സ്കൂൾ കായികമേളയിലെ സംഘാടനപ്പിഴവ് വിദ്യാർഥികളോടുള്ള കൊടുംവഞ്ചന; വി ശിവൻകുട്ടി

മലപ്പുറം : സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി നടക്കുന്ന വിവിധ മത്സരങ്ങളിലെ സംഘാടനപ്പിഴവ് വിദ്യാർഥികളോട് കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ വി ശിവൻകുട്ടി പറഞ്ഞു. മുൻവർഷങ്ങളിൽ രാജ്യത്തിന് മാതൃകയായ നിലയിലാണ് എൽഡിഎഫ് സർക്കാർ ഒളിമ്പിക്സ് മാതൃകയിൽ സ്കൂൾ കായികമേള സംഘടിപ്പിച്ചത്. എന്നാൽ, യുഡിഎഫ് സർക്കാർ വേണ്ടത്ര മുന്നൊരുക്കങ്ങൾ നടത്തിയില്ല.
മത്സരത്തിനെത്തുമ്പോഴാണ് മാറ്റിവച്ച വിവരം വിദ്യാർഥികൾ അറിയുന്നത്. കുടിവെള്ളമായി മലിനജലം ഉപയോഗിക്കേണ്ട അവസ്ഥയുമുണ്ടായി. സ്വന്തം ജില്ലയിലെ സംഘാടനത്തിൽപോലും കായികമന്ത്രി തിരിഞ്ഞു നോക്കിയില്ല. നമ്മുടെ കുരുന്നുകളെ ബാധിക്കുന്ന വിഷയമാണിത്. സർക്കാരിൻ്റെ നിസ്സംഗതയ്ക്ക് കേരളം മാപ്പുകൊടുക്കില്ല. കുട്ടികൾ ഇരിക്കുന്ന ഷെഡ് തകർന്നുവീണത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും വി ശിവൻകുട്ടി പറഞ്ഞു.








0 comments