അടിയന്തര സേവനങ്ങൾക്കായി എമർജൻസി ടാസ്‌ക് ഫോഴ്‌സ്; സുനാമി മുന്നറിയിപ്പിന് പിന്നാലെ ജപ്പാനിൽ കനത്ത ജാഗ്രത

സുനാമി മുന്നറിയിപ്പിനെത്തുടർന്ന് ജാപ്പനീസ് സൈന്യം തയ്യാറെടുപ്പുകൾ നടത്തുന്നു. Photograph: Anadolu/Getty Images
ടോക്യോ: ജപ്പാനിലുണ്ടായ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് രാജ്യത്തിന്റെ വിവിധ തീരങ്ങളിൽ സുനാമി തിരമാലകൾ ആഞ്ഞടിച്ചു. വടക്കൻ ജപ്പാനിൽ റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണ് സമുദ്രനിരപ്പ് ഉയർന്നത്. കുജി തുറമുഖത്ത് 80 സെന്റീമീറ്റർ വരെ ഉയരത്തിൽ തിരമാലകൾ എത്തിയപ്പോൾ മറ്റ് ചിലയിടങ്ങളിൽ 40 സെന്റീമീറ്റർ ഉയരത്തിലും തിരമാലകൾ ദൃശ്യമായി.
സ്ഥിതിഗതികൾ സങ്കീർണ്ണമായതോടെ രാജ്യത്തുടനീളം കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി പ്രധാനമന്ത്രി പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുകയും നാശനഷ്ടങ്ങൾ വിലയിരുത്താൻ നിർദ്ദേശം നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ റിക്ടർ സ്കെയിലിൽ എട്ടോ അതിലധികമോ തീവ്രതയുള്ള അതിശക്തമായ ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ടെന്ന് ജപ്പാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഭൂകമ്പത്തെത്തുടർന്ന് ടോക്യോയ്ക്കും അമോറിക്കുമിടയിലുള്ള ബുള്ളറ്റ് ട്രെയിൻ സർവീസുകൾ മുൻകരുതൽ നടപടിയായി നിർത്തിവെച്ചു. ആണവനിലയങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ടോക്യോ ഇലക്ട്രിക് പവർ കമ്പനിയും ടോഹോകു ഇലക്ട്രിക് പവറും കർശന പരിശോധനകൾ നടത്തിവരികയാണ്. നിലവിൽ പ്രവർത്തനരഹിതമായ ഒനാഗാവ ആണവനിലയത്തിലും പ്രത്യേക പരിശോധനകൾ നടന്നു.
തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ ഭൂകമ്പത്തിന് പിന്നാലെ തീരദേശവാസികളോട് ഉടനടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചു. സുനാമി ഭീഷണി പൂർണ്ണമായും മാറുന്നത് വരെ നദിക്കരകളിൽ നിന്നും കടൽത്തീരങ്ങളിൽ നിന്നും മാറി ഉയർന്ന കെട്ടിടങ്ങളിലോ പ്രദേശങ്ങളിലോ തുടരണമെന്നാണ് മെട്രോളജിക്കൽ ഏജൻസിയുടെ കർശന മുന്നറിയിപ്പ്.
"തിരമാലകൾ ക്യാമറയിൽ എത്രത്തോളം ഭീകരമായി കാണപ്പെടുന്നു എന്നതിലല്ല കാര്യം, മറിച്ച് തീരത്ത് എത്തുമ്പോൾ ജലനിരപ്പ് എങ്ങനെ മാറുന്നു എന്നതിലാണ്. ഓരോ തീരപ്രദേശത്തിന്റെയും ആകൃതി അനുസരിച്ച് സുനാമി പ്രാദേശികമായി വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. സ്ഥിതിഗതികൾ ഗൗരവകരമാണ്, അതിനാൽ ഉടൻ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറേണ്ടതുണ്ട്"- ഇംപീരിയൽ കോളേജ് ഓഫ് ലണ്ടനിലെ കോസ്റ്റൽ എഞ്ചിനീയറിംഗ് അസോസിയേറ്റ് പ്രൊഫസർ ഡോ. അയോന്നിസ് കർമ്പദാകിസ് പറഞ്ഞു.









0 comments