Deshabhimani
ad

യുദ്ധ ഭീതി: ബഹ്‌റൈനിലും കുവൈത്തിലും സുരക്ഷാ മുൻകരുതലുകൾ

bahrain

ബഹ്‌റൈൻ

വെബ് ഡെസ്ക്

Published on Jun 22, 2025, 10:21 PM | 1 min read

മനാമ: പശ്ചിമേഷ്യയിലെ യുദ്ധ ഭീതിയുടെ പാശ്ചാത്തലത്തിൽ അമേരിക്കൻ സൈനിക ബേസുകൾ പ്രവർത്തിക്കുന്ന ബഹ്‌റൈനും ഖത്തറും വിവിധ സുരക്ഷാ മുൻകരുതൽ നടപടികൾ സ്വീകരിച്ചു. നീതി, ധനകാര്യ മന്ത്രാലയങ്ങൾ ഉൾപ്പെടെ നിരവധി സർക്കാർ വകുപ്പുകൾ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളുടെ വിപുലമായ കേന്ദ്രമായ മന്ത്രാലയ സമുച്ചയത്തിൽ അടിയന്തിര ഷെൽട്ടറുകൾ സ്ഥാപിച്ചതായി കുവൈത്ത് ധനകാര്യ മന്ത്രാലയം പറഞ്ഞു. ബഹ്‌റൈനിൽ ആണവ വികിരണം ഇല്ലെന്ന് സുപ്രീം കൗൺസിൽ ഓഫ് എൻവിയോൺമെന്റ് അറിയിച്ചു.


പ്രധാന പാതകൾ ഒഴിവാക്കാനും അവശ്യമുള്ളപ്പോൾ മാത്രം ഉപയോഗിക്കാനും ബഹ്‌റൈന്റെ ആഭ്യന്തര മന്ത്രാലയം ജനങ്ങൾക്ക് നിർദേശം നൽകി. പൊതുസുരക്ഷ നിലനിർത്താനും അധികൃതർക്ക് റോഡുകൾ കാര്യക്ഷമമായി ഉപയോഗിക്കാനുമാണിത്. ബഹ്‌റൈനിലെ മന്ത്രാലയങ്ങളിലേയും പൊതുമേഖലയിലെയും 70 ശതമാനം ജീവനക്കാർക്ക് വർക് ഫ്രം ഹോം നിർദേശിച്ചു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ തൽസ്ഥിതി തുടരും.


വിദ്യാഭ്യാസ മേഖലയിലും സുരക്ഷാ മുൻകരുതൽ ഏർപ്പെടുത്തി. ബഹ്‌റൈനിലെ എല്ലാ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം ഓൺലൈൻ സംവിധാനങ്ങളിലേക്ക് മാറ്റണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കിൻഡർ ഗാർട്ടനുകൾ, സ്‌കൂളുകൾ, യൂണിവേഴ്‌സിറ്റികൾ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാനപനങ്ങൾക്കും നിർദേശം ബാധകമാണ്. ഇതേതുടർന്ന് ബഹ്‌റൈനിലെ സ്‌കൂളുകൾ പഠനം ഓൺലൈനുകളിലേക്ക് മാറ്റി. ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂളിൽ ഒൻപത് മുതൽ 12 വരെ ക്ലാസുകളിൽ പഠനം ഓൺലൈിനിലേക്ക് മാറ്റിയതായും മറ്റു ക്ലാസുകളുടെ വേനലവധി ബുധനാഴ്ച ആരംഭിക്കുമെന്നും സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു.


അടിയന്തര സാഹചര്യങ്ങളിൽ തയ്യാറെടുക്കുന്നതിനായി ഈയിടെ ദേശീയ സിവിൽ എമർജൻസി സെന്റർ സജീവമാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച രാജ്യത്തുടനീളം മുന്നറിയിപ്പ് സൈറണുകൾ പരീക്ഷിച്ചു. കൂടാതെ, അടിയന്തിര സാഹചര്യം നേരിടാൻ 33 ഷെൽട്ടറുകൾ കണ്ടെത്തിയാതയും ബഹ്‌റൈൻ വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വാർത്തകൾ മാത്രം സ്വീകരിക്കാനും സർക്കാർ പൗരൻമാർക്കും പ്രവാസികൾക്കും നിർദേശം നൽകി.


അമേരിക്ക ആക്രമിച്ചാൽ, യുഎസ് സൈനിക താവളങ്ങൾ ഉൾപ്പെടെ മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ബഹ്‌റൈനിലെ ജുഫൈറിൽ അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനം പ്രവർത്തിക്കുന്നു. കുവൈത്തിലെ ക്യാമ്പ് അരിഫ്ജാൻ ഉൾപ്പെടെ ആറ് അമേരിക്കൻ സൈനീക ക്യാമ്പുകൾ ഉണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home