ഇന്ധനവില കുതിക്കുന്നു; 100 ദശലക്ഷം ബാരൽ എണ്ണ വിപണിയിലെത്തിക്കാൻ ജി7

വാഷിങ്ടൺ : പശ്ചിമേഷ്യയിൽ പ്രതിസന്ധി തുടരുന്നിതിനിടെ ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയാണ്. ആഗോള വിപണിയിലെ സമ്മർദം കുറയ്ക്കാൻ അടിയന്തര എണ്ണ ശേഖരത്തിൽ നിന്ന് 100 ദശലക്ഷം ബാരൽ എണ്ണയും ഇന്ധന ഉൽപ്പന്നങ്ങളും വിപണിയിലിരക്കാൻ ജി7 രാജ്യങ്ങൾ. ആദ്യഘട്ടത്തിൽ കൂടുതൽ പരിഗണന നൽകുക ഡീസലിനാണ്. അടുത്ത ഇരുപത് ദിവസത്തിനുള്ളിൽ വലിയ അളവ് ഡീസൽ ജി7 രാജ്യങ്ങൾ വിപണിയിലെത്തിക്കും. നാല് മാസത്തിനുള്ളിൽ ബാക്കി ശേഖരം ഘട്ടംഘട്ടമായി പുറത്തിറക്കാനുമാണ് തീരുമാനം.
അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ ഏകോപനത്തിലായിരിക്കും കരുതൽ ശേഖരം വിപണിയിലിറക്കുക. ആഗോളതലത്തിൽ ഇന്ധനവിലയിലുണ്ടായ വർധനയും പശ്ചിമേഷ്യയിലെ പ്രതിസന്ധിയെ തുടർന്ന് വിതരണത്തിൽ നേരിടുന്ന കടുത്ത സമ്മർദവുമാണ് അടിയന്തര നീക്കത്തിന് പിന്നിൽ. യുഎസിൽ ഡീസൽ വില റെക്കോർഡ് ഉയരത്തിലെത്തിയതിന് പിന്നാലെയാണ് ജി7 തീരുമാനം.
ജി7 രാജ്യങ്ങളുടെ അടിയന്തര ശേഖരത്തിൽനിന്ന് എണ്ണയും ഡീസലും വിപണിയിലെത്തുന്നതോടെ വിതരണത്തിലെ സമ്മർദം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം, വിലയിലെ കുതിപ്പ് നിയന്ത്രിക്കാൻ കഴിയുമെന്ന് ജി7 രാജ്യങ്ങൾ കരുതുന്നുണ്ട്. ജി7 സഖ്യത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ എണ്ണ, ഡീസൽ വിലയിൽ ഇടിവ് രേഖപ്പെടുത്തി. എന്നാൽ, പശ്ചിമേഷ്യയിലെ സംഘർഷവും വിതരണ തടസങ്ങളും തുടരുന്നതിനാൽ വില അനിശ്ചിതമായി തുടരുകയാണ്.









0 comments