മാലിയിൽ അഞ്ച് ഇന്ത്യക്കാരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി

ബമാകോ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണ് സംഭവം. വൈദ്യുതീകരണ പദ്ധതികളിൽ പ്രവർത്തിക്കുന്ന കമ്പനിയിലെ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയതെന്ന് കമ്പനിയും സുരക്ഷാ വൃത്തങ്ങളും അറിയിച്ചു.
അഞ്ച് ഇന്ത്യൻ പൗരന്മാരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയെന്ന് കമ്പനി സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. തട്ടിക്കൊണ്ടുപോകലുകളുടെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരെ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റി. നിലവിൽ സൈനിക ഭരണകൂടത്തിനാണ് മാലിയുടെ നിയന്ത്രണം.
2012 മുതൽ അട്ടിമറികളും സംഘർഷങ്ങളും നിറഞ്ഞ രാജ്യത്ത് വിദേശ പൗരന്മാരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സെപ്തംബറിൽ ബമാകോയ്ക്ക് സമീപം രണ്ട് എമിറാത്തി പൗരന്മാരെയും ഒരു ഇറാനിയനെയും ജെഎൻഐഎം തട്ടിക്കൊണ്ടുപോയിരുന്നു. 50 മില്യൺ ഡോളറിന്റെ മോചനദ്രവ്യം നൽകിയതോടെ കഴിഞ്ഞ ആഴ്ച ഇവരെ വിട്ടയച്ചു.
അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുള്ള ക്രിമിനൽ ഗ്രൂപ്പുകളാണ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയതെന്ന് റിപ്പോർട്ടുണ്ട്. സൈനിക ഭരണം നടക്കുന്ന മാലിയിൽ ദീർഘനാളുകളായി അശാന്തി തുടരുകയാണ്. സുരക്ഷാ സാഹചര്യം രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.








0 comments