ഏറ്റവും സമ്പന്നരായവരുടെ സമ്പത്ത് 62 ശതമാനം വർധിച്ചു, പാവങ്ങളിലേക്ക് എത്തിയത് ഒരു ശതമാനം


എൻ എ ബക്കർ
Published on Nov 04, 2025, 12:50 PM | 4 min read
രാജ്യത്തെ ഏറ്റവും ധനികരായ ഒരു ശതമാനം പേരുടെ സമ്പത്ത് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ 62 മടങ്ങ് വർധിച്ചതായി പഠന റിപ്പോർട്. നോബൽ സമ്മാന ജേതാവ് ജോസഫ് സ്റ്റിഗ്ലിറ്റ്സിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ പഠനത്തിലാണ് വിലയിരുത്തൽ. ജി 20 യുടെ ദക്ഷിണാഫ്രിക്കൻ പ്രസിഡൻസിയ്ക്ക് കീഴിലായിരുന്നു പഠനം.
2000 നും 2023 നും ഇടയിൽ ഇന്ത്യയിലെ ഏറ്റവും ധനികരായ ഒരു ശതമാനം പേർ തങ്ങളുടെ സമ്പത്ത് 62 ശതമാനം വർധിപ്പിച്ചു. കോർപ്പറേറ്റുകൾക്കും അതിസമ്പന്ന വ്യവസായികൾക്കും വേണ്ടി രാജ്യത്തെ സർക്കാർ നയങ്ങൾ മാറ്റിമറിച്ചു. ഈ സാഹചര്യം നിലനിന്ന 13 വർഷ കാലയളവിലെ ഡാറ്റകൾ അടിസ്ഥാനമാക്കിയാണ് പഠനം.
ആഗോള അസമത്വം അടിയന്തരവും ഗുരുതരവുമായ തലങ്ങളിൽ എത്തിനിൽക്കയാണ്. ഇത് ജനാധിപത്യത്തിനും സാമ്പത്തിക സ്ഥിരതയ്ക്കും കാലാവസ്ഥാ പുരോഗതിക്കും ഭീഷണിയാണെന്നും ജോസഫ് സ്റ്റിഗ്ലിറ്റ്സ് റിപ്പോർട് ചൂണ്ടികാണിക്കുന്നു.
ലോകത്ത് അസമത്വം വർധിക്കുന്നു
2000 നും 2024 നും ഇടയിൽ ലോകത്ത് സൃഷ്ടിക്കപ്പെട്ട പുതിയ സമ്പത്തിന്റെ 41 ശതമാനവും ഏറ്റവും ഉയർന്ന സമ്പത്തിക ശേഷിയുള്ളവരുടെ കൈകളിലാണ് എത്തിച്ചേർന്നത്. ആഗോള തലത്തിൽ ഒരു ശതമാനം അതി ധനികരാണ് ഈ സമ്പത്ത് കൈപ്പിടിയിലാക്കിയത്.
അതീവ ദാരിദ്ര്യത്തിൽ കഴിയുന്നവരെയും ഇടത്തരക്കാരെയും ഭരണകൂടങ്ങൾ അപ്രധാനമായി കാണുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി മനുഷ്യരാശിയുടെ താഴെത്തട്ടിലുള്ളവർക്കും പാവപ്പെട്ടവർക്കും ഇതുവരെ ഉത്പാദിപ്പിക്കപ്പെട്ട സമ്പത്തിൽ വെറും ഒരു ശതമാനം മാത്രമേ ലഭിച്ചുള്ളൂ. വെറും ഒരു ശതമാനം വരുന്ന സമ്പന്നരായിട്ടുള്ളവർ 41 ശതമാനം സമ്പത്തും കേന്ദ്രീകൃതമായി കയ്യടക്കി. ഇതിൽ മുതലാളിത്ത സർക്കാരുകൾ കൂട്ടു നിന്നു.

ജി 20 യിലെ ആഗോള അസമത്വത്തെക്കുറിച്ചുള്ള സ്വതന്ത്ര വിദഗ്ധരുടെ സമിതിയിലെ ജയതി ഘോഷ്, വിന്നി ബ്യാന്യിമ, ഇമ്രാൻ വലോഡിയ എന്നീ സാമ്പത്തിക വിദഗ്ധർ ഇതിനെ അതീവ അപകടകരം എന്ന് മുന്നറിയിപ്പ് നൽകുന്നു.
ചൈന, ഇന്ത്യ തുടങ്ങിയ ചില ജനസംഖ്യയുള്ള രാജ്യങ്ങളിലെ പ്രതിശീർഷ വരുമാനത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് രാജ്യങ്ങൾക്കിടയിലുള്ള അസമത്വം കുറച്ചതായി റിപ്പോർട്ട് കണ്ടെത്തുന്നു. ആഗോള ജിഡിപിയിൽ ഉയർന്ന വരുമാനമുള്ള രാജ്യങ്ങളുടെ മുൻതൂക്കത്തെ ഇത് കുറച്ചു. ആഗോള കുത്തക രാജ്യങ്ങൾ എന്ന നിലയെ ഇത് തളർത്തി. എന്നാൽ സമ്പത്ത് ആസൂത്രിതമായി അതി സമ്പന്നരിലേക്ക് തന്നെ ഒഴുകി.
2000 നും 2023 നും ഇടയിൽ ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളിലെയും ഏറ്റവും ധനികരായ ഒരു ശതമാനം പേർ സമ്പത്തിന്റെ വിഹിതം വർദ്ധിപ്പിച്ചതായി റിപ്പോർട്ട് പറയുന്നു. ഈ രാജ്യങ്ങളിൽ ആഗോളതലത്തിലെ സമ്പന്നരിൽ 74 ശതമാനവും ഉൾപ്പെടുന്നു.
"ഇന്ത്യയിൽ, ഏറ്റവും ഉയർന്ന 1% പേർ ഈ കാലയളവിൽ (2000-2023) അവരുടെ സമ്പത്തിന്റെ വിഹിതം 62% വർദ്ധിപ്പിച്ചു; ചൈനയിൽ ഇത് 54% ആണ്," റിപ്പോർട്ട് പറയുന്നു.
"അങ്ങേയറ്റത്തെ അസമത്വം എന്നാണ് ഇതിനെ സമിതി വിലയിരുത്തുന്നത്. അതേ സമയം തന്നെ, ഈ അസമത്വത്തിന് കാരണമാക്കുന്നത് ബോധപൂർവ്വമുള്ള തെരഞ്ഞെടുപ്പാണ്. ഇത് അനിവാര്യമായ സാഹചര്യങ്ങളിൽ സംഭവക്കുന്നത് ഒന്നുമല്ല. രാഷ്ട്രീയ ഇച്ഛാശക്തി ഉപയോഗിച്ച് ഈ അസമത്വം മാറ്റാൻ കഴിയും. ആഗോള ഏകോപനത്തിലൂടെ ഇത് വളരെയധികം സുഗമമാക്കാൻ കഴിയും- പഠനം ചൂണ്ടികാണിക്കുന്നു.
തൊഴിലാളി അനുകൂല നിയന്ത്രണത്തിന്റെ പങ്ക് പര്യവേക്ഷണം ചെയ്യുക, കോർപ്പറേറ്റ് കേന്ദ്രീകരണം കുറയ്ക്കുക, വലിയ മൂലധന നേട്ടങ്ങൾക്ക് നികുതി ചുമത്തുക, പൊതു സേവനങ്ങളിൽ നിക്ഷേപിക്കുക, കൂടുതൽ പുരോഗമനപരമായ നികുതി, ചെലവ് നയങ്ങൾ എന്നിവ ഉൾപ്പെടുന്ന ദേശീയ നടപടി സമിതി ആഹ്വാനം ചെയ്യുന്നു.
ദാരിദ്യത്തെ കുറിച്ച് പഠിക്കാൻ ഒരു സമിതിയില്ല
ആഗോളതലത്തിൽ ഒരു നിരീക്ഷണ സമിതി ആവശ്യമാണെന്നും ചൂണ്ടികാണിക്കുന്നു. സാമ്പത്തിക ചൂഷണവും കേന്ദ്രീകരണ തന്ത്രങ്ങളും സംബബന്ധിച്ച ആഗോള പ്രവണതകൾ നിരീക്ഷിക്കുന്നതിനും നിയന്ത്രണ നയരൂപീകരണത്തിന് വഴികാട്ടുന്നതിനുമായി ഇത് പ്രവർത്തിക്കണം. ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) മാതൃകയിൽ ഒരു ഇന്റർനാഷണൽ പാനൽ ഓൺ ഇക്വാലിറ്റി (IPI) സൃഷ്ടിക്കാം എന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
“ഓരോ രാജ്യത്തിനും ദേശീയ തലത്തിൽ അസമത്വം പരിഹരിക്കാൻ സാധ്യതയുണ്ട്, അന്താരാഷ്ട്ര തലത്തിൽ സഹകരിക്കുക എന്നത് ഓരോ രാജ്യത്തിന്റെയും തന്ത്രപരമായ താൽപ്പര്യമാണ്. അസമത്വത്തെക്കുറിച്ച് ധാരാളം അക്കാദമിക് പഠനങ്ങൾ ഉണ്ടെങ്കിലും - ആഗോള അസമത്വത്തിന്റെ അവസ്ഥ വിലയിരുത്തുന്ന ഒരു കേന്ദ്ര സ്ഥാപനം പോലും ഇല്ല. തീർച്ചയായും, പല കണക്കുകളും നമ്മുടെ സമൂഹങ്ങളിലെ അസമത്വത്തിന്റെ തോതിനെ വളരെ കുറച്ചുകാണുന്നതായി തോന്നുന്നു. ശരിയായ പരിശോധന കൂടാതെ, അസമത്വം നിയന്ത്രണാതീതമായി - അത് പിടിക്കേണ്ട സമയമാണിത്.” - സമിതി അംഗവും, വിറ്റ്സ് യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറും കാലാവസ്ഥ, സുസ്ഥിരത, അസമത്വം എന്നീ മേഖലകളിലെ പ്രോ വൈസ് ചാൻസലറുമായ ഇമ്രാൻ വലോഡിയ പറയുന്നു.
ജനാധിപത്യത്തെ അട്ടിമറിക്കുന്നു
ഉയർന്ന അസമത്വം ഉള്ള രാജ്യങ്ങൾ കൂടുതൽ തുല്യരായ മനുഷ്യരുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ജനാധിപത്യപരമായ തകർച്ച അനുഭവിക്കാനുള്ള സാധ്യത ഏഴ് മടങ്ങ് കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു. ഭരണാധികാരികൾ ഈ അവസരത്തെ ഉപയോഗിക്കയും ജനാധിപത്യ അവകാശങ്ങൾ തങ്ങളുടെ അധികാരത്തിന്റെതാക്കി മാറ്റുകയും ചെയ്യുന്നു.
"2020 മുതൽ, ആഗോള ദാരിദ്ര്യ ലഘൂകരണം ഏതാണ്ട് നിലച്ചു, ചില പ്രദേശങ്ങളിൽ അത് പഴയപടിയായി. 2.3 ബില്യൺ ആളുകൾ മിതമായതോ കഠിനമോ ആയ ഭക്ഷ്യ അരക്ഷിതാവസ്ഥ നേരിടുന്നു, ലോക ജനസംഖ്യയുടെ പകുതിയും ഇപ്പോഴും അവശ്യ ആരോഗ്യ സേവനങ്ങളുടെ പരിധിയിൽ വരുന്നില്ല.
ജി20 സ്ഥാപിതമായതിനുശേഷം ആഗോള അസമത്വത്തെക്കുറിച്ചുള്ള ആദ്യത്തെ റിപ്പോർട്ടാണ്. നോബൽ സമ്മാന ജേതാവായ സാമ്പത്തിക ശാസ്ത്രജ്ഞൻ പ്രൊഫസർ ജോസഫ് സ്റ്റിഗ്ലിറ്റ്സ് അധ്യക്ഷനായ സമിതി റിപ്പോർട് കൈമാറി. ഇത് എല്ലാ ലോക നേതാക്കൾക്കും കൈമാറും.
അസമത്വത്തെക്കുറിച്ചുള്ള ലഭ്യമായ തെളിവുകൾ എല്ലായിടത്തുമുള്ള നേതാക്കളെ ആശങ്കപ്പെടുത്തണം. നമുക്ക് ഒരു കാലാവസ്ഥാ അടിയന്തരാവസ്ഥയുണ്ടെന്ന് ലോകം മനസ്സിലാക്കുന്നു. നമ്മൾ ഒരു അസമത്വ അടിയന്തരാവസ്ഥ നേരിടുന്നുവെന്ന് തിരിച്ചറിയേണ്ട സമയമാണിത്. ഇത് അന്യായവും സാമൂഹിക ഐക്യത്തെ ദുർബലപ്പെടുത്തുന്നതും മാത്രമല്ല - ഇത് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കും നമ്മുടെ രാഷ്ട്രീയത്തിനും ഒരു പ്രശ്നമാണ്. അസമത്വത്തിന്റെ ഏറ്റവും മോശമായ ചില ഫലങ്ങൾ ജനാധിപത്യത്തിലാണ്- പ്രൊഫസർ ജോസഫ് സ്റ്റിഗ്ലിറ്റ്സ്
ലോകത്തിലെ ദാരിദ്യ്രം
22 മടങ്ങ് ഇല്ലാതാക്കാനുള്ള സമ്പത്ത്
ലോകത്തിലെ ഏറ്റവും ധനികരായ ഒരു ശതമാനം പേർ 2015 മുതൽ തങ്ങളുടെ സമ്പത്ത് 33.9 ട്രില്യൺ യുഎസ് ഡോളറിലധികം വർദ്ധിപ്പിച്ചിട്ടുണ്ട്. വാർഷിക ആഗോള ദാരിദ്ര്യം 22 മടങ്ങ് ഇല്ലാതാക്കാൻ ഇത് മതിയാകും എന്ന് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.
അസമത്വം വഷളാകുന്നതിന്റെ ദീർഘകാല പ്രവണത 2008 ലെ സാമ്പത്തിക പ്രതിസന്ധി മുതൽ 2020 ലെ കോവിഡ് പാൻഡെമിക് വരെയുള്ള കാലത്ത് രൂക്ഷമായി തീർന്നതായി സമിതി ചൂണ്ടികാണിക്കുന്നു. ആഗോളവൽക്കരണത്തെ തെറ്റായി കൈകാര്യം ചെയ്തത് തിരിച്ചടിയായി. ഇത് സാമ്പത്തിക കുത്തകകൾക്ക് അനുകൂലമായി.
Nobel Prize-winning economist Joseph Stiglitz
നിയന്ത്രണങ്ങൾ നീക്കാൻ പ്രേരിപ്പിക്കുന്നതിനായി താരിഫുകൾ ആയുധമാക്കുന്നത് മുതൽ ജീവൻ സഹായം വെട്ടിക്കുറയ്ക്കുന്നത് വരെ വിടവ് വർധിപ്പിക്കുന്നു. ആഘാതങ്ങളുടെ ഒരു "തികഞ്ഞ കൊടുങ്കാറ്റ്" എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്.
ഭക്ഷ്യ, ഊർജ്ജ വിലകളിലെ വർദ്ധനവ്, കടം, വ്യാപാര യുദ്ധങ്ങൾ എന്നിവയുടെ ആഘാതങ്ങൾ, ഇതെല്ലാം സമ്പന്നരും ലോകത്തിലെ ദരിദ്രരും തമ്മിലുള്ള വർദ്ധിച്ചുവരുന്ന വിടവിന് കാരണമാക്കുന്നു. പുരോഗതിയെയും സാമ്പത്തിക ചലനാത്മകതയെയും ഈ കേന്ദ്രീകരണം ദുർബലപ്പെടുത്തുകയും ചെയ്യുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഒരു പുതിയ പ്രഭുവർഗ്ഗം സ്വാധീനം ചെലുത്തുന്നത് കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുകയാണ് എന്നും സമിതിയിലെ വിദഗ്ദ്ധർ ചൂണ്ടികാണിക്കുന്നു.
പ്രൊഫസർ ജോസഫ് ഇ. സ്റ്റിഗ്ലിറ്റ്സ് (യുഎസ്എ); ഡോ. അഡ്രിയാന ഇ. അബ്‌ഡെനൂർ (ബ്രസീൽ); മിസ് വിന്നി ബ്യാനിമ (ഉഗാണ്ട); പ്രൊഫസർ ജയതി ഘോഷ് (ഇന്ത്യ); പ്രൊഫസർ ഇമ്രാൻ വലോഡിയ (ദക്ഷിണാഫ്രിക്ക); ഡോ. വാങ്ക സെംബെ-മകാബിലെ (ദക്ഷിണാഫ്രിക്ക) എന്നിവരാണ് സമിതി (Extraordinary Committee’ of independent experts) യിലെ ആറ് സ്വതന്ത്ര വിദഗ്ധർ.










0 comments