ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു

പാരീസ് : ഫ്രാൻസിനെ രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്കു തള്ളി പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. അധികാരമേറ്റ് 26 ദിവസത്തെ ഭരണത്തിനൊടുവിലാണ് രാജി. രണ്ടു വർഷത്തിനിടെ അഞ്ചു പ്രധാനമന്ത്രിമാർ വേണ്ടിവന്ന ഫ്രാൻസ് ഇതോടെ കൂടുതൽ രാഷ്ട്രീയ അനിശ്ചിതത്വത്തിലായി. രാഷ്ട്രീയ അസ്ഥിരതയ്ക്കിടയിൽ സെപ്തംബറിലാണ് ഫ്രാങ്കോയിസ് ബെയ്‌റൂവിനെ മാറ്റി ലെകോർണു ഫ്രാൻസിന്റെ പ്രധാനമന്ത്രിയായത്.
ബജറ്റിനെ പിന്തുണയ്ക്കാൻ എംപിമാർ വിസമ്മതിച്ചതിനെത്തുടർന്ന് ഫ്രാൻസ്വാ ബെയ്‌റൂവിന്റെ സർക്കാർ വീണതിനെ തുടർന്നാണ് അദ്ദേഹം സ്ഥാനമേറ്റത്. 2025 ന്റെ ആദ്യ പാദത്തിന്റെ അവസാനത്തിൽ ഫ്രാൻസിന്റെ പൊതു കടം 3.346 ട്രില്യൺ യൂറോ (USD 3.9 ട്രില്യൺ)യാണ്. ജിഡിപിയുടെ 114 ശതമാനം. ഈ കടം തീർക്കലാണ് പ്രധാന ബജറ്റായി തുടരുന്നത്. ഇത് സംസ്ഥാന ചെലവിന്റെ ഏകദേശം 7 ശതമാനമാണ്. ബെയ്‌റൂവിന്റെ മന്ത്രിസഭയിൽനിന്ന് വലിയ മാറ്റമൊന്നുമില്ലാത്ത മന്ത്രിസഭയെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ലെകോർണു രാജിവച്ചത്.
സർക്കാരിന്റെ ചെലവുചുരുക്കൽ നയത്തിനെതിരെ ഫ്രാൻസിൽ ഉടനീളം സമരം തുടരുന്നതിനിടെയാണ് മറ്റൊരു പ്രധാനമന്ത്രികൂടി പുറത്തേക്കുപോകുന്നത്. ഇതോടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നിലനിൽപ്പും പരുങ്ങലിലായി. ഒരു പാർടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന 2024-ലെ തിരഞ്ഞെടുപ്പിന് ശേഷമാണ് ഫ്രാൻസ് രാഷ്ട്രീയ അനിശ്ചിതത്വത്തിലായത്.









0 comments