print edition ഗാസയിൽ 2 കുഞ്ഞുങ്ങളടക്കം 5 പേരെ കൊന്നൊടുക്കി

ഗാസ സിറ്റി: ഗാസയിൽ ഇസ്രയേലി വ്യോമാക്രമണങ്ങളിലും വെടിവയ്‌പിലുമായി രണ്ട് കുട്ടികളടക്കം അഞ്ച് പലസ്തീൻകാർകൂടി കൊല്ലപ്പെട്ടു. 30 പേർക്ക് മാരകമായി പരിക്കേറ്റിട്ടുണ്ട്. മുൻപ് നടന്ന ആക്രമണങ്ങളിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു.
പുതിയ അധ്യയനവർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സ്കൂൾ സാമഗ്രികൾ വാങ്ങി മടങ്ങുകയായിരുന്ന ഏഴുവയസ്സുകാരി വഫ അഖീലയും അച്ഛനും സഞ്ചരിച്ച വാഹനത്തിനുനേരെ സൈന്യം മിസൈൽ വർഷിക്കുകയായിരുന്നു. മണിക്കൂറുകൾക്കകം ദേർ അൽ ബലായിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സകിന സ്കൂളിനുനേരെ നടത്തിയ പീരങ്കിയാക്രമണത്തിൽ സാദി ഗാലിയ എന്ന ഒന്നാം ക്ലാസ് വിദ്യാർഥി കൊല്ലപ്പെട്ടു. ലോകമെമ്പാടും കുട്ടികൾ പുതിയ അധ്യയന വർഷത്തിന് തയ്യാറെടുക്കുമ്പോൾ ഗാസയിലെ കുഞ്ഞുങ്ങൾ വംശഹത്യക്കും കൂട്ടക്കുരുതിക്കുമാണ് ഇരയാകുന്നതെന്ന് പലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം അപലപിച്ചു.
ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നുവെന്ന പ്രഖ്യാപനത്തിനുശേഷം 1,352 പലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ 2023 ഒക്ടോബറിൽ ഇസ്രയേൽ ആരംഭിച്ച വംശഹത്യയിൽ ഇതുവരെ 73,658 പേർ കൊല്ലപ്പെട്ടു.
ഗാസയിലും വെസ്റ്റ്ബാങ്കിലും വ്യാപക റെയ്ഡും കൂട്ട അറസ്റ്റും
അമേരിക്കയുടെ ഒത്താശയോടെ പലസ്തീൻ ജനതയ്ക്കുനേരെ ഇസ്രയേൽ അധിനിവേശസേന വംശീയവേട്ട ശക്തമാക്കി. തിങ്കളാഴ്‌ച രാവിലെ ഗാസയിലും അധിനിവേശ വെസ്റ്റ്ബാങ്കിലുടനീളവും ഇസ്രയേലി സൈന്യം വ്യാപകമായ റെയ്ഡും കൂട്ട അറസ്റ്റും നടത്തിയതായി പലസ്തീൻ വാർത്താ ഏജൻസിയായ ‘വഫ' റിപ്പോർട്ട്ചെയ്തു. കുട്ടികളെ വരെ ലക്ഷ്യമിട്ടാണ് ഭീകരത. ഗാസ നഗരതീരത്ത് മത്സ്യത്തൊഴിലാളികൾക്കുനേരെ ഇസ്രയേൽ നാവികസേന നടത്തിയ വെടിവയ്പിൽ രണ്ട് പേർക്ക് മാരകമായി പരിക്കേറ്റു. വെസ്റ്റ്ബാങ്കിലെ റമല്ലയിൽ രണ്ട് മുൻ പലസ്തീൻ തടവുകാരെ വീടുകൾ തകർത്ത് സൈന്യം അറസ്റ്റ് ചെയ്തു. തുൽക്കറം നഗരത്തിന് കിഴക്കും വടക്കുമുള്ള പട്ടണങ്ങളിൽ നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും തകർത്തു. നാലുപേരെ സൈന്യം തടവിലാക്കി.
റമല്ലയ്ക്ക് പടിഞ്ഞാറുള്ള നിലിൻ പട്ടണത്തിൽ വീട് റെയ്ഡ് ചെയ്ത് പതിനഞ്ചവയസ്സുകാരനെയും സൈന്യം പിടിച്ചുകൊണ്ടുപോയി. നബ്‌ലസിന് കിഴക്കും തെക്കും ഭാഗങ്ങളിൽ അച്ഛനെയും മകനെയും ഉൾപ്പെടെ നാല് പലസ്തീൻകാരെ ഇസ്രയേൽ സൈനികർ തടവിലാക്കി. ഇസ്രയേലി കുടിയേറ്റക്കാരും വെസ്റ്റ്ബാങ്കിൽ സമാന്തരമായി അക്രമം രൂക്ഷമാക്കിയിട്ടുണ്ട്. നബ്‌ലസിന് തെക്ക് കർഷകരുടെ ഷെഡുകൾ തകർക്കുകയും വൈദ്യുതി പോസ്റ്റുകൾ നശിപ്പിക്കുകയും ചെയ്തു.
രണ്ട് പലസ്തീൻ കർഷകരെ മർദ്ദിച്ചവശരാക്കി. ജോർദാൻ താഴ്‌വരയിലെ അൽ-ഹദിദിയ മേഖലയിൽ പലസ്തീൻ കുടുംബങ്ങളുടെ കൃഷിഭൂമി ഇസ്രയേലി കുടിയേറ്റക്കാർ വേലികെട്ടി കൈയേറുകയാണ്. പലസ്തീൻ കർഷകർക്ക് സ്വന്തം കൃഷിയിടങ്ങളിലേക്ക് പ്രവേശിക്കുന്നതിനും കൃഷിയിറക്കുന്നതിനുമുള്ള അവകാശം പൂർണമായി നിഷേധിക്കപ്പെട്ടു.










0 comments