സതീശൻ സംഘപരിവാർ സ്പോൺസേർഡ് മുഖ്യമന്ത്രി; കേരളത്തെ ബിജെപി പാളയത്തിലെത്തിക്കാനുള്ള ശ്രമം ചെറുക്കും: എം വി ഗോവിന്ദൻ

തിരുവനന്തപുരം : കേരളത്തിന്റെ മുഖ്യമന്ത്രി വി ഡി സതീശൻ സംഘപരിവാറിന്റെ സ്പോൺസേർഡ് സംവിധാനമായി മാറിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആർഎസ്എസും ബിജെപിയും പറയുന്നതിനപ്പുറം പ്രവർത്തിക്കാൻ സതീശന് കഴിയുന്നില്ല. കോൺഗ്രസിലും യുഡിഎഫിലും കൂടിയാലോചനയില്ലെങ്കിലും ആർഎസ്എസ്- ബിജെപിയുമായി കൂടിയാലോചന കൃത്യമായി നടത്തുന്നുണ്ട്. കേരളത്തെ ബിജെപി പാളയത്തിലെത്തിക്കാനുള്ള ബോധപൂർവമായ തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്. ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
യുഡിഎഫ് സംവിധാനം മുഴുവൻ അലങ്കോലപ്പെട്ടു. തന്നോട് ഒരു കാര്യവും ആലോചിക്കുന്നില്ല, കൂട്ടായ ചർച്ചയില്ല, തീരുമാനങ്ങൾ പത്രങ്ങളിൽ നിന്നാണ് അറിയേണ്ടിവരുന്നത് എന്ന് യുഡിഎഫ് കൺവീനർ തന്നെ തുറന്നുപറഞ്ഞു. മിക്ക നേതാക്കൾക്കും ഇതേ അഭിപ്രായമാണ്. എല്ലാവരും അടൂർ പ്രകാശ് പറഞ്ഞതിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. വളരെ അപൂർവം പേർ മാത്രമാണ് വി ഡി സതീശന് അനുകൂലമായി നിലപാടെടുക്കുന്നത്. വലിയ രീതിയിലുള്ള വിഭജനം കോൺഗ്രസിലും യുഡിഎഫിലും വന്ന് കഴിഞ്ഞിരിക്കുന്നു. വേണ്ടത്ര കൂടിയാലോചനയില്ലെന്നാണ് നേതാക്കൾ പറയുന്നത്, എന്നാൽ കാര്യങ്ങളൊക്കെ നടക്കുന്നുമുണ്ട്. കൂടിയാലോചന എവിടെ മാത്രമാണെന്ന് ഇപ്പോൾ വ്യക്തമാണ്. എല്ലാ കാര്യങ്ങളും ഇപ്പോൾ സ്പോൺസേർഡാണ്. വിമാനയാത്ര അങ്ങനെയാണ്. ഒരോ കാര്യങ്ങൾ പരിശോധിക്കുമ്പോഴും ബിജെപിക്ക് അനുകൂലമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത് എന്നാണ് കാണാൻ സാധിക്കുന്നത്.
യുഡിഎഫിന്റെ നിലവിലെ നിലപാടാണ് പ്രശ്നം. എസ്എഫ്ഐ പ്രവർത്തകർക്കുനേരെ കടന്നാക്രമണം നടത്തുകയാണ്. യൂണിവേഴ്സിറ്റി കാമ്പസ് ഹോസ്റ്റലിൽ കയറി കുട്ടികളെ മൃഗീയമായി തല്ലി. കുട്ടികളുടെ തലയ്ക്ക് അടിച്ചു. അതിന് നേതൃത്വം നൽകിയത് ഒരു മന്ത്രിയാണ്. അതിനെതിരെ എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ അവരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സമാനമായി ഡിവൈഎഫ്ഐയും യുവമോർച്ചയും കരിങ്കൊടി പ്രതിഷേധം നടത്തി. എന്നാൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് ഡിവൈഎഫ്ഐയ്ക്കെതിരെയാണ്. സമാന സമരങ്ങളിൽ രണ്ടുതരം കേസാണ് എടുത്തത്.
മുഖ്യമന്ത്രി ആർഎസ്എസിന് കീഴടങ്ങി നിൽക്കുകയാണെങ്കിൽ ആർഎസ്എസിന് മുന്നിൽ ഇഴയുകയാണ് ലീഗ്. യുവമോർച്ച സമരങ്ങൾ കുഴപ്പമില്ലെന്ന കെ എം ഷാജിയുടെ പ്രസ്താവന ഇതിന് തെളിവാണ്. ഒരു മന്ത്രി ആത്മാഭിമാനം പൂർണമായി പണയപ്പെടുത്തി കീഴടങ്ങുന്ന കാഴ്ചയാണ് കെ എം ഷാജിയുടേത്.
തിരുവനന്തപുരത്ത് ഡിസിസി ഓഫീസ് ആക്രമിച്ചത് ആർഎസ്എസും ബിജെപിയുമാണെന്ന് എല്ലാവർക്കും വ്യക്തമായിട്ടും സംഘപരിവാർ വിധേയത്വം കാരണം ആരാണ് ആക്രമിച്ചതെന്ന് അറിയില്ലെന്നാണ് സതീശൻ പറയുന്നത്. കേരളത്തെ ബിജെപി പാളയത്തിലെത്തിക്കാനുള്ള ബോധപൂർവമായ തീരുമാനങ്ങളാണ് വി ഡി സതീശൻ നടത്തിക്കൊണ്ടിരിക്കുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് എസ്എഫ്ഐയെയും ഡിവൈഎഫ്ഐയും സിപിഐ എമ്മിനെയും തകർക്കാമെന്നാണ് കരുതുന്നതെങ്കിൽ അത് കേരളത്തിൽ നടപ്പാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.








0 comments