ഫിഫയ്ക്കും വെല്ലുവിളി
ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോക്കെതിരെ മുൻ മേധാവി മിഷേൽ പ്ലാറ്റീനിയുടെ ക്രിമിനൽ കേസ്

ജനീവ: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയെ ലക്ഷ്യമിട്ട് മുൻ ഫിഫ മേധാവിയും ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസവുമായ മിഷേൽ പ്ലാറ്റീനി ക്രിമിനൽ പരാതി നൽകി. ഒരു പതിറ്റാണ്ട് മുൻപ് തന്നെ ഫിഫ പ്രസിഡന്റ് സ്ഥാനത്ത് എത്തുന്നതിൽ നിന്ന് തടയാൻ ഇൻഫാന്റിനോയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നുവെന്നാണ് പ്ലാറ്റീനിയുടെ ആരോപണം.
ഇൻഫാന്റിനോയ്ക്ക് പുറമെ അന്നത്തെ സ്വിസ് അറ്റോർണി ജനറൽ മൈക്കൽ ലോബർ, ഫിഫ ലീഗൽ ഡയറക്ടർ മാർക്കോ വില്ലിഗർ എന്നിവരുൾപ്പെടെ അഞ്ച് സ്വിസ് ഫുട്ബോൾ-നിയമ ഉദ്യോഗസ്ഥർക്കെതിരെയും പ്ലാറ്റീനി പാരീസിലെ അഭിഭാഷകർ മുഖേന പരാതി നൽകി. വ്യാജ ആരോപണങ്ങൾ ഉന്നയിക്കൽ, സ്വാധീനം ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ആരോപിക്കുന്നത്.
ഇതോടൊപ്പം ഫിഫയ്ക്ക് എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ കേസും ഫയൽ ചെയ്യുമെന്ന് പ്ലാറ്റീനിയുടെ വക്താവ് അറിയിച്ചു. പുതിയ പരാതികളെക്കുറിച്ച് ഫിഫ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വടക്കേ അമേരിക്കയിൽ വെച്ച് നടക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ ഉദ്ഘാടനത്തിന് കൃത്യം മൂന്ന് ദിവസം മുൻപാണ് ഈ പുതിയ നിയമനടപടികൾ പ്ലാറ്റീനി സ്വീകരിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം ഇൻഫാന്റിനോ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.
കേസിൽ കുടുക്കി വഴി തടഞ്ഞ കേസ്
യൂറോപ്യൻ ഫുട്ബോൾ സംഘടനയായ 'യുവേഫ'യുടെ (UEFA) പ്രസിഡന്റായി പ്ലാറ്റീനി സേവനമനുഷ്ഠിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന് തൊട്ടുതാഴെ ജനറൽ സെക്രട്ടറിയായിരുന്നു ജിയാനി ഇൻഫാന്റിനോ. 2015-ൽ അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ അഴിമതി ആരോപണങ്ങളെ തുടർന്ന് രാജിവെച്ചപ്പോൾ പ്ലാറ്റീനി അടുത്ത പ്രസിഡന്റാകുമെന്ന് പരക്കെ പ്രവചിക്കപ്പെട്ടിരുന്നു.
എന്നാൽ, ആ സമയത്ത് ബ്ലാറ്ററിൽ നിന്ന് പ്ലാറ്റീനിക്ക് 20 ലക്ഷം സ്വിസ് ഫ്രാങ്ക് ലഭിച്ചതുമായി ബന്ധപ്പെട്ട് സ്വിസ് അധികൃതർ അന്വേഷണം ആരംഭിക്കുകയും ഇരുവർക്കും ഫുട്ബോളിൽ നിന്ന് വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇതോടെ പ്ലാറ്റീനിക്ക് മത്സരിക്കാനായില്ല. തുടർന്ന് പകരക്കാരനായി മത്സരരംഗത്തേക്ക് വന്ന ഇൻഫാന്റിനോ 2016-ൽ ഫിഫ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
കുറ്റ വിമുക്തനാക്കി കോടതി
വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ, ഫിഫയെ വഞ്ചിച്ചു എന്ന കുറ്റച്ചുമത്തലിൽ നിന്ന് 2022-ൽ സ്വിസ് കോടതി പ്ലാറ്റീനിയെയും ബ്ലാറ്ററെയും വെറുതെ വിട്ടിരുന്നു. തുടർന്ന് കഴിഞ്ഞ വര്‍ഷം ഫെഡറൽ പ്രോസിക്യൂഷൻ ഓഫീസ് നൽകിയ അപ്പീലിലും കോടതി ഇവരെ വീണ്ടും കുറ്റവിമുക്തരാക്കി.
താൻ പൂർണ്ണമായും നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയ സാഹചര്യത്തിലാണ്, അന്നത്തെ കേസ് തന്നെ ഒതുക്കാനായി കെട്ടിച്ചമച്ചതായിരുന്നു എന്ന വാദവുമായി പ്ലാറ്റീനി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.










0 comments