൂറ്റാണ്ടിൽ ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലത്താണ് ജലസേചനത്തിനും യാത്രയ്‌ക്കും ഉപകരിക്കുന്ന തരത്തിലുള്ള കനാലുകൾ വെട്ടുന്നത്. സിന്ധുനദിയേയും അതിൽ ചേരുന്ന നദികളെയും എല്ലാം ചേർത്തുകൊണ്ടായിരുന്നു, പിൽക്കാലത്ത് ദില്ലിവരെയെത്തിയ കനാൽ ശൃംഖലയുടെ തുടക്കം. പക്ഷെ, ബംഗാളിലെ കനാലുകൾ അത്തരത്തിലുള്ളവ ആയിരുന്നില്ല. അവിഭക്ത ബംഗാളിൽ ജലായാത്രയ്‌ക്ക് മാത്രമായി വെട്ടിയ കനാലുകളുണ്ട്. കിഴക്കൻ ബംഗാളിൽനിന്നും സുന്ദർബൻ ഡെൽറ്റയിൽനിന്നും കനാലുകൾ കോർത്തുനെയ്‌ത നൂലിലൂടെ തോണികൾ കൊൽക്കത്ത ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു. ബംഗാളിലെ നദികളിലൂടെയുള്ള യാത്രകളെ ധ്യാനിച്ച് ജീവാനന്ദദാസ് എഴുതിയ ‘രൂപോഷി ബംഗ്ലാ’ എന്ന കവിതയിലെ ചില വരികൾ:
ഞാനിനിയും ബംഗാളിലെത്തും
ജലംഗിയുടെ കരയിൽ
മനുഷ്യനായിത്തന്നെ
ആയിരിക്കണമെന്നില്ല
ഒരു തത്ത, അതല്ലെങ്കിൽ
വെള്ളപ്പരുന്ത്
അതുമല്ലെങ്കിൽ
ശരത്കാലപ്പുലരിയിൽ
പുന്നെല്ലുകൊത്താനെത്തുന്ന
ഒരു കാക്ക
സംഘകാല തമിഴ് സാഹിത്യത്തിൽ ജലയാത്രയുടെ പ്രസ്‌താവങ്ങളുണ്ട്. മലൈത്താരമായ കുരുമുളക് കയറ്റിക്കൊണ്ടുപോയി അതിനു പ്രതിഫലമായി കടൽത്താരമായ വെള്ളിനാണയങ്ങളും കൊണ്ട് തീരമണയുന്ന കഴിത്തോണികളുടെ ശബ്ദഘോഷത്താൽ മുസിരിസ് തുറമുഖം ‘എപ്പോഴും മുഴങ്ങുന്ന ഒരു ശംഖ്’ ആണെന്ന് തോന്നിപ്പോകും എന്ന് പുറനാനൂറിലെ ഈ ശ്ലോകം (പുറം 343) പറയുന്നു:
കഴിത്തോണിയാൽ കരൈ ശേർക്കുന്തു
മലൈത്താരമും കടൽത്താരമും
തലൈ പെയ്‌തു വരുനാർക്കു ഈയും
പുലൈങ്കള്ളിൻ പൊലന്താർ കുട്ടുവൻ
മുഴങ്കു കടൽ മുഴാവിൻ മുസിരിയന
മലയാളത്തിലെ പല സന്ദേശകാവ്യങ്ങളിലും അക്കാലത്തെ ജലപാതകളുടെ വിവരണങ്ങളുണ്ട്. യാത്രചെയ്യുമ്പോഴാണല്ലോ കാഴ്‌ചകൾ മാറിമാറി വരുന്നത്. അവയാണല്ലോ കവിതയിലെത്തുന്നത്. ഈ കാവ്യങ്ങളിൽ അവതരിപ്പിക്കുന്ന സന്ദേശവാഹകരിൽ മനുഷ്യർ കുറവാണ്; ശുകം, പികം, ഭൃംഗം, ഹംസം എന്നിങ്ങനെ പക്ഷികളും ഷഡ്‌പദങ്ങളും ആണ്. ഒരാളുടെ വിരഹിയായ ഭാര്യ/കാമുകിയെത്തേടി സന്ദേശവാഹകൻ പോകുന്നതാണ് സ്ഥിരം പാറ്റേൺ. വണ്ടും തത്തയും എല്ലാം ഇവ്വിധം സന്ദേശവുമായി യാത്രപോവുകയാണ്. ഇങ്ങനെ താഴ്‌ന്ന വിതാനത്തിൽ പറന്നും മൂളിയും നടക്കുന്ന ശുകപികഭൃംഗാദികൾക്ക് മുകളിൽ എത്തിപ്പിടിക്കാൻ വയ്യാത്ത ഉയരത്തിൽ കാളിദാസനുണ്ട്, മേഘത്തിൽ! ‘മേഘസന്ദേശ’ത്തെ അനുകരിച്ചെഴുതിയവ ആണെങ്കിലും മലയാളികളായ സന്ദേശവാഹകരാകട്ടെ, പോകുന്നത് ജലപാതയിലൂടെയാണ്. അങ്ങനെ വാമൊഴിയായും വരമൊഴിയായും തലമുറകൾ കൈമാറി കൈമാറി വരുന്ന സന്ദേശകാവ്യങ്ങളിൽ സന്ദേശഹരർ നടന്നും നീന്തിയും പറന്നും എല്ലാം യാത്ര ചെയ്യവേ കാണുന്ന ജലപാതകളുടെ നേർക്കാഴ്‌ചയുടെ വിവരണവുമുണ്ട്. അങ്ങനെ സന്ദേശകാവ്യങ്ങളിൽനിന്ന് അക്കാലങ്ങളിലെ ജലപാതകളുടെ ഭൂപടം ഊറ്റിയെടുക്കാൻ നമുക്ക് കഴിയുന്നു.
അഷ്ടമുടിക്കായൽ
ആരെഴുതി എന്നറിയില്ലെങ്കിലും, പതിനാലാം നൂറ്റാണ്ടിലാണ് ‘ഉണ്ണുനീലി സന്ദേശം’ എന്ന കാവ്യം ചമയ്‌ക്കപ്പെട്ടത് എന്നുകരുതുന്നു. ‘മേഘസന്ദേശ’ത്തിൽ യക്ഷന് ഭാര്യയെപ്പിരിഞ്ഞിരിക്കേണ്ട അവസ്ഥ വന്നപ്പോഴാണല്ലോ മേഘസന്ദേശം എന്ന ഭാവനയുണ്ടാവുന്നത്. ഇവിടെ, എങ്ങനെയെങ്കിലും ഒരു വേർപിരിയൽ നിർബന്ധമാകയാൽ രാത്രി പ്രണയപരിരംഭണസുഖം അനുഭവിച്ച് കാറ്റുമേറ്റ് മുറ്റത്ത് കിടന്നുറങ്ങിയ ഉണ്ണുനീലിയുടെ ഭർത്താവിനെ ഒരു യക്ഷിവന്ന് പൊക്കിയെടുത്ത് പറക്കുന്ന വിധത്തിലാക്കിയിരിക്കുന്നു. കുറേദൂരം പറന്ന് നേരം വെളുത്തപ്പോൾ ഒരു മന്ത്രം ജപിച്ച് യക്ഷിയുടെ പിടിയിൽനിന്നുവിട്ട് അയാൾ താഴെയെത്തുന്നു. എത്തുന്നത് ശ്രീപത്മനാഭസ്വാമി ക്ഷേത്രപരിസരത്ത്. അപ്പോൾ അവിടെ വേണാട്ടരചന്റെ അനുജൻ ആദിത്യ വർമ തൊഴാൻ നിൽക്കുന്നു. ഭർത്താവ് ഉടൻതന്നെ അദ്ദേഹത്തെ കണ്ട് തന്റെ ഭാര്യയുടെ അടുത്തേക്ക് ഒരു സന്ദേശവുമായി പോകണമെന്ന് അപേക്ഷിക്കുകയാണ്. പിന്നെ സന്ദേശഹരന്റെ യാത്രയാണ്, നൂറ്റാണ്ടുകൾക്കുമുമ്പ് കേരളത്തിലുണ്ടായിരുന്ന യാത്രാപഥത്തിലൂടെ. അങ്ങനെ, അക്കാലത്തെ ജലപഥത്തിന്റെ വിവരണം കൂടിയായി മാറുകയാണ് ഉണ്ണുനീലി സന്ദേശം. ഈ കാവ്യത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. വിരഹിയായ പുരുഷന്റെയോ സന്ദേശഹരന്റെയോ പേരിലാണ് സന്ദേശകാവ്യങ്ങൾ അധികവും അറിയപ്പെടുന്നത്; എന്നാൽ ഇവിടെ സ്‌ത്രീയുടെ പേരിലാണ്. കടുത്തുരുത്തിയിലെ ഒരു സുന്ദരിയായ സ്‌ത്രീയുടെ ഭർത്താവ് രാജാവിനെ ‘ടപേന്ന്’ സന്ദേശവുമായി തന്റെ ഭാര്യയുടെ അടുത്തേക്ക് പറഞ്ഞുവിടുകയാണ്. കഥയിൽ മാത്രമല്ല, കവിതയിലും ചോദ്യമില്ല!
കേരളത്തിലെ ഘോഷയാത്രകളെല്ലാം തെക്കോട്ടാണ്. തെക്കുനോക്കി ഇലവിരിയിച്ച്, തെക്കോട്ട് സുഗന്ധം പരത്തുന്ന പൂക്കൾ വിടർത്തി നിൽക്കുന്ന ഒരു തെക്കുനോക്കിവൃക്ഷമാണ് കേരളം. ‘ഉണ്ണുനീലി സന്ദേശ’ത്തിൽ യാത്ര വടക്കോട്ടാണ്; അതാണ് തിരുവനന്തപുരം -കടുത്തുരുത്തി ജലഹൈവേ! എഴുതിവെക്കുക എന്ന ശീലം മലയാളികൾക്ക് കുറവായതിനാൽ നൂറ്റാണ്ടുകൾക്കിപ്പുറം ഒരു കാവ്യത്തിലെ വരികൾ റൂട്ട് മാപ്പായി മാറുകയാണ്. സന്ദേശഹരന്റെ റൂട്ട് ഇപ്രകാരമാണ്: തിരുവനന്തപുരത്തുനിന്നും ശ്രീപത്മനാഭ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിലൂടെ പുറപ്പെടണം. അപ്പോൾ ആദിത്യവർമയെക്കണ്ട് അഭിവന്ദനംചെയ്യാൻ ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വഴിയുടെ ഇടതുവശത്തായി ഉണ്ണിയാടി എന്ന സുന്ദരി വന്നുനിൽക്കും. പാൽക്കുളങ്ങര വഴി തൃപ്പാപ്പൂരെത്തി ഉച്ചഭക്ഷണം കഴിച്ച്, വിശ്രമിക്കാതെ യാത്രതുടരണം. കടൽക്കരയിലുടെ നടന്ന് മുതലപ്പൊഴിയെത്തണം. ആദിത്യവർമൻ എത്തുന്ന മുതലപ്പൊഴി സന്ദേശത്തിൽ ഇങ്ങനെയാണ് (പൂർവഭാഗം, പദ്യം 61):
ഇത്ഥം വൈതാളികനുതിഗിരാമ‐ന്തരായാമികന്മാ-‐
രപ്പോൾ വന്നിട്ടമൃതു പൊലിവാൻ കാലമാവേദയേയു:
തിർപ്പാപ്പൂർക്കിന്റൊരു തിലകമേ! നീ കഴിച്ചങ്ങളതെല്ലാ-‐
മപ്പോഴേ പോയ്‌പ്പൊഴി മുതലായല‐ങ്കിതം പിന്നിടേണ്ടും...
മുതലയെക്കൊണ്ടുണ്ടായിരുന്ന ആപത്ത് ഇപ്പോഴില്ലെങ്കിലും ആപത്തിന്റെ മുതല ഇപ്പോഴും ഈ പൊഴിയെ ചുറ്റിപ്പറ്റിനിൽക്കുന്നുണ്ട്. മുതലപ്പൊഴി കഴിഞ്ഞ് പുത്തിടത്തെത്തി അവിടെനിന്ന് വർക്കലയ്‌ക്ക് പോകണം. കടലെടുത്തുപോകാത്ത കര ആ ഭാഗത്ത് അന്നുണ്ടായിരിക്കണം. അതുകൊണ്ട് പൊഴിക്കര വഴി കൊല്ലത്തേക്കാണ് യാത്ര. അക്കാലത്ത് കൊല്ലമായിരുന്നു വേണാടിന്റെ രാജധാനിയും നാവികസങ്കേതവും. കൊല്ലത്ത് വഴിയരികിൽ വെള്ളൂർ നാണി എന്ന സുന്ദരി കാത്തുനിൽക്കും. “വഴിയിൽ കാണുന്ന പെണ്ണുങ്ങളെയെല്ലാം വർണിക്കാനാണ് കവി മുതിരുന്നതെന്ന് വിചാരിക്കുന്ന ഉത്താനബുദ്ധികളെ നോക്കി വെള്ളൂർ നാണിയും ആദിത്യവർമയും അപഹാസ മന്ദസ്മിതം പൊഴിക്കട്ടെ!” എന്ന് അവതാരികയിൽ ശൂരനാട്ട് കുഞ്ഞൻപിള്ള [7]. കരിപ്പൂക്കുളത്താണ് (ഈ സ്ഥലം ഏതെന്ന് അറിയില്ല) ആദിത്യവർമ അന്നു രാത്രി കഴിച്ചുകൂട്ടേണ്ടത്.
സന്ദേശഹരന്റെ റൂട്ട് മാപ്പ്
കൊല്ലത്തെത്തുമ്പോഴുള്ള സ്ഥലവർണനയിൽ അഷ്ടമുടിക്കായലിലൂടെ കടന്നുപോകുന്ന പലതരം യാനങ്ങളുടെ വർണനയുണ്ട് (പൂർവഭാഗം, ശ്ലോകം 70):
ചൊങ്കും ചമ്പ്രാണിയുമുടനുടൻ
വന്ന ചോണാടനും
കൊണ്ടാ ക്രാമന്തീ ജലധീമഖിലം
തന്നുടെ കീർത്തി പോലെ
പൊൻമാടാനാം മണിമകുടമാം
നാവു കൊണ്ടെച്ചിലാക്കി
കൂടെക്കൂടെ കടലിൽ മുഴുകിച്ചം‐
ബുദാൻ ഖേദയന്തി...
രണ്ടാം ദിവസം ആദിത്യവർമ കൊല്ലത്തുനിന്ന് പുതിയപൊഴിവഴി പോകണം. നീണ്ടകര അഴി അന്ന് പൊഴി ആയിരുന്നിരിക്കണം എന്ന സൂചനയാണ് ഈ പരാമർശത്തിലുള്ളത്. മാത്രവുമല്ല, എങ്ങനെ പൊഴി പുതുതായി ഉണ്ടായി എന്നതും ചിന്തനീയമാണ്. അവിടെനിന്ന് വടക്കോട്ട് നീങ്ങുമ്പോൾ ചവറ കഴിഞ്ഞ് പന്മനയായി. പന്മന പ്രദേശം കഴിഞ്ഞാൽ കന്നേറ്റി എന്ന സ്ഥലം കടക്കണമെന്ന് പറയുന്നു (പൂർവഭാഗം, ശ്ലോകം 91):
പിന്നെപ്പാർശ്വേ പുതിയപൊഴിയും തോഴ,
പൂക്കൈതയും നീ
പിന്നിട്ടമ്പിൽത്തൊഴുതു വഴിമേൽ
പന്മനത്തമ്പിരാനെ
ചിന്നച്ചാർത്തിൻ കുരലിൽ
മുരളും കാളയും കൊമ്പുമെല്ലാം
മുന്നിൽത്തൊങ്ങും പടയൊടു
കടന്നീടു കന്നേറ്റി തന്നെ”
തേവാളമുതൽ കന്നേറ്റിവരെ ആയിരുന്നു വേണാട്. കന്നേറ്റിമുതൽ ഓടനാടാണ്. കന്നേറ്റിയിൽനിന്ന് കായംകുളത്തെത്തി അവിടെനിന്ന് അച്ചൻ കോവിലാറിന്റെ കരയിലുള്ള കണ്ടിയൂരെത്തണം. മാവേലിക്കരയ്‌ക്കടുത്തുള്ള കണ്ടിയൂരായിരുന്നു ഓടനാടിന്റെ ആസ്ഥാനം. കണ്ടിയൂരിൽ ശിവനെ തൊഴുതു കഴിയുമ്പോൾ ചെറുകര കുട്ടത്തി ഉപചാരത്തിന് ആദിത്യവർമയെ വന്ന് കാണും. കണ്ടിയൂർ മുത്തൂറ്റ് ഇളയച്ചി എന്ന മറ്റൊരു സുന്ദരിയും ആദിത്യവർമയെ കാണാൻ വഴിയിൽ വന്നുനിൽക്കും. ഓടനാട് രാജാവ് രവിവർമയുടെ ആതിഥ്യസൽക്കാരം സ്വീകരിച്ചുകഴിയുമ്പോൾ കുറുങ്ങാട്ട് ഉണ്ണുനീലി, കുറുങ്ങാട്ട് ഉണ്ണിച്ചക്കി, കുറുങ്ങാട്ട് ചിരുതേവി എന്നിവർ ആദിത്യവർമയെ വന്നുകണ്ട് ഉപചരിക്കും. (എന്തുകൊണ്ടാണ് വാഹകൻ എന്നല്ലാതെ ഹരൻ എന്ന പേര് നമ്മുടെ കഥാപാത്രത്തിന് വരുന്നതെന്ന് ഏതാണ്ടൂഹിക്കാമല്ലോ!)
മൂന്നാം ദിവസം രാവിലെ മറ്റത്തുനിന്ന് യാത്ര ആരംഭിക്കുമ്പോൾ ആറിന്റെ മറുകരയിൽ ചെന്നിത്തല കാണാം. കുരട്ടി, പനയാർകാവ് വഴി കടപ്രയെത്താം. ചിറവാ രാജാക്കന്മാരുടെ ഭാര്യാഗൃഹമായ കൈതക്കോട്ടെ സുന്ദരിമാരുടെ പാട്ടുകേട്ട് ആദിത്യവർമയ്‌ക്ക് രസിക്കാം. അവിടെനിന്ന് മണിമലയാറു കടന്ന് തിരുവല്ലയിലെത്തണം. തിരുവല്ലയിൽ നിന്ന് കരിനാട്ടുകാവിലെത്തി മുത്തൂർ എന്ന സ്ഥലത്തേക്ക് പോകണം. അവിടെനിന്ന് നാലുകോടിയിലെത്തി തൃക്കൊടിത്താനത്തേക്ക് പോകണം. കക്കാട്ടുവേലി, തെങ്ങണ, മാടപ്പള്ളി, വാകത്താനം വഴി തെക്കുംകൂറിന്റെ രാജധാനിയായ മണികണ്ഠപുരത്തേക്കാണ് പിന്നീട് പോകേണ്ടത്. അൽപ്പം മാറിയാണ് കാണ്ടാൻ കുളം (കണ്ടൻ ചിറ) എന്നതിനാൽ അവിടത്തെ സുന്ദരിയെ കാണാൻ തരമില്ല!
ഉച്ചതിരിഞ്ഞ് ഏറ്റുമാനൂരെത്തി കോതനല്ലൂർ വഴി കടുത്തിരിത്തിക്ക് പോകണം. കോതനല്ലൂരിലേക്കുള്ള യാത്രയിൽ വിളനെല്ലു കാക്കാൻ തേന്മാവിന്റെ തണലിലിരിക്കുന്ന യുവതികളെയും മറ്റും ആദിത്യവർമയ്‌ക്ക് കാണാം. കിഴക്കിചിറയ്‌ക്ക് പടിഞ്ഞാറുവശത്തായിട്ടാണ് ഉണ്ണുനീലിയുടെ ഗൃഹം. വഴിനീളെയുള്ള അമ്പലങ്ങളായ അമ്പലങ്ങളിലൊക്കെ തൊഴുതുവേണം യാത്ര എന്ന് സന്ദേശകൻ ആദിത്യവർമയോട് അപേക്ഷിക്കുന്നുണ്ട്. അങ്ങനെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുള്ള പാൽക്കുളങ്ങര ക്ഷേത്രം മുതൽ വടക്കുംകൂറിലെ കടുത്തുരുത്തിയിൽ അംഗനാമൗലിമാലയായ ഉണ്ണുനീലിയുടെ വീരമാണിക്കത്തു വീട്ടിനടുത്തുള്ള തളിയിൽ ക്ഷേത്രം വരെ പല ക്ഷേത്രങ്ങളിൽ കയറി പ്രാർഥിച്ചുകൊണ്ടു പോകുന്ന സന്ദേശഹരന്റെ റൂട്ട് മാപ്പ് താഴെ ചേർത്തിരിക്കുന്നു[8]:
‘ഉണ്ണുനീലി സന്ദേശ’ത്തിനുശേഷം നൂറ്റാണ്ടുകളോളം സന്ദേശകാവ്യങ്ങൾ മലയാള ഭാഷയിൽ വന്നുകൊണ്ടിരുന്നു എന്നുവേണം കരുതാൻ. അവയിൽ ഒരു വിശേഷപ്പെട്ട കാവ്യമുണ്ട്.
പല്ലനയാറും കുമാരകോടി പാലവും
കേരളവർമ വലിയ കോയിത്തമ്പുരാൻ രചിച്ച ‘മയൂര സന്ദേശം.’ ആയില്യം തിരുനാൾ മഹാരാജാവുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് അഞ്ചുകൊല്ലക്കാലം (1875- ‐ 1880) തടവുശിക്ഷ അനുഭവിക്കേണ്ടിവന്ന ആളാണ് വലിയ കോയിത്തമ്പുരാൻ. അതിൽ പത്തുമാസക്കാലം ജയിലിലും ബാക്കി ഹരിപ്പാട്ട് ഗൃഹതടങ്കലിലുമായിരുന്നു. കവിയുടെ ഭാര്യ മഹാരാജാവിന്റെ അനന്തിരവൾ റാണി ലക്ഷ്മി ബായി. ഹരിപ്പാട്ട് ഇവ്വിധം ഭാര്യയെ പിരിഞ്ഞു കഴിയവേ ഒരു മയിൽ മുഖേനെ തിരുവനന്തപുരത്തുള്ള ഭാര്യയുടെ അടുത്തേക്ക് സന്ദേശം അയയ്‌ക്കുന്നതാണ് ഈ കാവ്യത്തിന്റെ ഇതിവൃത്തം. ഹരിപ്പാട്ട് സുബ്രഹ്മണ്യക്ഷേത്രത്തിൽ ഒരു മയിലിനെക്കണ്ടതാണ് പ്രചോദനം. മയിലിനു മറ്റൊരു പ്രത്യേകതയുമുണ്ട്. മയിൽ സർപ്പാന്തകനാണ്. ആയില്യവും സർപ്പവുമായി ബന്ധമുണ്ട്. ആയില്യം തിരുനാൾ മരണപ്പെട്ടതിനെത്തുടർന്ന് വിശാഖം തിരുനാൾ തടവിൽനിന്നും കവിയെ മോചിപ്പിച്ചിരുന്നു. വിശാഖവും സുബ്രഹ്മണ്യനുമായും ബന്ധമുണ്ട്. അങ്ങനെ ‘മയൂരസന്ദേശ’മെന്ന പേരിൽത്തന്നെ ചില ഗുപ്താർഥ സന്ദേശങ്ങളുമുണ്ടെന്ന് സാരം! പക്ഷെ, തടവെല്ലാം അനുഭവിച്ച് പതിനഞ്ചുവർഷം കഴിഞ്ഞാണ് കവി സന്ദേശമെഴുതുന്നത്, മുൻകാല പ്രാബല്യത്തിൽ! കാളിദാസന്റെ ‘മേഘസന്ദേശ’ത്തെ അനുകരിച്ചെഴുതിയതാണ് ഈ മണിപ്രവാളകാവ്യം.
“കാളിദാസന്റെ മേഘത്തിന് അനേകം അർഥതലങ്ങളുണ്ട്. അനുകൂല പവനനാൽ നിയമാനമായി ശിവമായ പന്ഥാവിലൂടെ അങ്ങനെ പ്രയാണം ചെയ്‌തുകൊണ്ടിരിക്കും. ഇതൊന്നുമല്ല മയിലിന്റെ സ്ഥിതി. ഉടലിനു ഭാരമേറിയ ആ കമനീയ വിഗ്രഹകൻ സഞ്ചാരകുതുകിയല്ല. പറക്കൽ ചെറിയദൂരത്തിൽ മാത്രം. അതിനാൽ മയിലിനെ വഞ്ചിയിൽ കയറ്റിവിട്ടൂ കവി.”[9] ഇങ്ങനെയൊക്കെ ആണെങ്കിലും രസനിഷ്യന്ദിയായ പദങ്ങൾകൊണ്ട് വായനക്കാരെ ഹർഷോന്മാദത്തിലെത്തിച്ച കാവ്യമാണ് ‘മയൂരസന്ദേശം.’ ‘മയൂരസന്ദേശ’ത്തിലെ ദ്വിതീയാക്ഷരപ്രാസത്തിന്റെ മകുടോദാഹരണമായ ഒരു ശ്ലോകം കാണുക (പൂർവഭാഗം: ശ്ലോകം 23):
രണ്ടും മൂന്നുംതവണ
കൃഷിയേറ്റുന്ന കണ്ടങ്ങളേയും
വണ്ടും ഞണ്ടും വടിവൊടു
കളിക്കുന്ന കച്ഛങ്ങളേയും
തണ്ടും കെട്ടിത്തരമൊടു
ചരിക്കുന്ന വള്ളങ്ങളേയും
കണ്ടുംകൊണ്ടച്ചെറുപുഴകൾതൻ തീരമാർഗേണപോക!
തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് കനാലിലൂടെ തടസ്സമില്ലാത്ത യാത്ര സാധ്യമായിരുന്നില്ല. വർക്കലക്കുന്നുകളായിരുന്നു തടസ്സം. കോഴിത്തോട്ടത്തുനിന്ന് ഇടവാക്കായലിലെത്താൻ പെട്ടികുട്ടിപ്രമാണങ്ങളുമായി ആളുകൾ കുന്നുകൾ കയറിമറിയേണ്ടിയിരുന്നു. വഞ്ചിയിലെത്തുന്ന യാത്രക്കാരെ കാത്ത് ചുമട്ടുകാർ കോഴിത്തോട്ടത്തും ഇടവായിലും തമ്പടിച്ചു.
കനാലിനു കുറുകെനിന്ന വർക്കലക്കുന്നുകൾ തുരങ്കങ്ങളിലൂടെ മറികടക്കാമെന്നതായിരുന്നു എൻജിനിയർ ബാർട്ടൺന്റെ പ്ലാൻ. അപ്രകാരം വർക്കലക്കുന്നുകളെ തുരക്കുന്ന കാലത്തായിരുന്നു നമ്മുടെ സന്ദേശവാഹകൻ, മയിൽ, ആ വഴി പോകുന്നത്. അക്കാര്യം വരുന്നുണ്ട്, ഒരു ശ്ലോകത്തിൽ (പൂർവഭാഗം: ശ്ലോകം 62):
കല്യൻ ഹൂണപ്രവരനൊരുവൻ
കാരുധൗരേയനാരാൽ
കുല്യയ്‌ക്കായിഗ്ഗിരിനിര തുറക്കുന്നതും
ചെന്നു കാൺക
തുല്യം മറ്റില്ലുലകിലതിനോടത്തു‐
രങ്കങ്ങൾ തീർന്നാൽ
ശല്യം വേണ്ടാ സരണിമുഴുവൻ
തോണിയിൽ തന്നെ പോകാം.
സാഹിത്യം ചരിത്രരേഖകൂടി ആയിമാറുകയാണ് ഇവിടെ. ആരാണാ കാരുധൗരേയൻ? ബാർട്ടൺ?കനാലിൽ തിരുവനന്തപുരത്തേക്കുപോകാൻ തിങ്ങിക്കൂടുന്ന വഞ്ചികളെപ്പറ്റി,
വഞ്ചിക്ഷോണിക്കൊരു
തിലകമാമപ്പുരത്തേയ്‌ക്കുപോകും
വഞ്ചിക്കൂട്ടം വരുമളവിലത്തോട്ടു‐
വാരത്തൊതുങ്ങി
വഞ്ചിക്കേണം വളരെമരനീരുള്ളി‐
ലുണ്ടാകമൂലം
വഞ്ചിത്തഭ്രാന്തെഴുമരയരാം
നാവികക്കയ്യരേ നീ...
എന്നു പറയുമ്പോൾ (പൂർവഭാഗം: ശ്ലോകം 24) മലയാളിയുടെ മദ്യപാനശീലത്തെ ഡോക്യുമെന്റ് ചെയ്യുകയാണ് കവി. ഇളനീർ മാത്രമല്ലല്ലോ, മരനീരും മണ്ടനീരും കൂടിച്ചേർന്നതാണല്ലോ കേരളം!
താരതമ്യേന പുതുതായ ‘ഇന്ദിന്ദിരസന്ദേശ’ത്തിൽ ആലപ്പുഴയിൽനിന്നും ബോട്ടിൽ കൊല്ലത്തെത്തുന്ന സന്ദേശവാഹകനായ കരിവണ്ടിനോട് കരിവണ്ടിയേറിപ്പോകാനാണ് കവി – കെ. രാഘവൻ -പറയുന്നത്. അപ്പോഴേക്കും കൊല്ലത്ത് തീവണ്ടി എത്തിയിരുന്നു!
സന്ദേശകാലത്തിനുശേഷം എഴുതപ്പെട്ട യാത്രാകവിതകളിൽ സ്ഥലവർണനയ്‌ക്കൊപ്പം ബിംബങ്ങളും വന്നുനിറയുന്നു. തിരൂരാണ് കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ. ചാലിയാറിന്റെ ഇടതുകരയിലെ ചാലിയത്തുനിന്നാണ് തിരൂരിലേക്ക് തീവണ്ടി ആദ്യമായി ഓടിച്ചത്. ചേറ്റുവക്കായലിൽനിന്ന് പൊന്നാനിയിലെത്തി, ഭാരതപ്പുഴ- തിരൂർപ്പുഴ വഴിയും തിരൂരിലെത്താം. അങ്ങനെ തീവണ്ടിയിലും തോണിയിലും എത്തിച്ചേരാൻപറ്റുന്ന തിരൂർ കേരളത്തിലെ ആദ്യത്തെ യാത്രാഹബ്ബായി. മഹാകവി പി കുഞ്ഞിരാമൻ നായർ തിരൂരിൽ ഒരു വൈകുന്നേരം തീവണ്ടിയിറങ്ങി ഗുരുവായൂരിലേക്ക് യാത്രപോയി. ആ യാത്ര ഒരു കവിതയായി‐ ‘അന്നത്തെ വിഷുക്കണി.’
വെട്ടത്തുനാടിൻ ഹൃദ്രക്തമോടും
പ്രാണഞരമ്പുപോൽ
പൊന്നാനിപ്പുഴയിൽചേരും തോടെൻ
തോഴൻ മറന്നുവോ?
പുകയും പൊട്ടമണ്ണെണ്ണ
വിളക്കുകൾ
അതാതിടമെരിയും
കൊച്ചുകേവഞ്ചിച്ചാർത്തെൻ
തോഴൻ മറന്നുവോ?
ഗുരുവായൂർ യാത്രയന്നാൾ
ആ വഞ്ചിവഴിയല്ലയോ
കൂട്ടുങ്ങലെ കോഴികൂകും
കടവെത്താം പുലർച്ചയിൽ
എട്ടുചില്ലിക്കാശുമതികൂലി
കേറിക്കിടക്കുവിൻ
വഞ്ചികുത്തും വേട്ടുവന്മാർ
ക്ഷണിച്ചൂ വഴിപോക്കരെ
ഏതോ നിനവിനാൽ
ഞെട്ടീവെള്ളം
മത്സ്യങ്ങൾ ചാടവേ
വിരിഞ്ഞൊരരളിപ്പൂക്കൾ
കൊഴിഞ്ഞൂ
നീരിൽനീളവേ
മെത്തതോൽക്കുന്ന
കൈതോലപ്പായയുണ്ടെന്റെ വഞ്ചിയിൽ
പക്ഷം വിരുത്തീട്ടുപാടും
വഞ്ചിപ്പാട്ടരയന്നമായ്...
ഇടശ്ശേരിക്ക് പൊന്നാനിയിലെ കോടതിയിലായിരുന്നു ജോലി. ഭാരതപ്പുഴക്കരയിൽ തിക്കിത്തിരക്കുന്ന തോണികൾക്കിടയിലേക്ക് അങ്ങാടിപ്പാലം നൂണ്ടുപോകുന്ന കനോലി കനാൽ കടന്നുവേണം ദിവസവും അദ്ദേഹത്തിന് കോടതിയിലെത്താൻ. ‘ഭൂമിയുടെ അറ്റത്തേക്ക്’ എന്ന കവിതയിൽ ഭാരതപ്പുഴയിൽനിന്ന് ബിയ്യം കായലിലേക്ക് പോകുന്ന കനോലി കനാലിനെ ഇടശ്ശേരി രേഖപ്പെടുത്തുന്നു:
‘‘ചീറിയലറും അലയാഴിയാം
വാക്യത്തിന്നു
കീഴ് വരയിട്ടപോലാം
കനോലിക്കനാൽ
നീല ജലദുകൂലം
നേരിയ വെള്ളമണൽ-
ചേലഞ്ചും കഞ്ചുകവു‐
മണിഞ്ഞു ചാലേ
പൊന്നാനിപ്പുഴ വിട്ടു
തെക്കോട്ടു ഗമിക്കുന്നു
സന്നാഭം വെളിയങ്കോട്ട‐
ഴിയിലെത്താൻ’’
പുതിയകാലത്തെ കവിതയിലാകട്ടെ അഷ്ടമുടിക്കായലിൽ ചൊങ്കും ചമ്പ്രാണിയും ചോണാടനും ഒന്നുമില്ല. തുഴത്തണ്ടിലൂടെ ശരീരത്തിലേക്കും മനസ്സിലേക്കും എത്തുന്ന ഇഷ്ടമുടിക്കായലായി മാറുകയാണ് അഷ്ടമുടിക്കായൽ (ഇഷ്ടമുടിക്കായൽ, കുരീപ്പുഴ ശ്രീകുമാർ):
മുടിയെട്ടും കോർത്തുകെട്ടി
വിരൽനൂറാൽ കാറ്റൊതുക്കി
വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ
കിടക്കുന്നോള്
എന്റെ തുഴത്തണ്ടിൽ താളമിട്ട്
തുടിക്കുന്നോള്!
അനിത തമ്പിയുടെ ‘ആലപ്പുഴവെള്ള’ത്തിൽ കനാലിന്റെയും ജീവജാലങ്ങളുടെയും ആകാശക്കാഴ്‌ച കാണാം:
കനാലുകൾ, ബോട്ട് ജെട്ടി
കല്ലി,രുമ്പു പാലങ്ങൾ
കുളം,പായൽ, വിരിപ്പായൽ
കുളവാഴപ്പൂച്ചിരി
ചകിരിപ്പൊന്നൊളിയുള്ള
ഇരുമ്പിന്റെ ചുവയുള്ള
വിയർപ്പിന്റെ വെക്കയുള്ള
ആലപ്പുഴവെള്ളം
ഇളകിയും മങ്ങിയും
അതിദൂരത്തകലുന്നു
പറവകൾ കാണുന്ന
പടങ്ങളായ് മാറുന്നു....
മലയാളിയുടെ പാട്ടു സംസ്‌കാരത്തിൽ വഞ്ചിപ്പാട്ടിന് വളരെയധികം പ്രാധാന്യമുണ്ട്. രാമപുരത്തുവാര്യരുടെ ഭാവനയും വാഗ്‌വിലാസവും കൂടിച്ചേർന്നപ്പോൾ വഞ്ചിപ്പാട്ടുണ്ടായി. “വെറുമൊരു ലഘുകാവ്യം കൊണ്ട് അലഘുവായ പ്രശസ്‌തി സമ്പാദിച്ച മഹാകവിയാണ് രാമപുരത്തു വാര്യർ. ഭക്തിയുടെ കാറ്റേറ്റ് അദ്ദേഹത്തിന്റെ കാവ്യനൗക സ്വാഭാവികമായിത്തന്നെ സഞ്ചരിക്കുകയാണ്. അനലംകൃതസുന്ദരമായ ഈ സംവിധാനഭംഗി നമ്മുടെ പ്രാചീന കവികളിൽ എഴുത്തച്ഛനിലും പൂന്താനത്തിലും മാത്രമേ കാണുന്നുള്ളൂ. വാക്കുകൾക്കുവേണ്ടി വാക്കുകളില്ല; അലങ്കാരത്തിനുവേണ്ടി അലങ്കാരമില്ല; എല്ലാം സ്വാഭാവികവും സ്വച്ഛവുമാണ്. പ്രാസഭംഗിക്കും എങ്ങും കോട്ടമില്ല, രസപുഷ്‌കലമല്ലാത്ത ഒരു സന്ദർഭവുമില്ല.” [9] മാലകെട്ടിൽ രാമപുരത്തു വാര്യർക്കുണ്ടായിരുന്ന വൈദഗ്ധ്യത്തെക്കുറിച്ച് ഐതിഹ്യങ്ങളുണ്ട്. സുഗന്ധിയായ വാക്കുകൾ കൂട്ടിക്കെട്ടി അദ്ദേഹം വഞ്ചിപ്പാട്ടിന്റെ മാലയും മെടഞ്ഞു! നതോന്നതയാണ് വഞ്ചിപ്പാട്ടിന്റെ വൃത്തം. നതോന്നതയെന്നാൽ ‘താഴ്‌ന്നുയരുന്ന’ എന്നർഥം. ഓളങ്ങളിൽ ഉയർന്നുതാഴുന്ന തോണികളിൽനിന്ന് വഞ്ചിപ്പാട്ടുയരുമ്പോൾ നതോന്നത എന്ന കാവ്യവൃത്തത്തിന്റെ പേരുതന്നെ കവിതയായിത്തീരുന്നു!
ജലപാതയ്‌ക്ക് സ്വന്തമായി നിലനിൽപ്പില്ല. വഞ്ചിയും വേണം. വഞ്ചിയുമായി ചേർത്ത് വഞ്ചിയൂരായും തിരുവഞ്ചിക്കുളമായും സ്ഥലനാമങ്ങൾ പലതുണ്ട് കേരളത്തിൽ. കേരളീയർ വഞ്ചിനിർമാണത്തിൽ പ്രവീണരാണ്. വഞ്ചി നിർമിക്കുന്ന കാലത്ത് ആശാരിമാർ ‘ഭക്തിമാർഗ’ത്തിലായിരിക്കും. അന്നേരം അവർക്ക് ദൈവങ്ങളോട് സംസാരിക്കാം! ഭദ്രകാളിപ്പാട്ടിൽ, കന്നിക്കപ്പലുപണി ചെയ്യുന്നതിന് എത്ര കാലവും തച്ചും വേണ്ടിവരുമെന്ന് ദേശമുടയവനാശാരിയോട് ഭദ്രകാളി ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന് ആശാരിയുടെ മറുപടിയും പാട്ടിൽ വരുന്നു:
‘‘അന്നേരത്തതാ ചോദിക്കുന്നേ
കേൾവികേട്ടൊരു മാതാവല്ലോ
എത്ര എത്ര നല്ല ആശാരിമാര്
എത്രയാണ്ടതപണിചെയ്‌താല്
കന്നികപ്പലുകുറതീരും
അപ്പോഴുണ്ടു പറയുന്നല്ലോ
ദേശമുടയവനാശാരിയേ
ഈരേഴു പതിനാലു നല്ല ആശാരിമാര്
ഏഴരയാണ്ട് പണിചെയ്‌താല്
കന്നിക്കപ്പലുകുറ തീരും”[10]
കേരളത്തിന്റെ തെക്കുവടക്ക് അറുനൂറിലധികം കിലോമീറ്റർ നീളത്തിൽ കിടക്കുന്ന പശ്ചിമതീര കനാലിന്റെ ചരിത്രം രേഖപ്പെടുത്തുന്ന ‘ജലമുദ്ര’ എന്ന ഡോക്യുമെന്ററി തയ്യാറാക്കാനാണ് കനാലിന്റെ പ്രധാനഭാഗങ്ങൾ ചെന്നുകണ്ടത്. കായൽക്കരയിലെ കല്ലൊതുക്കുകളിൽ കയറിയിറങ്ങി, പാലങ്ങളുടെ തുരുമ്പിച്ച ഇരുമ്പുതൂണുകൾക്കിടയിലൂടെ പുല്ലങ്ങാടികളും നെൽപ്പുരകളും തേടി അലഞ്ഞ്, കരകളിൽനിന്ന് പൊഴിഞ്ഞുവീഴുന്ന പൂക്കളെ ചെറുചുഴികളിൽ കറക്കി, ഏറ്റിറക്കങ്ങൾക്കൊപ്പം മന്ദമന്ദം ഒഴുകുന്ന കനാലും, അതിന്റെ ഇരുകരകളിലെ ഇടതൂർന്ന കൈതക്കാടിന്റെ മൂർച്ചയുള്ള പച്ചയും എന്റെ മനസ്സിൽ കിടന്നു.
ഷൂട്ടിന്റെ ഭാഗമായി തൃക്കുന്നപ്പുഴകടന്ന് പല്ലനയാറ്റിലെത്തിയപ്പോൾ അവിടെ ഗ എന്ന മലയാള അക്ഷരം പോലെ ഒരു വളവ്; ഭാഷയെ അക്ഷരാർഥത്തിൽ അഗാധമായ ദുഃഖത്തിലാഴ്‌ത്തിയ വളവ്. 1924 ജനുവരി 16ാം തീയതി കുമാരനാശാൻ കയറിയ റിഡീമർ എന്ന പേരുള്ള ബോട്ട് മുങ്ങിയ സ്ഥലം. കുമാരനാശാന്റെ ജീവിതം കനാലിനോട് ചേർന്നുനിന്നു.
ജനനം: അഞ്ചുതെങ്ങുകായലിനടുത്ത് കായിക്കരയിൽ; മരണം: പല്ലനയാറ്റിന്റെ അടിത്തട്ടിൽ. ആ രാത്രിയിൽ, പല്ലനയുടെ ആഴത്തിൽനിന്നും ഉയർന്ന കുമിളകൾ ആശാൻ അവസാനമായി പറഞ്ഞ മലയാള വാക്കുകളായിരുന്നോ?
[1] simerg.com/special-series-i-wish-id-been-there/riding-forth-to-open-the-canal-with-nasir-khusraw/. Accessed 2 Mar. 202
[2] https://www.canalboat.co.uk/waterways/history-of-locks
[3] Ibid.
[4] https://lyrhub.com/en/track/Pierre-Bachelet/Quand-on-est-un-canal
[5] World Literature Today
[6] https://www.youtube.com/watch?v=DTYop1Krkcw
[7] ഉണ്ണുനീലി സന്ദേശം, ഒന്നാം പതിപ്പ്, വി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം, 1955. (https://archive.org/details/in.ernet.dli.2015.277859/page/n217/mode/2up)
[8] ഉണ്ണുനീലി സന്ദേശം, ഒന്നാം പതിപ്പ്, വി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം, 1955. (https://archive.org/details/in.ernet.dli.2015.277859/page/n217/mode/2up)
[9] ഗുപ്തൻ നായർ, അവതാരിക, മയൂര സന്ദേശം. ഡിസി. ബുക്സ്, കോട്ടയം, 1995
[10] ദീപു. പി, “തുറമുഖ സംസ്‌കൃതിയും തോറ്റംപാട്ടുകളും”, പാമരം, എഡി: സി. ആർ. രാജഗോപാൽ (തിരുവനന്തപുരം: കേരള സർവകലാശാല, 2015) 143.











0 comments