ഇറാനിൽ പാകിസ്ഥാൻ പൗരരെ കൊലപ്പെടുത്തി; ഉത്തരവാദിത്തം ഏറ്റെടുത്ത് ബിഎൻഎ

ഇസ്ലാമാബാദ്: ഇറാനിൽ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നിന്നുള്ള തൊഴിലാളികളെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. സിസ്റ്റാൻ-ബലൂചെസ്ഥാൻ പ്രവിശ്യയിലാണ് ശനിയാഴ്ച ബലൂച് തീവ്രവാദികൾ എട്ട് തൊഴിലാളികളെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ടവർ ബഹാവൽപൂരിൽ നിന്നുള്ളവരാണെന്നും കാർ റിപ്പയർ ഷോപ്പിൽ ജോലി ചെയ്തിരുന്നവരാണെന്നും ഇറാനിയൻ അധികൃതർ സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട എട്ട് പാകിസ്ഥാനികളും തെക്കൻ പഞ്ചാബിലെ ബഹാവൽപൂർ നഗരത്തിൽ നിന്നുള്ളവരാണെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ പറഞ്ഞു.
അജ്ഞാതരായ ആയുധധാരികൾ രാത്രിയിൽ വർക്ക്ഷോപ്പിൽ അതിക്രമിച്ചു കയറി കൈകാലുകൾ കെട്ടിയിട്ടു. തുടർന്ന് വെടിയുതിർക്കുകയായിരുന്നെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്‌തു. കൊലപാതകത്തിനുശേഷം അക്രമികൾ ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം നിരോധിത സംഘടനയായ ബലൂചിസ്ഥാൻ നാഷണൽ ആർമി (ബിഎൻഎ) ഏറ്റെടുത്തു. സിസ്റ്റാൻ ബലൂചെസ്ഥാനിൽ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ വർഷം ജനുവരിയിൽ മോട്ടോർ മെക്കാനിക്കുകളായ ഒമ്പത് പാകിസ്ഥാനികളെ കൊലപ്പെടുത്തിയിരുന്നു.
ഇറാനുമായും അഫ്ഗാനിസ്ഥാനുമായും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ ദീർഘകാലമായി കലാപങ്ങളുടെ കേന്ദ്രമാണ്. മാർച്ചിൽ ആദ്യ ആഴ്‌ചകളിൽ മാത്രം രണ്ട് വ്യത്യസ്തആക്രമണങ്ങളിലായി നാല് പൊലീസുകാരെയും നാല് തൊഴിലാളികളെയും അജ്ഞാതരായ ആയുധധാരികൾ കൊലപ്പെടുത്തി. മാർച്ച് 17 ന് പ്രവിശ്യയിലെ ഒരു സ്റ്റേഷൻ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) വസതിക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ നാല് കുട്ടികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം നോഷ്കി ജില്ലയിലെ ഒരു ഹൈവേയിൽ ബലൂച് തീവ്രവാദികൾ എന്ന് സംശയിക്കുന്നവർ ഒരു അർദ്ധസൈനിക വാഹനവ്യൂഹത്തെ ആക്രമിച്ച് മൂന്ന് ഫ്രോണ്ടിയർ കോർപ്സ് (എഫ്‌സി) ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
0 comments