യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ട് പൈലറ്റ്; കാരണം കേട്ട് അമ്പരന്ന് യാത്രക്കാര്‍

പ്രതീകാത്മക ചിത്രം
ലണ്ടൻ: ലണ്ടനിലെ സതെൻഡ് വിമാനത്താവളത്തിൽ നിന്ന് സ്പെയിനിലെ മലാഗയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഈസിജെറ്റ് വിമാനത്തിൽ അസാധാരണ നടപടി. റൺവേയുടെ നീളക്കുറവും ശക്തമായ കാറ്റും കാരണം വിമാനത്തിന് സുരക്ഷിതമായി പറന്നുയരാൻ കഴിയില്ലെന്ന് വ്യക്തമായതോടെ, ഭാരം കുറയ്ക്കാനായി ചില യാത്രക്കാരെ പൈലറ്റ് വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു.
ഏപ്രിൽ 11-നാണ് സംഭവം നടന്നത്. സതെൻഡ് വിമാനത്താവളത്തിലെ റൺവേയ്ക്ക് 1856 മീറ്റർ നീളം മാത്രമേയുള്ളൂ എന്നതും കാലാവസ്ഥാ വെല്ലുവിളികളുമാണ് പൈലറ്റിനെ ഇത്തരമൊരു കടുത്ത തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചത്. സുരക്ഷാ പരിശോധനകൾക്ക് ശേഷം വിമാനം ടേക്ക് ഓഫ് ചെയ്യാൻ ഭാരം തടസ്സമാണെന്ന് ബോധ്യപ്പെട്ടതോടെ, യാത്രക്കാരിൽ ചിലരോട് സ്വമേധയാ ഇറങ്ങാൻ അധികൃതർ ആവശ്യപ്പെടുകയായിരുന്നു.
ആദ്യഘട്ടത്തിൽ ആരും സ്വമേധയാ ഇറങ്ങാൻ തയ്യാറായില്ലെങ്കിലും, ലഗേജുകൾ പുറത്തിറക്കേണ്ടി വരുമെന്ന് പൈലറ്റ് മുന്നറിയിപ്പ് നൽകിയതോടെ ഏതാനും യാത്രക്കാർ സഹകരിക്കാൻ മുന്നോട്ടുവന്നു. സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും കാലാവസ്ഥാ സാഹചര്യങ്ങൾ മൂലമാണ് ഇത്തരമൊരു തീരുമാനം വേണ്ടിവന്നതെന്നും ഈസിജെറ്റ് വക്താവ് വ്യക്തമാക്കി.
യാത്ര ഒഴിവാക്കിയവർക്ക്, പകരമായി മറ്റൊരു വിമാനത്തിൽ യാത്രാസൗകര്യവും കൃത്യമായ നഷ്ടപരിഹാരവും നൽകുമെന്ന് എയർലൈൻ ഉറപ്പുനൽകിയിട്ടുണ്ട്. ആവശ്യമായ യാത്രക്കാർ ഇറങ്ങിയതിന് പിന്നാലെ വിമാനം മലാഗയിലേക്ക് തിരിച്ചു. ഇതിനുമുൻപും സമാനമായ സാഹചര്യങ്ങളിൽ വിമാനത്തിന്റെ ഭാരം കുറയ്ക്കാൻ യാത്രക്കാരെ ഇറക്കിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.










0 comments