അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 6.0 തീവ്രത, നിരവധി പേർ മരിച്ചതായി വിവരം

കാബൂൾ : പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനെ വിറപ്പിച്ച് ഭൂചലനം. പ്രദേശത്ത് ഞായറാഴ്ച വൈകി 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. നംഗർഹാർ പ്രവിശ്യയിലെ ജലാലാബാദിനടുത്ത് എട്ട് കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം ഞായറാഴ്ച രാത്രി 11:47 നാണ് ഭൂകമ്പം ഉണ്ടായത്.
ഇരുപതോളം പേർ ഭൂകമ്പത്തിൽ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതായി നംഗർഹാർ പൊതുജനാരോഗ്യ വകുപ്പ് വക്താവ് നഖിബുള്ള റഹിമി പറഞ്ഞു. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. മരണസംഖ്യ ഉയരുമെന്നാണ് കരുതുന്നത്. ഉൾപ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആദ്യം ഭൂചലനമുണ്ടായി ഏകദേശം 20 മിനിറ്റിനുശേഷം ഇതേ പ്രവിശ്യയിൽ രണ്ടാമതും ഭൂകമ്പം ഉണ്ടായി. റിക്ടർ സ്കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം 10 കിലോമീറ്റർ ആഴത്തിലുള്ളതായിരുന്നു. ഭൂചലനത്തിന്റെ പ്രകമ്പനം പാകിസ്ഥാനിലും ഇന്ത്യയിൽ ഡൽഹിയിലും ഉണ്ടായി. പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയുടെ അതിർത്തിയിലും നാശനഷ്ടങ്ങളുണ്ടായി.
2023 ഒക്ടോബർ 7 ന് അഫ്ഗാനിസ്ഥാനിലുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലും ശക്തമായ തുടർചലനങ്ങളിലും കുറഞ്ഞത് 4,000 പേർ മരിച്ചതായി താലിബാൻ അറിയിച്ചിരുന്നു. ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ പ്രകാരം 1,500 പേരാണ് മരിച്ചത്.










0 comments