ബീച്ചുകളിലും പാർക്കുകളിലും പുകവലി നിരോധിക്കും

smoking
വെബ് ഡെസ്ക്

Published on May 30, 2025, 05:12 PM | 1 min read

പാരീസ്: കുട്ടികളുടെ സുരക്ഷയ്ക്കായി ബീച്ചുകളിലും പാർക്കുകളിലും സ്കൂളുകൾക്ക് പുറത്തും മറ്റ് സ്ഥലങ്ങളിലും പുകവലി നിരോധിക്കുമെന്ന് ഫ്രാൻസിന്റെ ആരോഗ്യ മന്ത്രി പറഞ്ഞു.


ജൂലൈയിൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് വ്യാഴാഴ്ച വൈകുന്നേരം ഔസ്റ്റ് ഫ്രാൻസ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ കാതറിൻ വൗട്രിൻ പറഞ്ഞു. ഇ സിഗരറ്റുകൾക്ക് നിരോധനം ബാധകമല്ല. നിരോധനം ലംഘിക്കുന്ന വ്യക്തികൾക്ക് 13,000 രൂപ (135 യൂറോ) വരെ പിഴ ചുമത്താം.


പുകവലി നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന്‌ പൊതുജനങ്ങളുടെ ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. അടുത്തിടെ നടന്ന ഒരു അഭിപ്രായ വോട്ടെടുപ്പിൽ 62 ശതമാനം ഫ്രഞ്ച് പൗരന്മാരും പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കുന്നതിനെ അനുകൂലിച്ചിരുന്നു.


ഫ്രാൻസിൽ പുകവലി മൂലം പ്രതിദിനം 200 പേർ മരിക്കുന്നുവെന്നും വൗട്രിൻ പറഞ്ഞു. ഫ്രഞ്ച് ഒബ്സർവേറ്ററി ഫോർ ഡ്രഗ്സ് ആൻഡ് അഡിക്റ്റീവ് ട്രെൻഡ്സ് ഈ മാസം പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, 18-75 വയസ്സ് പ്രായമുള്ളവരിൽ നാലിലൊന്ന് പേർ ദിവസവും പുകവലിക്കുന്നുണ്ടെന്ന് കണ്ടെത്തി. 1990 കൾക്ക്‌ ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വർഷം യുകെയും സമാനമായ പുകവലി നിരോധനം പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home