നിത്യപ്രചോദനം ; മഹാഇടയന്‌ ലോകത്തിന്റെ വിട

francis marpapa demise
വെബ് ഡെസ്ക്

Published on Apr 22, 2025, 03:04 AM | 2 min read

വത്തിക്കാൻ സിറ്റി : മുതലാളിത്ത ചൂഷണത്തിനും സാമ്രാജ്യത്വ അതിക്രമങ്ങൾക്കുംമേലെ വിശ്വമാനവികതയുടെ പ്രാവുകൾ പറത്തി ദരിദ്രരെയും പീഡിതരെയും ഹൃദയത്തോടു ചേർത്തുപിടിച്ച മഹാഇടയന്‌ ലോകത്തിന്റെ വിട.


നല്ല മനുഷ്യനായിരിക്കാൻ ദൈവവിശ്വാസിയാകണമെന്ന്‌ നിർബന്ധമില്ലെന്ന്‌ തുറന്നുപറയുകയും അടിച്ചമർത്തലിനെതിരെ നിരന്തരം ശബ്ദമുയർത്തുകയും ചെയ്‌ത ഫ്രാൻസിസ്‌ മാർപാപ്പ ഇനി ഓർമകളിൽ നിത്യപ്രചോദനം. 2013 മാർച്ച്‌ 13 മുതൽ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം വത്തിക്കാൻ സാന്റ മാർത്തയിലെ വസതിയിൽ പ്രാദേശികസമയം തിങ്കൾ രാവിലെ 7.35നായിരുന്നു. 88 വയസ്സായിരുന്നു. രാവിലെ 9.35ന്‌ സാന്റ മാർത്ത ചാപ്പലിൽ വത്തിക്കാൻ കാമെർലെങ്കോ കർദിനാൾ കെവിൻ ഫാരെലലാണ്‌ മരണം ഔദ്യോഗികമായി അറിയിച്ചത്‌. തുടർന്ന്‌ റോമിലെ പള്ളിഗോപുരങ്ങളിൽ കൂട്ടമണി മുഴങ്ങി.


കടുത്ത ന്യുമോണിയ ബാധിച്ച്‌ റോമിലെ ജെമെല്ലി ആശുപത്രിയിൽ 38 ദിവസം ചികിത്സയിൽ കഴിഞ്ഞ മാർപാപ്പ മാർച്ച്‌ 23ന്‌ തിരിച്ചെത്തിയെങ്കിലും ഔദ്യോഗിക ചുമതലകളിലേക്ക്‌ പൂർണമായും മടങ്ങിയിരുന്നില്ല. എന്നാൽ, പെസഹാ ദിനത്തിൽ റോമിലെ ജയിലിൽ തടവുകാരുമായി കൂടിക്കാഴ്‌ച നടത്താനും ഈസ്റ്റർ ദിനത്തിൽ വിശ്വാസികളെ കാണാനും അദ്ദേഹമെത്തി. ഞായറാഴ്‌ച അമേരിക്കൻ വൈസ്‌ പ്രസിഡന്റ്‌ ജെ ഡി വാൻസുമായുള്ള കൂടിക്കാഴ്‌ചയിൽ ഡോണൾഡ്‌ ട്രംപിന്റെ കുടിയൊഴിപ്പിക്കൽനയത്തിൽ അതൃപ്തി പ്രകടിപ്പിച്ചു.


സ്വവർഗാനുരാഗം, സ്‌ത്രീപൗരോഹിത്യം, വൈദികബ്രഹ്മചര്യം, കൃത്രിമ ജനനനിയന്ത്രണം തുടങ്ങിയ വിഷയങ്ങളിൽ പുരോഗമനപരമായ നിലപാട്‌ സ്വീകരിച്ച്‌ ഫ്രാൻസിസ്‌ പാപ്പ മുൻഗാമികളിൽനിന്ന്‌ വ്യത്യസ്‌തനായി. രോഗാവശതയിൽ ഈസ്റ്റർ ദിനത്തിൽ സെന്റ്‌ പീറ്റേഴ്‌സ്‌ ചത്വരത്തിൽ എത്തിയപ്പോഴും ഇസ്രയേൽ ആക്രമണം പട്ടിണിയിലാഴ്‌ത്തിയ ഗാസയ്‌ക്ക്‌ സഹായമെത്തിക്കണമെന്നും ഉടൻ വെടിനിർത്തണമെന്നുമാണ്‌ അദ്ദേഹം ലോകത്തോട്‌ ആവശ്യപ്പെട്ടത്‌.


2013ൽ ബെനഡിക്ട്‌ പതിനാറാമൻ സ്ഥാനമൊഴിഞ്ഞശേഷം നടന്ന തെരഞ്ഞെടുപ്പിലാണ്‌ അർജന്റീനക്കാരനായ ഹോർഹെ മരിയോ ബെർഗോളിയോ കത്തോലിക്കാ സഭയുടെ 266–-ാം മാർപാപ്പയായത്‌. ലാറ്റിനമേരിക്കയിൽനിന്നുള്ള ആദ്യ മാർപാപ്പ പാവങ്ങളുടെ പുണ്യാളനായ അസീസിയിലെ ഫ്രാൻസിസിന്റെ പേര്‌ സ്വീകരിച്ചു. ഈശോസഭ(ജെസ്യൂട്ട്‌)യിൽനിന്നുള്ള ആദ്യ വലിയ ഇടയൻ 1272 വർഷത്തിനുശേഷം യൂറോപ്പിനു പുറത്തുനിന്നുള്ള ആദ്യ മാർപാപ്പയുമാണ്‌.


ഇറ്റലിയിലെ മുസ്സോളിനി ഭരണത്തിൽനിന്ന്‌ രക്ഷപ്പെട്ട്‌ അർജന്റീനയിലേക്ക്‌ കുടിയേറിയ മരിയോ ഹോസെ ബെർഗോളിയോയുടെയും റെജിന മരിയ സിവോരിയയുടെയും മകനായി ബ്യൂനസ്‌ ഐറിസിൽ 1936 ഡിസംബർ 17നാണ്‌ ഹോർഹെ മരിയോ ബെർഗോളിയോ ജനിച്ചത്‌. ബെർഗോളിയോ സെമിനാരിയിൽ ചേർന്ന്‌ 1967ൽ ദൈവശാസ്‌ത്രപഠനം പൂർത്തിയാക്കി. 1969 ഡിസംബർ 13ന് വൈദികപട്ടം സ്വീകരിച്ചു. സാൻ മിഗേൽ സെമിനാരിയിൽ ദൈവശാസ്‌ത്രാധ്യാപകനായി. 1973-–-1979ൽ ഈശോസഭയുടെ അർജന്റീന പ്രൊവിൻഷ്യാളും 1980ൽ സാൻ മിഗേൽ സെമിനാരി അധിപനുമായി. ബ്യൂനസ്‌ ഐറിസ്‌ കർദിനാളായിരിക്കെയാണ്‌ മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്‌.


മാർപാപ്പയുടെ മൃതദേഹം കാമർലെങ്കോ കെവിൻ ഫാരലിന്റെ നേതൃത്വത്തിൽ പ്രാദേശികസമയം രാത്രി എട്ടോടെ ശവമഞ്ചത്തിലേക്ക്‌ മാറ്റി. ബുധൻ രാവിലെ പൊതുദർശനത്തിനായി സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയിൽ എത്തിക്കും. മുൻകാലങ്ങളിൽനിന്ന്‌ വ്യത്യസ്തമായി, അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം റോമിലെ സെന്റ്‌ മേരി മേജർ ബസിലിക്കയിലാകും അടക്കംചെയ്യുക. ലളിതമായി ചടങ്ങ്‌ മതിയെന്ന്‌ അദ്ദേഹംതന്നെ നിർദേശിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home