print edition ട്രംപ് ചൈനയിൽ; ഷിയുമായി ഇന്ന് കൂടിക്കാഴ്‌ച

ചെെനയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വൈസ് പ്രസിഡന്റ് ഹാൻ ഷെങ്ങിന്റെ നേതൃത്വത്തിൽ ബീജിങ് വിമാനത്താവളത്തിൽ സ്വീകരിച്ചപ്പോൾ. photo credit: AFP
ബീജിങ് : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചൈനയിലെത്തി. ചൈനീസ് വൈസ് പ്രസിഡന്റ് ഹാൻ ഷെങ് ബീജിങ് വിമാനത്താവളത്തിൽ ട്രംപിനെ സ്വീകരിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ക്ഷണപ്രകാരമാണ് ട്രംപിന്റെ സന്ദർശനം. വ്യാഴാഴ്‌ച ഇരുനേതാക്കളും കൂടിക്കാഴ്‌ച നടത്തും. 2025 ഒക്‌ടോബറിൽ ദക്ഷിണ കൊറിയയിലെ ബുസാനിലാണ് ഇരുവരും അവസാനം കണ്ടത്.
ഇറാൻ യുദ്ധം, ഹോർമുസ് കടലിടുക്ക്, താരിഫ് നിയന്ത്രണങ്ങൾ, പുതിയ വ്യാപാര കരാറുകൾ എന്നിവ ചർച്ചയാകും. വ്യാപാര മേഖലയിൽ കൂടുതൽ ഇളവുകൾ നൽകാൻ ചൈനയോട് ആവശ്യപ്പെടുമെന്നും വ്യാപാര കാര്യങ്ങൾക്കായിരിക്കും ഏറ്റവും കൂടുതൽ മുൻഗണനയെന്നും ട്രംപ് വ്യക്തമാക്കി. കാർഷികോൽപ്പന്നങ്ങളും വിമാനങ്ങളും കൂടുതൽ വാങ്ങാനുള്ള പുതിയ കരാറുകൾ ഒപ്പുവച്ചേക്കും. സാമ്പത്തിക തർക്കം പരിഹരിക്കാൻ ബോർഡ് ഓഫ് ട്രേഡ് രൂപീകരിച്ചേക്കും. എന്നാൽ തായ്‌വാൻ പ്രശ്നം, ജനാധിപത്യം - മനുഷ്യാവകാശം, ചൈനയിലെ രാഷ്‌ട്രീയ വ്യവസ്ഥ, വികസനത്തിനുള്ള അവകാശം എന്നിവയിൽ വിട്ടുവീഴ്‌ചയില്ലെന്ന് ചൈനീസ് വിദേശമന്ത്രാലയം വ്യക്തമാക്കി.
ഇലോൺ മസ്‌ക് (ടെസ്‌ല), ടിം കുക്ക് (ആപ്പിൾ), ജെൻസൻ ഹുവാങ് (എൻവിഡിയ) തുടങ്ങി അമേരിക്കൻ വ്യവസായ പ്രമുഖരും ട്രംപിനൊപ്പമുണ്ട്.
ചൈനയിലെ ചരിത്രപ്രസിദ്ധമായ ടെംപിൾ ഓഫ് ഹെവനും ട്രംപ് സന്ദർശിക്കുന്ന ട്രംപ് വെള്ളിയാഴ്‌ച ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കും.
അതേസമയം ഇറാൻ യുദ്ധം അവസാനിപ്പിക്കാനോ ഹോർമുസ് കടലിടുക്കിലെ ഇറാന്റെ ആധിപത്യം കുറയ്‌ക്കാനോ തനിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ സഹായം ആവശ്യമില്ലെന്ന് ട്രംപ് പറഞ്ഞു. യാത്രയ്‌ക്ക് മുന്നോടിയായി വാഷിങ്‌ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇറാന്റെ നാവിക, -വ്യോമ സേനകൾ തകർന്നടിയുകയാണെന്നും അമേരിക്കൻ ഉപരോധം നൂറു ശതമാനം ഫലപ്രദമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.










0 comments