പേരും വിവരങ്ങളും പുറത്തുവിട്ടു; അമേരിക്കൻ സർക്കാരിനും ഗൂഗിളിനുമെതിരെ എപ്സ്റ്റീൻ അതിജീവിതരുടെ പരാതി

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പരസ്യപ്പെടുത്തിയപ്പോൾ തങ്ങളുടെ സ്വകാര്യത ലംഘിച്ചുവെന്ന് ആരോപിച്ച് അതിജീവിതർ നിയമപോരാട്ടത്തിൽ. അമേരിക്കൻ നീതിന്യായ വകുപ്പിനും ഗൂഗിളിനുമെതിരെയാണ് അതിജീവിതർ കോടതിയെ സമീപിച്ചത്. രേഖകളിൽ നിന്ന് തങ്ങളുടെ പേരുകൾ നീക്കം ചെയ്യുന്നതിൽ അധികൃതർ വരുത്തിയ ഗുരുതര വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഹർജി.
എപ്സ്റ്റീന്റെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയിൽ മൂന്ന് ദശലക്ഷത്തോളം ഫയലുകളാണ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. രേഖകൾ പുറത്തുവിടുമ്പോൾ ഇരകളുടെ പേരുകൾ രഹസ്യമായി വെക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഏതാണ്ട് നൂറോളം അതിജീവിതരുടെ സ്വകാര്യ വിവരങ്ങളും വിലാസങ്ങളും മറയ്ക്കാതെയാണ് അധികൃതർ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത്.
പിന്നീട് വിവരങ്ങൾ നീക്കം ചെയ്തെങ്കിലും ഇതിനോടകം തന്നെ ഗൂഗിൾ ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകൾ ഈ വിവരങ്ങൾ ഇൻഡക്‌സ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തു. 1974-ലെ പ്രൈവസി ആക്ട് ലംഘിച്ച് ഇരകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തിയതിലൂടെ തങ്ങളുടെ ജീവന് ഭീഷണിയായെന്നും വലിയ തോതിലുള്ള മാനസിക പ്രയാസം നേരിട്ടെന്നും ഹർജിയിൽ പറയുന്നു. സെർച്ച് റിസൾട്ടുകളിലും എഐ ഉപയോഗിച്ചുള്ള ഉള്ളടക്കങ്ങളിലും അതിജീവിതരുടെ പേരുകൾ ഗൂഗിൾ ഇപ്പോഴും പ്രദർശിപ്പിക്കുന്നുണ്ട്.
ഇത് നീക്കം ചെയ്യണമെന്ന അഭ്യർത്ഥന ഗൂഗിൾ നിരസിച്ചതായും പരാതിയിലുണ്ട്. വിവരങ്ങൾ പുറത്തായതോടെ തങ്ങൾക്ക് അജ്ഞാതരിൽ നിന്ന് ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്നും, എപ്സ്റ്റീന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് തെറ്റായി ആരോപിക്കപ്പെടുന്നുണ്ടെന്നും അതിജീവിതർ കോടതിയെ അറിയിച്ചു. എപ്സ്റ്റീൻ ഫയലുകൾ പുറത്തുവിട്ടതിനെത്തുടർന്ന് ലോകമെമ്പാടുമുള്ള പ്രമുഖ വ്യക്തികളുമായുള്ള ബന്ധം വെളിപ്പെട്ടിരുന്നു.










0 comments