ഇറാഖ് മുൻ പ്രസിഡന്റ് ബർഹാം സാലിഹ് യുഎൻ അഭയാർത്ഥി ഏജൻസി തലവൻ

ജനീവ: ഐക്യ രാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി തലവനായി മുൻ ഇറാഖ് പ്രസിഡന്റ് ബർഹാം സാലിഹിനെ യുഎൻ പ്രഖ്യാപിച്ചു. 1970 കളുടെ അവസാനത്തിനുശേഷം മിഡിൽ ഈസ്റ്റിൽ നിന്നും ഈ പദവിയിലെത്തുന്ന ആദ്യത്തെ വ്യക്തിയാണ്.
193 അംഗ പൊതുസഭ സമവായത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കുർദിഷ് നേതാവായ ബർഹാം സാലിഹ് തന്റെ 65ാമത്തെ വയസിലാണ് ചുമതലയിൽ എത്തുന്നത്.
മുൻ അഭയാർത്ഥി സമിതി മേധാവി കൂടിയായ ഇപ്പോഴത്തെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ബർഹാം സാലിഹിനെ സ്വാഗതം ചെയ്തു. "ഒരു അഭയാർത്ഥിയും പ്രതിസന്ധികൾ കുരുക്കഴിക്കുന്നതിലെ ചർച്ചക്കാരനും ദേശീയ പരിഷ്കാരങ്ങളുടെ ശിൽപിയുമായ ഇദ്ദേഹത്തിന്റെ നയതന്ത്ര, രാഷ്ട്രീയ, ഭരണ നേതൃ പരിചയങ്ങൾ യു എൻ സമിതിക്ക് മുതൽക്കൂട്ടാവും" എന്ന് പറഞ്ഞു.
1979 ൽ 19 വയസ്സുള്ളപ്പോൾ കുർദിഷ് ദേശീയ പ്രസ്ഥാനത്തിൽ പങ്കെടുത്തതിന്റെ പേരിൽ സാലിഹിനെ സദ്ദാം ഹുസൈന്റെ ബാത്ത് പാർട്ടി അറസ്റ്റ് ചെയ്തിരുന്നു. രണ്ടു തവണയായി 43 ദിവസം തടങ്കലിൽ കഴിയുകയും ചെയ്തു. മോചിതനായ ശേഷം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ബ്രിട്ടണിലേക്ക് പലായനം ചെയ്തു.
2003-ൽ യുഎസ് നേതൃത്വത്തിലുള്ള സഖ്യകക്ഷി സദ്ദാമിനെ പുറത്താക്കിയ ശേഷം സാലിഹ് ഇറാഖിലേക്ക് മടങ്ങി. സർക്കാരിൽ വിവിധ പദവികൾ വഹിച്ചു. 2018-ൽ അദ്ദേഹം ഇറാഖിന്റെ പ്രസിഡന്റായി. 2022 വരെ തുടർന്നു.
സ്ഥാനാരോഹണം പ്രതിസന്ധി ഘട്ടത്തിൽ
ഫിലിപ്പോ ഗ്രാൻഡിക്ക് പകരക്കാരനായാണ് സാലിഹ് അഭയാർത്ഥി ഏജൻസി (United Nations High Commissioner for Refugees) തലവനായി സ്ഥാനമേൽക്കുന്നത്. ഫിലിപ്പോ ഗ്രാൻഡി അഞ്ച് വർഷങ്ങളിലായുള്ള രണ്ട് ടേം പദവിയിൽ തുടർന്നു. ഇതിന്റെ കാലാവധി ഡിസംബർ 31-ന് അവസാനിക്കും.
സാലിഹിന്റെ അഞ്ച് വർഷത്തെ കാലാവധി ജനുവരി 1-ന് ആരംഭിക്കും. ഇതോടെ ജനീവ ആസ്ഥാനമായുള്ള യുഎൻഎച്ച്സിആറിന്റെ അധികാരം അദ്ദേഹത്തിലാവും. യു എസും മറ്റ് പാശ്ചാത്യ രാജ്യങ്ങളും സഹായ സംഭാവനകൾ കുത്തനെ കുറച്ചതിനെത്തുടർന്ന് പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് പുതിയ തലവന്റെ വരവ്.
തെരഞ്ഞെടുപ്പിനുശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ, അഭയാർത്ഥി എന്ന നിലയിലുള്ള തന്റെ ഇതുവരെയുള്ള അനുഭവങ്ങൾ മുൻനിർത്തി "സഹാനുഭൂതി, പ്രായോഗികത, അന്താരാഷ്ട്ര നിയമത്തോടുള്ള തത്വാധിഷ്ഠിത പ്രതിബദ്ധത എന്നിവയിൽ അധിഷ്ഠിതമായ ഒരു നേതൃത്വ സമീപനത്തിന്" വഴിയൊരുക്കുമെന്ന് സാലിഹ് പറഞ്ഞു.
അമേരിക്കയും യുറോപ്പും മാനുഷിക ധനസഹായത്തിൽ വലിയ വെട്ടിക്കുറവുകൾ വരുത്തിയിട്ടും UNHCR 128 രാജ്യങ്ങളിൽ സാന്നിധ്യം തുടരുന്നു. സഭയുടെ കീഴിലുള്ള 14,600-ലധികം ജീവനക്കാരിൽ ഏകദേശം 90 ശതമാനവും ഈ മേഖലയിൽ പ്രവർത്തിക്കുന്നു. പലായനം ചെയ്യാൻ നിർബന്ധിതരായ ആളുകളെ സംരക്ഷിക്കുന്നതിന്റെ 75 വർഷം ഈ മാസം UNHCR ആഘോഷിക്കയാണ്.









0 comments