പരാമര്‍ശം കമലാ ഹാരിസിന് പിന്നാലെ
''അമേരിക്ക ഫസ്റ്റ് നയം വെറും വാക്ക്'' യുഎസ് തങ്ങളെക്കാൾ ഇസ്രായേലിനാണ് മുൻഗണന നൽകുന്നതെന്ന് ബാഗർ ഗാലിബാഫ്

ടെഹ്റാൻ: അമേരിക്കയുടെ 'അമേരിക്ക ഫസ്റ്റ്' നയം വെറും വാക്ക് മാത്രമാണെന്നും അവര്‍ പ്രായോഗികമായി തങ്ങളെക്കാൾ ഇസ്രായേലിനാണ് മുൻഗണന നൽകുന്നതെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്. ഇസ്രായേലിൽ നിന്നുള്ള തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക തീരുമാനങ്ങൾ എടുക്കുന്നതെന്നും അഭിപ്രായപ്പെട്ടു.
അമേരിക്കയ്ക്ക് കൂടുതൽ പണവും വിഭവങ്ങളും അനുഭവസമ്പത്തും ഉണ്ടെന്ന് സമ്മതിക്കുമ്പോഴും, ഇറാൻ തങ്ങളുടെ തന്ത്രപരമായ ആസൂത്രണത്തിലൂടെ ശത്രുക്കളെ പ്രതിരോധിക്കാൻ പ്രാപ്തിയുള്ള രാജ്യമാണ്. ശത്രുരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികളെ ശക്തമായി നേരിടും. ഇനി നേരിയ തെറ്റ് പോലും അമേരിക്കയുടെയോ മറ്റ് ശത്രുരാജ്യങ്ങളുടെയോ ഭാഗത്തുനിന്നുണ്ടായാൽ ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്ന് മുഹമ്മദ് ബാഗർ ഗാലിബാഫ് മുന്നറിയിപ്പ് നൽകി.
വിലപേശൽ കടുപ്പിക്കുന്നു
ഇറാന്റെ നിബന്ധനകൾ അംഗീകരിച്ചതുകൊണ്ടാണ് വെടിനിർത്തലിന് തയ്യാറായതെന്ന് ഗാലിബാഫ് വ്യക്തമാക്കി. യുഎസ് വൈസ് പ്രസിഡന്റ് ജെഡിവാൻസുമായി ഏപ്രിൽ11-ന് ഇസ്ലാമാബാദിൽനടന്ന ചര്‍ച്ച ഈറാന്റെ ഭാഗത്തുനിന്ന് നയിച്ചത് ഗാലിബാഫ് അടക്കമുള്ള പ്രതിനിധി സംഘം ആയിരുന്നു. 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്.
ആദ്യ ഘട്ട ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള യു എസ്-ഇറാൻ വെടിനിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കും. സമാധാന ചർച്ചകളിൽ പുരോഗതിയുണ്ടെങ്കിലും അന്തിമ കരാറിലേക്ക് ഇനിയും എത്താനായിട്ടില്ലെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കർകൂടിയായ മുഹമ്മദ് ബാഗർ ഗാലിബാഫ് ആവര്‍ത്തിച്ചത്. ചർച്ചകളിൽ ചില അടിസ്ഥാനപരമായ കാര്യങ്ങളിൽ ഇനിയും ധാരണയാകാനുണ്ടെന്നും ഗാലിബാഫ് ടെലിവിഷനിലൂടെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
രാഷ്ട്രീയവും ആയുധമാക്കുന്നു
അമേരിക്കൻ ഭരണകൂടം തങ്ങളുടെ വോട്ടർമാർക്ക് നൽകുന്ന വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് സ്ഥാപിക്കാനുള്ള ഒരു രാഷ്ട്രീയ നീക്കം കൂടിയായി ഈ പ്രസ്താവനകൾ വിലയിരുത്തപ്പെടുന്നു. നിലവിലെ ആഗോള സാഹചര്യത്തിൽ ഇത്തരം പ്രസ്താവനകൾ നയതന്ത്ര ബന്ധങ്ങളിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ചർച്ചകളിലും വലിയ സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്. ഇത് ട്രംപിനെ നേരിട്ട് ബാധിക്കുന്നതായി തീരാം.
യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ 'അമേരിക്ക ഫസ്റ്റ്' (America First) എന്ന നയം കേവലം ഒരു വാഗ്ദാനം മാത്രമാണെന്നും, പ്രായോഗികതലത്തിൽ അമേരിക്ക തങ്ങളുടെ സ്വന്തം താൽപ്പര്യങ്ങളേക്കാൾ ഇസ്രായേലിന്റെ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നത് എന്നുമുളള ചര്‍ച്ചകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. ഇറാനുമായുള്ള സംഘര്‍ഷത്തിന് ഇടയിലും ലെബനനെതിരായ ആക്രമണങ്ങളിലും മേഖലയിലെ അധിനിവേശ പദ്ധതികളിലുമാണ് ഇസ്രയേൽ അധിക ശ്രദ്ധ നൽകിയിരുന്നത്.

അമേരിക്കയുടെ ആഭ്യന്തര നയങ്ങളും വിദേശനയങ്ങളും തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് ഗാലിബാഫ് ചൂണ്ടിക്കാട്ടിയത്. സ്വന്തം രാജ്യത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് പറയുമ്പോഴും മിഡിൽ ഈസ്റ്റിലെ സഖ്യകക്ഷിയായ ഇസ്രായേലിനായി അമേരിക്ക വലിയ തോതിൽ വിഭവങ്ങളും പിന്തുണയും മാറ്റിവെക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ വാദം.
ട്രംപ് ഭരണകൂടത്തെ സംബന്ധിച്ച് രാഷ്ട്രീയമായി തിരിച്ചടിക്കാവുന്ന ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ടെഹ്റാൻ മേയര്‍ ആയിരിക്കെ അഴിമതി ആരോപണങ്ങൾ നേരിട്ട നേതാവാണ് ഗാലിബാഫ്.
ആദ്യം വെടിപൊട്ടിച്ചത് കമല ഹാരിസ്
ഇറാനുമായുള്ള യുദ്ധം അമേരിക്കയുടെ താൽപ്പര്യപ്രകാരമല്ല, മറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ആരംഭിച്ചതെന്ന് ആദ്യം പറഞ്ഞത് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് തന്നെയാണ്. അവര്‍, ഇറാൻ യുദ്ധത്തെയും ബെഞ്ചമിൻ നെതന്യാഹുവിനെയും 'എപ്‌സ്റ്റൈൻ ഫയലുകളുമായി' (Epstein files) ബന്ധിപ്പിച്ച് നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ വാര്‍ത്തയായിരുന്നു.
ഡൊണാൾഡ് ട്രംപ് ഇപ്പോൾ നടത്തുന്ന സൈനിക നടപടികൾ (Operation Epic Fury), വിവാദമായ 'എപ്‌സ്റ്റൈൻ ഫയലുകളിൽ' നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ഒരു തന്ത്രമാണെന്ന് കമലാ ഹാരിസ് ആരോപിച്ചു. ആഭ്യന്തരമായ അഴിമതികളും നിയമപ്രശ്നങ്ങളും മറച്ചുപിടിക്കാൻ യുദ്ധത്തെ ഒരു മറയാക്കുന്നു എന്നാണ് അവരുടെ വാദം.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സഖ്യകക്ഷികളെ അവഗണിക്കുന്ന ആദ്യത്തെ പ്രസിഡന്റാണ് ട്രംപ് എന്ന് അവർ വിമർശിച്ചു. അന്താരാഷ്ട്ര നിയമങ്ങളെയും പരമാധികാരത്തെയും ലംഘിക്കുന്നതിലൂടെ ലോകത്തിന് മുന്നിൽ അമേരിക്കയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും അവർ കൂട്ടിച്ചേർത്തു.
ഇറാന്റെ ഭാഗത്തുനിന്ന് പെട്ടെന്ന് ഒരു ഭീഷണി ഉണ്ടായിരുന്നില്ലെന്നും ഇസ്രായേൽ ലോബിയുടെ സമ്മർദ്ദമാണ് യുദ്ധത്തിന് പിന്നിലെന്നും ആരോപിച്ച് നാഷണൽ കൗണ്ടർ ടെററിസം സെന്റർ ഡയറക്ടർ ജോ കെന്റ് രാജിവെച്ചതിനെ ഹാരിസ് തന്റെ പ്രസംഗത്തിൽ എടുത്തുപറയുകയും ചെയ്തിരുന്നു.










0 comments