താൽക്കാലിക വെടിനിർത്തൽ അവസാനിച്ചു; പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ വീണ്ടും സംഘർഷം, രണ്ട് മരണം

വീഡിയോ സ്ക്രീൻഷോട്ട്
കാബൂൾ : താൽക്കാലിക വെടിനിർത്തൽ അവസാനിച്ചതിനു പിന്നാലെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിൽ അതിർത്തിയിൽ വീണ്ടും സംഘർഷം. ബുധനാഴ്ച താൽക്കാലിക വെടിനിർത്തൽ അവസാനിച്ചതിനു പിന്നാലെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി അഫ്ഗാൻ താലിബാൻ ഉദ്യോഗസ്ഥർ പറഞ്ഞു.
ഈദ് ഉൽ-ഫിത്തറിന് മുന്നോടിയായി ഇരുപക്ഷവും ഹ്രസ്വകാല വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. വെടിനിർത്തൽ കാലാവധി അവസാനിച്ചതിനുശേഷം പാകിസ്ഥാൻ സൈന്യം നരായ്, സർകാനോ ജില്ലകളിലേക്ക് ഡസൻ കണക്കിന് പീരങ്കി ഷെല്ലുകൾ പ്രയോഗിച്ചതായാണ് അഫ്ഗാൻ ആരോപിക്കുന്നത്. രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അഫ്ഗാനിസ്ഥാനിലെ കുനാർ പ്രവിശ്യയിലെ ഇൻഫർമേഷൻ ആൻഡ് കൾച്ചർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ സിയാവുർ റഹ്മാൻ സ്പീൻഗർ പറഞ്ഞു.
അഫ്ഗാൻ അതിർത്തി സേന പ്രത്യാക്രമണം നടത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. മൂന്ന് പാകിസ്ഥാൻ സൈനിക പോസ്റ്റുകൾ നശിപ്പിക്കുകയും ഒരാളെ കൊല്ലുകയും ചെയ്തുവെന്ന് അഫ്ഗാൻ അധികൃതർ അവകാശപ്പെട്ടെങ്കിലും വിവരം സ്ഥിരീകരിച്ചിട്ടില്ല. വിഷയത്തിൽ പാകിസ്ഥാൻ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എങ്കിലും, വടക്കുപടിഞ്ഞാറൻ മേഖലയിലെ ഒരു പ്രാദേശിക പാകിസ്ഥാൻ ഉദ്യോഗസ്ഥൻ അഫ്ഗാൻ സൈന്യം ഒന്നിലധികം പ്രദേശങ്ങളിൽ വെടിവയ്പ്പ് ആരംഭിച്ചതായി പറഞ്ഞു.
സൗദി അറേബ്യ, തുർക്കി, ഖത്തർ എന്നീ രാജ്യങ്ങളുടെ നിർദേശപ്രകാരം ആക്രമണങ്ങൾ അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതിന് ഏകദേശം ഒരാഴ്ച കഴിഞ്ഞാണ് പുതിയ അക്രമം. കാബൂളിലെ ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ 400-ലധികം പേർ കൊല്ലപ്പെട്ടിരുന്നു. പാകിസ്ഥാനാണ് ആക്രമണത്തിന് പിന്നിലെന്ന് അഫ്ഗാൻ ആരോപിച്ചിരുന്നു. എന്നാൽ ആയുധ ശേഖരങ്ങൾ മാത്രമാണ് ആക്രമിച്ചതെന്നാണ് പാകിസ്ഥാന്റെ വാദം.
അഫ്ഗാൻ താലിബാന്റെ സഖ്യകക്ഷിയുമായ ടിടിപി, 2021ൽ അഫ്ഗാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം പാകിസ്ഥാനിൽ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. അമേരിക്കയും ഐക്യരാഷ്ട്രസഭയും ടിടിപിയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. അതിർത്തി കടന്നുള്ള ആക്രമണങ്ങൾ നടത്തുന്ന ടിടിപി നേതാക്കൾക്കും ആയിരക്കണക്കിന് അംഗങ്ങൾക്കും അഫ്ഗാൻ അഭയം നൽകുന്നുണ്ടെന്ന് പാകിസ്ഥാൻ ആരോപിക്കുന്നു.










0 comments