ട്രംപിനെ പരിചയപ്പെടുത്തിയത് എപ്സ്റ്റീന്‍, പ്രായപൂര്‍ത്തിയാകാത്തപ്പോള്‍ ലൈംഗികാതിക്രമം നേരിട്ടു; അതിജീവിതയുടെ മൊഴി

ഡോണള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: എപ്സ്റ്റീന്‍ ഫയല്‍സ് വിവാദങ്ങള്‍ വിട്ടൊഴിയാതെ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. 13നും 15 നുമിടയില്‍ പ്രായമുള്ളപ്പോള്‍ ട്രംപ് തന്നെ പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ മൊഴി യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടു. അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) 2019ല്‍ യുവതിയുമായി നടത്തിയ ഒന്നിലധികം അഭിമുഖങ്ങളാണ് പുറത്തുവിട്ട രേഖകളിലുള്ളത്.
ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റിന്‍ ന്യൂയോര്‍ക്കിലോ ന്യൂജെഴ്സിയിലോ വെച്ചാണ് തന്നെ ട്രംപിന് പരിചയപ്പെടുത്തിയതെന്ന് മൊഴിയില്‍ പറയുന്നു. ട്രംപ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കടിച്ചുവെന്നും യുവതി പറഞ്ഞു. സംഭവത്തെക്കുറിച്ച് പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് തനിക്കും താനുമായി അടുപ്പമുള്ളവര്‍ക്കും സ്ഥിരമായി ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നും മൊഴികളില്‍ വ്യക്തമാക്കുന്നു.
എപ്സ്റ്റീനുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തുവിട്ടിരുന്ന ഫയലുകളില്‍ ഈ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. ഫയല്‍ ഡൂപ്ലിക്കേറ്റ് എന്ന് തെറ്റായി അടയാളപ്പെടുത്തിയിരുന്നതാണ് അതിന് കാരണമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. അതേസമയം, എപ്സ്റ്റീന്‍ ഫയല്‍സുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിക്കുകയാണ് ചെയ്തത്.
മുന്‍പ് പുറത്തുവിട്ട രേഖകളില്‍ നിന്ന് 47,635 എപ്സ്റ്റീന്‍ ഫയലുകള്‍ പിന്‍വലിച്ചിരുന്നുവെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിരുന്നു. അവ ഉള്‍പ്പെടെയാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.










0 comments