കോംഗോയിൽ എബോള കേസുകൾ വർധിക്കുന്നു

photo credit: AFP
കിൻസാഷ : കിഴക്കൻ കോംഗോയിൽ എബോള കേസുകൾ വർധിക്കുന്നതായി ആരോഗ്യവിദഗ്ധർ. 782 കേസുകൾ റിപ്പോർട്ട് ചെയ്തതായും മരണങ്ങൾ 181 ആയി ഉയർന്നതായും കോംഗോ ആരോഗ്യ മന്ത്രാലയം എക്‌സിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. മെയ് 15നാണ് കോംഗോയിൽ എബോള പടരാൻ തുടങ്ങിയതെങ്കിലും രോഗം സ്ഥിരീകരിച്ചത് ആഴ്ചകൾ കഴിഞ്ഞാണ്. അതിനാൽ കേസുകളുടെ എണ്ണം ഇതിലും കൂടുതലാകാമെന്നാണ് സന്നദ്ധ സംഘടനകൾ വ്യക്തമാക്കുന്നത്.
അപൂർവമായ ബുണ്ടിബുഗ്യോ വൈറസാണ് നിലവിലെ എബോള വ്യാപനത്തിന് കാരണം. ഇതിന് അംഗീകൃത വാക്സിനോ ചികിത്സയോ ഇല്ല. കോംഗോയിൽ കഴിഞ്ഞ 16 തവണയും ഉണ്ടായ എബോള വ്യാപനത്തിന് "സൈർ വൈറസ്" വകഭേദമായിരുന്നു കാരണം. 56 പേർ രോഗമുക്തരായി. നിലവിലെ മരണനിരക്ക് 23 ശതമാനം ആണെന്ന് മന്ത്രാലയം അറിയിച്ചു. കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇറ്റൂരിയിലാണ് പകർച്ചവ്യാധി കൂടുതലായി പടർന്നുപിടിച്ചത്. 90 ശതമാനം കേസുകളും ഇവിടെയാണ്. വടക്കൻ കിവു, തെക്കൻ കിവു പ്രവിശ്യകളിലും എബോള റിപ്പോർട്ട് ചെയ്തു. അതിർത്തി കടന്ന് ഉഗാണ്ടയിലേക്കും രോഗവ്യാപനമുണ്ടായി.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് സംഘർഷം മൂലം ഇറ്റൂരിയിലെ ഒരു ദശലക്ഷത്തോളം ആളുകൾ പലായനം ചെയ്തിട്ടുണ്ട്. ഇടതൂർന്ന വനങ്ങളും മോശം റോഡുകളും എത്തിച്ചേരാൻ ദിവസങ്ങളെടുക്കുന്ന വിദൂര ഗ്രാമങ്ങളുമുള്ള പ്രവിശ്യയാണ് ഇറ്റൂരി. ഇവിടെ നിന്ന് ജനങ്ങൾ നിരന്തരം പലായനം ചെയ്യുന്നതും സഞ്ചരിക്കുന്നതും കാരണം സമ്പർക്കം കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് മാനുഷിക സംഘടനകൾ വ്യക്തമാക്കുന്നു. ധാതു സമ്പന്നമായ ഈ മേഖലയിൽ പണിയെടുക്കുന്ന ഖനിത്തൊഴിലാളികൾക്കിടയിലും ചികിത്സ നൽകുന്നത് വിരളമാണ്. പ്രദേശവാസികളിൽ നിന്ന് ആരോഗ്യ പ്രവർത്തകർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ, ഹോട്ട്‌സ്‌പോട്ടുകളിലെ സായുധ സംഘർഷം എന്നിവയും പകർച്ചവ്യാധി നിയന്ത്രിക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്.










0 comments