print edition വ്യാപാരകരാർ: ഇന്ത്യയിൽനിന്ന് പണം വാരുമെന്ന് ട്രംപ്

ന്യൂഡൽഹി: അമേരിക്കയ്ക്ക് പൂർണമായും കീഴടങ്ങുന്ന വ്യാപാര കരാറിൽ മോദി സർക്കാർ വൈകാതെ ഒപ്പിടുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മോദി തന്റെ നല്ല സുഹൃത്താണെന്നും ഇന്ത്യയിൽ നിന്ന് അമേരിക്ക ഒരുപാട് പണമുണ്ടാക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഹാർലി ഡേവിഡ്‌സൺ ബൈക്കിന് ഇന്ത്യ 200 ശതമാനം നികുതി ചുമത്തിയിരുന്നു. അവർ പിന്നീട് ഇന്ത്യയിലെത്തി അവിടെ പ്ലാന്റ് തുടങ്ങി. ദൗർഭാഗ്യകരമാണെങ്കിലും അത് സംഭവിച്ചു. തനിക്ക് മുമ്പായിരുന്നു അത്. ഇന്ത്യയും യുഎസിൽ അവരുടെ ബൈക്കുകൾ വിറ്റിരുന്നു. അമേരിക്ക ഒരു പൈസയും ചുമത്തിയിരുന്നില്ല. അതിപ്പോൾ തിരിച്ച് സംഭവിക്കാൻ പോവുകയാണ്. അമേരിക്ക ഇന്ത്യയിൽ നിന്ന് ഒരുപാട് പണമുണ്ടാക്കും. ഇന്ത്യയും യുഎസും കരാറിലെത്താൻ പോവുകയാണെന്നും ട്രംപ് പറഞ്ഞു.
കരാർ അടുത്ത മാസം
ഇടക്കാല വ്യാപാരകരാറുമായി ബന്ധപ്പെട്ട എല്ലാ തർക്കവിഷയങ്ങളും ഇന്ത്യയും യുഎസും പരിഹരിക്കാൻ പോവുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ഗംഭീരമായൊരു ഇടക്കാല കരാറിന്റെ ആദ്യ ഘട്ടം അടുത്ത മാസം പകുതിയോടെ നടപ്പാകും. യുഎസ് വ്യാപാരപ്രതിനിധി സംഘം ഇന്ത്യയിലെത്തി കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടത്തിയിരുന്നു. താനും അവരുമായി സംസാരിച്ചു. ചർച്ചകൾ വേഗത്തിൽ പൂർത്തിയാവുകയാണ്. ഇൗ മാസം അവസാനത്തോടെ യുഎസിൽ നിന്ന് മറ്റൊരു ഉന്നതതല സംഘം ഇന്ത്യയിലെത്തും. അടുത്ത മാസം പകുതിയോടെ കരാർ നിലവിൽ വരും– ഗോയൽ പറഞ്ഞു.
25 ശതമാനം പ്രതികാരതീരുവ ഉൾപ്പെടെ 50 ശതമാനം തീരുവ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേൽ യുഎസ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരിയിൽ മോദിയും ട്രംപും സംസാരിച്ചതിന് പിന്നാലെ യുഎസ് താൽപ്പര്യങ്ങൾക്ക് വഴങ്ങിയുള്ള വ്യാപാര കരാർ ചർച്ച ആരംഭിച്ചു. അന്തിമഘട്ട ചർച്ചകൾക്കിടെ കഴിഞ്ഞ ദിവസം ഇന്ത്യക്ക് മേൽ 12.5 ശതമാനം അധികതീരുവ അമേരിക്ക പ്രഖ്യാപിച്ചു.










0 comments