ജന്മദിനാഘോഷത്തിൽ ബോംബിട്ടു; 39 മരണം ; ഗാസയിൽ ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍

നുസ്‍റേത്തിലെ കേന്ദ്രത്തില്‍ ഭക്ഷണത്തിനായി കാത്തുനില്‍ക്കുന്ന കുട്ടികള്‍
ജറുസലേം
ഗാസയിൽ കുട്ടികളുടെ ജന്മദിനാഘോഷം നടക്കുന്നതിനിടെ കഫേയിൽ ഇസ്രയേലി യുദ്ധവിമാനങ്ങൾ ബോംബിട്ടതിനെ തുടർന്ന് 39 പേർ മരിച്ചു. സഹായ വിതരണകേന്ദ്രങ്ങളിൽ ഭക്ഷണം തേടിയെത്തിയ ഒരു ഡസനിലധികം പേരെ വെടിവച്ചുകൊന്നു. ചൊവ്വാഴ്‌ച ഗാസയിലുടനീളം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 95 പേർ കൊല്ലപ്പെട്ടു.
വെടിനിർത്തൽ ഉടൻ സാധ്യമാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കേയാണ് ഇസ്രയേൽ ആക്രമണം ശക്തമാക്കിയത്. വെടിനിർത്തൽ ചര്‍ച്ചകള്‍ ഇസ്രയേൽ അട്ടിമറിക്കുന്നുവെന്ന് ഹമാസ് നേതാക്കൾ പ്രതികരിച്ചു.
പശ്ചിമ ജറുസലേമിൽ പ്രധാനമന്ത്രിയുടെ ഓഫീസിനു പുറത്ത് ബെന്യമിൻ നെതന്യാഹുവിനെതിരെ ബന്ദികളുടെ ബന്ധുക്കൾ പ്രതിഷേധമുയർത്തി. തടവുകാരുടെ ചെലവിൽ വിചാരണയിൽനിന്ന് രക്ഷപ്പെടാൻ നെതന്യാഹു ശ്രമിക്കുകയാണെന്ന് ഗാസയിൽ ബന്ദിയായ നിമ്രോദ് കോഹന്റെ പിതാവ് പറഞ്ഞു. "എന്റെ മകന്റെ ചെലവിൽ നിങ്ങൾ നിങ്ങളുടെ വിചാരണയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. വിചാരണ പൂർത്തിയാക്കണം. എന്റെ മകനെയും തട്ടിക്കൊണ്ടുപോയ എല്ലാവരെയും ആദ്യം മോചിപ്പിക്കണം’–- അദ്ദേഹം പറഞ്ഞു.
യുഎസ്- , ഇസ്രയേൽ ‘സഹായസംഘം’ പൂട്ടണമെന്ന് 130 സന്നദ്ധസംഘടനകൾ
നിരപരാധികളുടെ കൊലക്കളമായി മാറിയ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായവിതരണകേന്ദ്രങ്ങൾ പൂട്ടണമെന്ന് ആവശ്യമുയർത്തി 130 സന്നദ്ധ–-മനുഷ്യാവകാശ സംഘടകൾ രംഗത്തെത്തി. മെയ് അവസാനം മുതൽ സഹായം തേടുന്നതിനിടെ 550-ലധികം പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഏകദേശം 4,000 പേർക്ക് പരിക്കേറ്റു.
സഹായം തേടുന്ന പലസ്തീനികാർക്കെതിരെ ഇസ്രയേലി സൈന്യവും സായുധഗ്രൂപ്പുകളും പതിവായി വെടിയുതിർക്കുന്നുവെന്ന് ഓക്സ്ഫാം, സേവ് ദി ചിൽഡ്രൻ, ആംനസ്റ്റി എന്നിവയുൾപ്പെടെയുള്ള സംഘടനകൾ ചൂണ്ടിക്കാട്ടി.








0 comments