print edition കോക്‌പിറ്റിൽ കത്തിക്കുത്ത്; ഫ്‌ളൈ ദുബായ് വിമാനം ഇടിച്ചിറക്കി

ടെൽഅവീവ് : ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറന്ന യാത്രാവിമാനത്തിന്റെ കോക്പിറ്റിൽ സംഘർഷാവസ്ഥയുണ്ടായതിനെ തുടർന്ന് സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി ഇടിച്ചിറക്കി. ഒമാൻ സദേശിയായ പൈലറ്റ് നടത്തിയ അതിക്രമം ഇന്ത്യക്കാരനായ സഹ പൈലറ്റ് ക്യാപ്‌റ്റൻ സ്‌മിത് മച്ഛാർ ചെറുത്തതേോടെയാണ് 27 കുട്ടികളടക്കം 174 യാത്രികരുള്ള വിമാനം വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. പൈലറ്റുമാരിൽ ഒരാൾ മടക്കുകത്തി ഉപയോഗിച്ച് മറ്റേയാളെ കുത്തിയതായി ദൃക്‌സാക്ഷികളായ യാത്രക്കാർ വെളിപ്പെടുത്തി.
വിമാനം തട്ടിക്കൊണ്ടുപോകുന്നതായി അടിയന്തര അപായ സന്ദേശം ലഭിച്ചതിനെ തുടർന്ന് ഇസ്രയേലിൽ വൻസുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചു. വിമാനം നിരീക്ഷിക്കാൻ സൗദിയും ഇസ്രയേലും യുദ്ധവിമാനങ്ങൾ അയച്ചു. വിമാനം പറന്ന ഉയരം കേവലം രണ്ട് മിനിറ്റിനുള്ളിൽ 34,000 അടിയിൽ നിന്ന് 16,600 അടിയോളമായി താണു.
പറക്കലിനിടെ കോക്പിറ്റിൽ പൈലറ്റുമാർ തമ്മിൽ തർക്കവും കത്തിക്കുത്തും നടന്നതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തു. താബൂക്കിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്‌ദുൽ അസീസ് വിമാനത്താവളത്തിൽ ഇറക്കിയ യാത്രികർ സുരക്ഷിതരാണ്. സഹപൈലറ്റിനെ കുത്തിയ പൈലറ്റിനെ സൗദി സുരക്ഷാ വിഭാഗം ചോദ്യംചെയ്യുന്നു.
ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് ടെൽ അവീവിനടുത്തുള്ള ബെൻ ഗുറിയോൺ വിമാനത്താവളത്തിലേക്ക് പറന്ന ഫ്‌ളൈ ദുബായ് വിമാന (എഫ്ഇസെഡ് 1073) ത്തിലാണ് ഞെട്ടിക്കുന്ന സംഭവം. പുറപ്പെട്ട് ഒന്നര മണിക്കൂറിന് ശേഷം ജോർദാൻ വ്യോമാതിർത്തിയിൽ പ്രവേശിക്കവെ പെട്ടെന്ന് താഴ്‌ന്ന് ദിശ മാറുകയായിരുന്നു.
ഫ്‌ളൈറ്റ് ട്രാക്കിങ് വിവര പ്രകാരം ചുരുങ്ങിയ സമയത്തിനുള്ളിൽ വിമാനം 17,000 അടിയോളം താഴേക്ക് പതിച്ചു. ഇതിനിടെ വിമാനത്തിൽനിന്ന് പൊതു അടിയന്തരാവസ്ഥ സൂചിപ്പിക്കുന്ന ‘7700' എന്ന കോഡും, തുടർന്ന് നിയമവിരുദ്ധ കടന്നുകയറ്റമോ തട്ടിക്കൊണ്ടുപോകലോ സൂചിപ്പിക്കുന്ന ‘7500' എന്ന ട്രാൻസ്‌പോണ്ടർ കോഡും സന്ദേശമായി അയച്ചു.
വിമാനത്തിന്റെ ക്യാപ്റ്റനും ഫസ്റ്റ് ഓഫീസർക്കും പരിക്കേറ്റെന്നും ഇവരെ താബൂക്കിലെ ആശുപത്രിയിലേക്ക് മാറ്റിയതായും സൗദി എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു. പറക്കലിനിടെ കോക്പിറ്റിൽ വെച്ച് സഹപൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം വിമാനം അപകടപ്പെടുത്താൻ ശ്രമിച്ച പൈലറ്റിനെ യാത്രക്കാരും ജീവനക്കാരും ചേർന്ന് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
വിമാനം അന്തരീക്ഷത്തിൽ കുത്തനെ താഴേക്ക് പതിക്കാൻ തുടങ്ങിയതോടെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരനും ക്രൂ അംഗങ്ങളും കോക്പിറ്റിലേക്ക് ഇരച്ചുകയറുകയും പൈലറ്റിനെ കീഴ്‌പ്പെടുത്തുകയുമായിരുന്നു. തുടർന്ന് മറ്റ് ജീവനക്കാർ വിമാനത്തിന്റെ നിയന്ത്രണം വീണ്ടെടുത്തുവെന്നും നെതന്യാഹു പറഞ്ഞു.
കോക്പിറ്റിൽ അക്രമ സംഭവമുണ്ടായെന്നും സർവീസിലുണ്ടായിരുന്ന മറ്റ് ജീവനക്കാരാണ് വിമാനം സുരക്ഷിതമായി സൗദിയിൽ ഇറക്കിയതെന്നും എന്നാൽ, സംഭവത്തിന് പിന്നിലെ യഥാർഥ കാരണം വ്യക്തമല്ലെന്നും ഫ്‌ളൈ ദുബായ് വക്താവ് പ്രതികരിച്ചു.







0 comments