ഇന്തോനേഷ്യൻ കപ്പൽശാലയിൽ എണ്ണ ടാങ്കറിൽ തീപിടിത്തം: സ്ഫോടനത്തിൽ 10 മരണം

PHOTO CREDIT: X
ജക്കാർത്ത: ഇന്തോനേഷ്യൻ കപ്പൽശാലയിൽ എണ്ണ ടാങ്കറിൽ തീപിടിത്തം. സ്ഫോടനത്തിൽ 10 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു. ഇന്തോനേഷ്യയിലെ ബതം ദ്വീപിലെ കപ്പൽശാലയിൽ ക്രൂഡ് പാം ഓയിൽ ടാങ്കറിലാണ് തീപിടിത്തമുണ്ടായത്.
താൻജുൻഗുൻകാങ് തുറമുഖത്തെ കപ്പൽശാലയിൽ അറ്റകുറ്റപ്പണികൾക്കായി കയറ്റിയിരുന്ന കപ്പലിലാണ് അപകടം. കപ്പലിന്റെ ഗ്യാസ് ടാങ്കിലാണ് തീപിടിത്തമുണ്ടായത്. അറ്റകുറ്റപ്പണി നടത്തിയിരുന്ന തൊഴിലാളികൾ ആ സമയത്ത് കപ്പലിലുണ്ടായിരുന്നതായി റിയാവു ദ്വീപ് പ്രവിശ്യാ പൊലീസ് മേധാവി അസെപ് സഫ്രുദീൻ പറഞ്ഞു.
ശക്തമായ സ്ഫോടന ശബ്ദം കേട്ട് മറ്റ് തൊഴിലാളികൾ പരിഭ്രാന്തരായി ഓടി. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അവരിൽ നാലുപേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
2009-ലാണ് കപ്പൽ നിർമിച്ചത്. കഴിഞ്ഞ ജൂണിൽ ഇതേ കപ്പലിലുണ്ടായ സമാന അപകടത്തിൽ നാല് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെൽഡിംഗ് പ്രവർത്തനത്തിൽ നിന്നുള്ള തീപ്പൊരി മൂലമാണ് തീപിടിത്തമുണ്ടായതെന്നും പുക ശ്വസിച്ചാണ് മിക്ക തൊഴിലാളികളും മരിച്ചതെന്നും അധികൃതർ പറഞ്ഞു.









0 comments