മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി അന്തരിച്ചു

അബ്ദുള്ള അഹമ്മദ് ബദവി photo credit: facebook
ക്വാലാലംപൂർ: മലേഷ്യൻ മുൻ പ്രധാനമന്ത്രി അബ്ദുള്ള അഹമ്മദ് ബദവി(85)അന്തരിച്ചു. ക്വാലാലംപൂരിലെ നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ചായിരുന്നു അന്ത്യം. മുൻ ആരോഗ്യ മന്ത്രിയും അദ്ദേഹത്തിന്റെ മരുമകനുമായ ഖൈരി ജമാലുദ്ദീനാണ് മരണവിവരം പങ്കുവെച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ചയാണ് അബ്ദുള്ളയെ നാഷണൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചതെന്നും ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചതായും ഇൻസ്റ്റിറ്റ്യൂട്ട് പ്രസ്താവനയിൽ പറഞ്ഞു.
2003 ലാണ് അബ്ദുള്ള അഹമ്മദ് ബദവി മലേഷ്യയുടെ അഞ്ചാമത്തെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. 22 വർഷത്തെ ഭരണത്തിനു ശേഷം മഹാതിർ മുഹമ്മദ് രാജിവച്ചതിനെത്തുടർന്നാണ് ബദവി അധികാരത്തിൽ വരുന്നത്.
മുൻ പ്രധാനമന്ത്രി മഹാതിർ ബിൻ മുഹമ്മദ് തന്റെ ഡെപ്യൂട്ടി അൻവർ ഇബ്രാഹിമിനെ പുറത്താക്കിയതിനുശേഷം, അബ്ദുല്ല ബദാവിയെ ഉപപ്രധാനമന്ത്രിയായി നിയമിക്കുകയായിരുന്നു. അതിനുശേഷം മഹാതിർ രാജിവച്ചതിനെത്തുടർന്ന് അബ്ദുള്ള ബദാവിയെ പ്രധാനമന്ത്രിയായി നിയമിച്ചു.
2004 ലെ മലേഷ്യൻ പൊതുതെരഞ്ഞെടുപ്പിൽ അബ്ദുള്ള ബദവി വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. 2008-ലെ പൊതുതെരഞ്ഞെടുപ്പിൽ, അബ്ദുള്ള ബദാവിയുടെ ഭരണകക്ഷിയായ ബാരിസാൻ നാഷനൽ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി.









0 comments