ബോക്സ് ഓഫീസിൽ വമ്പൻ തുടക്കവുമായി ‘ദൃശ്യം 3: ദി കൺക്ലൂഷൻ’; ആദ്യ ദിനം മികച്ച കളക്ഷൻ

മുംബൈ : ബോക്‌സ് ഓഫീസിൽ വമ്പൻ തുടക്കവുമായി അജയ് ദേവ്ഗൺ ചിത്രം ‘ദൃശ്യം 3: ദി കൺക്ലൂഷൻ’. റിലീസ് ചെയ്ത ആദ്യദിനം ഇന്ത്യയിൽ നിന്ന് 66.75 കോടി രൂപ നെറ്റ് കളക്ഷൻ നേടിയതായി ട്രേഡ് ട്രാക്കർ സാക്നിൽക്ക് റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ നിന്ന് 80.10 കോടി രൂപ കളക്ഷൻ നേടിയ ചിത്രം വിദേശത്തുനിന്ന് 15 കോടി നേടി.
ഇതോടെ ആദ്യദിനത്തിലെ ആഗോള ഗ്രോസ് 95.10 കോടിയായി. ഫ്രാഞ്ചൈസിയിലെ ആദ്യ രണ്ട് ചിത്രങ്ങളെയും മറികടന്നാണ് മൂന്നാം ഭാഗത്തിന്റെ വമ്പൻ ഓപ്പണിങ്. 2015ൽ പുറത്തിറങ്ങിയ ‘ദൃശ്യം’ ആദ്യദിനം 5.85 കോടി രൂപ നെറ്റ് കളക്ഷൻ നേടിയപ്പോൾ ‘ദൃശ്യം 2’ 15.38 കോടി രൂപയും 18.15 കോടി രൂപ ഗ്രോസും നേടിയിരുന്നു.
എന്നാൽ 66.75 കോടി രൂപ നെറ്റ് കളക്ഷനുമായി ‘ദൃശ്യം 3’ ഇരുചിത്രങ്ങളുടെയും ആദ്യദിന കളക്ഷനെ പിന്നിലാക്കി. അജയ് ദേവ്ഗണിന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിങ് കൂടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. റിലീസിന് മുമ്പുതന്നെ ചിത്രത്തിന് മികച്ച ബുക്കിങ് ലഭിച്ചിരുന്നു. എട്ട് ദിവസത്തെ അഡ്വാൻസ് ബുക്കിങ്ങിലൂടെ ഇന്ത്യയിൽ 80.40 കോടി ഗ്രോസ് നേടി.
ഏകദേശം 23.47 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. അഭിഷേക് പാഠക് സംവിധാനം ചെയ്ത ചിത്രം ഹിന്ദി ‘ദൃശ്യം’ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമാണ്. മലയാളത്തിൽ ഒരുക്കിയ ‘ദൃശ്യം’ കഥയെ അടിസ്ഥാനമാക്കിയായിരുന്നു ആദ്യ രണ്ട് ഹിന്ദി ചിത്രങ്ങൾ. എന്നാൽ മൂന്നാം ഭാഗത്തിൽ മലയാളം ഫ്രാഞ്ചൈസിയിൽനിന്ന് വ്യത്യസ്തമായ കഥയാണ് ഹിന്ദിയിൽ അവതരിപ്പിക്കുന്നത്.
കുടുംബത്തെ സംരക്ഷിക്കാൻ വിജയ് സൽഗോങ്കർ നടത്തുന്ന നീക്കങ്ങളായിരുന്നു ആദ്യ രണ്ട് ചിത്രങ്ങളുടെയും പ്രമേയം. പുതിയ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ വിജയ് വീണ്ടും സമ്മർദത്തിലാകുന്നതാണ് മൂന്നാം ഭാഗത്തിന്റെ പ്രമേയം.
വിജയ് സൽഗോങ്കറായി അജയ് ദേവ്ഗൺ എത്തുമ്പോൾ മീര ദേശ്മുഖായി തബുവും എസ്പി രാജ്‌വീർ സിങ് തോമറായി ജയ്‌ദീപ് അഹ്ലാവത്തും വേഷമിടുന്നു. ശ്രിയ ശരൺ, രജത് കപൂർ, പ്രകാശ് രാജ്, ഇഷിത ദത്ത, മൃണാൽ ജാദവ്, കമലേഷ് സാവന്ത്, സൗരഭ് ശുക്ല, നേഹ ജോഷി എന്നിവരും ചിത്രത്തിലുണ്ട്.
ആമിൽ കീയാൻ ഖാനും പർവീസ് ഷെയ്ഖും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പാഠക്, അഭിഷേക് പാഠക് എന്നിവരാണ് നിർമാണം. ഒക്‌ടോബർ രണ്ടിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.








0 comments