ഭൂചനലത്തിനുപിന്നാലെ റഷ്യയിലും ജപ്പാനിലും ആഞ്ഞടിച്ച് തിരകൾ; ആളുകളെ ഒഴിപ്പിക്കുന്നു

മോസ്കോ : റഷ്യയെ വിറപ്പിച്ച തീവ്ര ഭൂചലനത്തിനു പിന്നാലെ റഷ്യയിലെയും ജപ്പാനിലെയും ചില തീരങ്ങളിൽ സുനമിത്തിരകൾ ആഞ്ഞടിച്ചു. റഷ്യയിലെ കുറിൽ ദ്വീപുകളുടെയും ജപ്പാനിലെ വടക്കൻ ദ്വീപായ ഹോക്കൈഡോയുടെയും തീരപ്രദേശങ്ങളിലാണ് ശക്തമായ തിരകളടിച്ചത്. റഷ്യയിലെ കാംചത്കയുടെ ചില ഭാഗങ്ങളിൽ 3-4 മീറ്റർ (10-13 അടി) ഉയരമുള്ള തിരകളാണുണ്ടായത്. ഹോക്കൈഡോയിൽ 30 സെന്റീമീറ്റർ ഉയരത്തിലാണ് ആദ്യ തിരമാലകൾ അടിച്ചത്. ശക്തിയേറിയ തിരമാലകൾ ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പലയിടങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി.
യുഎസിലും സുനാമി മുന്നറിയിപ്പുണ്ട്. ഹവായിയിലെ ഹോണോലുലുവിൽ സുനാമി മുന്നറിയിപ്പ് സൈറണുകൾ മുഴക്കി. ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. അധികൃതരുടെ നിർദേശങ്ങൾ പാലിക്കാൻ ഹവായ് ഗവർണർ ജോഷ് ഗ്രീൻ ജനങ്ങളോട് ആവശ്യപ്പെട്ടു. ഹവായിക്ക് പുറമെ, വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തും യുഎസ് ദ്വീപ് പ്രദേശമായ ഗുവാമിലും മൈക്രോനേഷ്യയിലെ മറ്റ് ദ്വീപുകളിലും ഉയർന്ന തിരമാല മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
റഷ്യൻ തുറമുഖ പട്ടണമായ സെവേറോ-കുറിൽസ്കിൽ മൂന്ന് സുനാമി തിരമാലകൾ ആഞ്ഞടിച്ചു. തുറമുഖത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകളുണ്ടായി. തിരകളെത്തുടർന്ന് നിരവധി കപ്പലുകൾ കടലിടുക്കിലേക്ക് തെന്നിനീങ്ങി. തുറമുഖത്ത് ആഞ്ഞടിച്ച മൂന്നാമത്തെ തിര ശക്തമായിരുന്നുവെന്ന് റഷ്യയിലെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പട്ടണത്തിന്റെ ഒരു ഭാഗം വെള്ളത്തിനടിയിലായതായും റിപ്പോർട്ടുണ്ട്. സഖാലിൻ ദ്വീപിലെ താമസക്കാരെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ടാസ് റിപ്പോർട്ട് ചെയ്യുന്നു.
ഹോക്കൈഡോയുടെ കിഴക്കൻ തീരത്തുള്ള നെമുറോയിൽ ഏകദേശം 30 സെന്റീമീറ്റർ ഉയരമുള്ള ആദ്യത്തെ സുനാമി തിരമാല എത്തിയതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഹവായ്, ചിലി, ജപ്പാൻ, സോളമൻ ദ്വീപുകൾ എന്നിവിടങ്ങളിലെ ചില തീരപ്രദേശങ്ങളിൽ വേലിയേറ്റ നിരപ്പിൽ നിന്ന് 1 മുതൽ 3 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. റഷ്യയുടെയും ഇക്വഡോറിന്റെയും ചില തീരപ്രദേശങ്ങളിൽ 3 മീറ്ററിൽ കൂടുതൽ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
അലാസ്ക ആസ്ഥാനമായുള്ള ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം, അലാസ്ക അലൂഷ്യൻ ദ്വീപുകളുടെ ചില ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകി. കാലിഫോർണിയ, ഒറിഗോൺ, വാഷിംഗ്ടൺ ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരത്തിന്റെ ചില ഭാഗങ്ങളിലും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
ബുധൻ പുലർച്ചെയാണ് റഷ്യയിൽ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. റഷ്യയിലെ പെട്രോപാവ്‌ലോവ്‌സ്ക്-കാംചത്കയുടെ തെക്കുകിഴക്കായി ഏകദേശം 74 മൈൽ (119 കിലോമീറ്റർ) മാറി 20.7 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. അതിനുശേഷം നിരവധി ശക്തമായ തുടർചലനങ്ങൾ ഉണ്ടായിട്ടുണ്ട്.








0 comments