ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുകവലിക്ക് നിരോധനം; ലംഘിച്ചാൽ 700 യൂറോ പിഴ

പാരീസ്: ഫ്രാൻസിൽ പൊതുസ്ഥലങ്ങളിൽ പുകവലിക്ക് നിരോധനം. നിയമം ലംഘിച്ചാൽ 700 യൂറോ പിഴ ഈടാക്കും. പാർക്കുകളിലും സ്പോർട്സ് വേദികളിലും, ബീച്ചുകളിലും ബസ് സ്റ്റോപ്പുകളിലും സ്കൂളുകളിലും പരിസരത്തും കുട്ടികളുള്ള സ്ഥലങ്ങളിലുമാണ് പുകവലിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് സർക്കാർ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നൽകിയത്. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരും.
ഇലക്ട്രോണിക് സിഗരറ്റുകൾക്ക് നിരോധനം ബാധകമല്ല. ബാറുകളിലും റെസ്റ്റോറന്റുകളിലും നിരോധനം ഏർപ്പെടുത്തിയിട്ടില്ല. ബീച്ചിലെ പുകപടലങ്ങളിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.
സ്കൂളുകൾ, നീന്തൽക്കുളങ്ങൾ, ലൈബ്രറികൾ, പ്രായപൂർത്തിയാകാത്തവർ ഉണ്ടാകാനിടയുള്ള മറ്റ് സ്ഥലങ്ങൾ എന്നിവയുടെ 10 മീറ്റർ ചുറ്റളവിൽ ആളുകൾ പുകവലിക്കരുത്. ഈ പ്രദേശങ്ങളിൽ പുകവലിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ ദൂരം വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അത്തരം പ്രദേശങ്ങൾ അടയാളപ്പെടുത്താൻ ഉപയോഗിക്കുന്ന ചിഹ്നം പുറത്തിറക്കുമെന്നും മന്ത്രാലയം അറിയിച്ചു.
നിരോധനം ലംഘിക്കുന്നവർക്ക് 135 യൂറോ ($160) മുതൽ പരമാവധി 700 യൂറോ വരെ പിഴ ചുമത്താം. കഫേ ടെറസുകളിൽ പുകവലിക്കാനുള്ള അനുമതി തുടരുന്നതിനെ പുകവലിക്കെതിരെയുള്ള ദേശീയ സമിതി (സിഎൻസിടി) വിമർശിച്ചു. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം സ്വാഗതാർഹമാണെന്നും എന്നാൽ നിയമം അപര്യാപ്തമാമെന്നും സിഎൻസിടി നേതൃത്വം അറിയിച്ചു.









0 comments