പോരടിച്ച്‌ ട്രംപ്‌; വൈറ്റ് ഹൗസിൽ നിന്ന്‌ ഒബാമയുടെ ചിത്രം മാറ്റി; പകരം സ്വന്തം ചിത്രം

barak obama

photo credit: X

വെബ് ഡെസ്ക്

Published on Apr 12, 2025, 08:42 PM | 1 min read

വാഷിങ്ടൺ: വൈറ്റ് ഹൗസിന്റെ പ്രവേശന കവാടത്തിൽ നിന്ന്‌ അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഛായാചിത്രത്തിന് പകരം തന്റെ ചിത്രം സ്ഥാപിച്ച്‌ യുഎസ് പ്രസിഡന്റ് ഡോണാൾഡ്‌ ട്രംപ്‌. വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട തന്റെ ചിത്രമാണ്‌ ട്രംപ്‌ സ്ഥാപിച്ചത്‌.


2022-ൽ അന്നത്തെ പ്രസിഡന്റ് ജോ ബൈഡൻ അനാച്ഛാദനം ചെയ്ത ഒബാമയുടെ ഛായാചിത്രമാണ്‌ ട്രംപ്‌ മാറ്റിയത്‌. പെൻസിൽവാനിയയിലെ ബട്‌ലറിൽ നടന്ന കൊലപാതക ശ്രമത്തിന് തൊട്ടുപിന്നാലെ, ട്രംപിന്റെ മുഷ്ടി ഉയർത്തിപ്പിടിച്ചിരിക്കുന്ന ചിത്രമാണ് പുതിയതായി സ്ഥാപിച്ചിരിക്കുന്നത്‌. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ "വൈറ്റ് ഹൗസിലെ ചില പുതിയ കലാസൃഷ്ടികൾ" എന്ന അടിക്കുറിപ്പോടെ ഒരു ഹ്രസ്വ വീഡിയോയിലൂടെയാണ്‌ ട്രംപ്‌ ഇക്കാര്യം അറിയിച്ചത്‌.


ട്രംപും ഒബാമയും തമ്മിലുള്ള ദീർഘകാല ശത്രുതയാണ്‌ ചിത്രം മാറ്റാൻ കാരണമെന്നാണ്‌ റിപ്പോർട്ടുകൾ പറയുന്നത്‌. ഒബാമയുടെ പൗരത്വത്തെക്കുറിച്ചുള്ള തെറ്റായ കാര്യങ്ങൾ മുന്നോട്ടുവച്ചുകൊണ്ടാണ് ട്രംപ് തന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണം ആരംഭിച്ചത്. 2011-ലെ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ അത്താഴവിരുന്നിൽ ഉൾപ്പെടെ ഒബാമയെ ട്രംപ്‌ പരിഹസിച്ചിരുന്നു.


അമേരിക്കൻ പ്രസിഡന്റുമാരുടെ ഛായാചിത്രങ്ങൾ വൈറ്റ് ഹൗസിൽ പ്രദർശിപ്പിക്കുന്നത്‌ പതിവാണ്‌. 1965 മുതൽ പ്രസിഡന്റുമാരുടെ ഛായാചിത്രങ്ങൾ വാങ്ങാൻ വൈറ്റ് ഹൗസ് ഹിസ്റ്റോറിക്കൽ അസോസിയേഷൻ സൗകര്യമൊരുക്കിയിട്ടുണ്ട്.










deshabhimani section

Related News

View More
0 comments
Sort by

Home