print edition ഇറാനിൽ ജനവാസമേഖല ആക്രമിക്കാൻ ട്രംപ്

ഡോണാൾഡ് ട്രംപ്
വാഷിങ്‌ടൺ : ഇറാനിലെ ജനവാസ മേഖലകളിൽ ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണിമുഴക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയ്ക്കിടെയാണ് വീണ്ടും യുദ്ധഭീഷണി. ഇറാനിലെ എണ്ണ കയറ്റുമതി പ്രദേശമായ ഖാർഗ് ദ്വീപ് പിടിച്ചടക്കുമെന്നും ഇറാന്റെ വൈദ്യുതി നിലയങ്ങളും കടൽജലശുദ്ധീകരണ നിലയങ്ങളും തകർക്കുമെന്നും ഭീഷണി മുഴക്കി.
താൽക്കാലിക കരാറിനെ തുടർന്ന് അമേരിക്ക പിൻവലിച്ച ഉപരോധം പുനഃസ്ഥാപിക്കും. സമീപഭാവിയിൽ ഇറാനുമായി ആണവക്കരാർ ഉണ്ടാകാൻ സാധ്യതയില്ലെന്നും കരാറില്ലാതെയും ഇറാനെ ആണവ വിമുക്തമാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നും ട്രംപ് പറഞ്ഞു.
ഹോർമുസ് കടലിടുക്കിലൂടെ സ്വതന്ത്രമായ സഞ്ചാരത്തെ അംഗീകരിക്കാൻ ഇറാൻ തയ്യാറാകണമെന്ന് നാറ്റോ അംഗരാജ്യങ്ങൾ ആവശ്യപ്പെട്ടു.
ഒരംഗത്തിന് നേരെയുള്ള ആക്രമണം നാറ്റോയ്ക്ക് എതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും പ്രതികരിച്ചു. സഹായമഭ്യർഥിച്ചിട്ടും നാറ്റോ സഖ്യരാഷ്‌ട്രങ്ങൾ ഇറാനെതിരെയുള്ള യുദ്ധത്തിൽ പിന്തുണ നൽകാത്തതിൽ ട്രംപ് കഴിഞ്ഞദിവസം നാറ്റോയ്ക്ക് എതിരെ രൂക്ഷവിമർശം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് നാറ്റോ അമേരിക്കയ്ക്ക് അനുകൂല പ്രസ്‌താവനവുമായി രംഗത്തെത്തിയത്.
ഇറാനുമായുള്ള സംഘർഷം രൂക്ഷമായതോടെ ഇസ്രയേലിലേക്കുള്ള യാത്ര എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സത്ത് റദ്ദാക്കി.
കുടുങ്ങിക്കിടക്കുന്നത് 6000 കപ്പൽ ജീവനക്കാർ
ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ പിടിച്ചെടുത്തതോടെ ഗൾഫ് മേഖലയിൽ മാത്രം 6000ത്തോളം നാവികർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ അറിയിച്ചു. ഗൾഫ് മേഖലയില്‍ നൂറുകണക്കിന് കപ്പലുകളാണ് കുടുങ്ങിയത്. ബന്ധപ്പെട്ട എല്ലാ കക്ഷികളും പരമാവധി സംയമനം പാലിക്കണമെന്നും സംഘർഷാവസ്ഥ ലഘൂകരിക്കണമെന്നും ഐഎംഒ മേധാവി ആർസെനിയോ ഡൊമിംഗസ് ആവശ്യപ്പെട്ടു.











0 comments