ad
Deshabhimani

'നന്ദിയില്ലാത്തവൻ, ഭ്രാന്തനെ പോലെ പെരുമാറുന്നു'; ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ ട്രംപ്

TRUMP NETANYAHU
വെബ് ഡെസ്ക്

Published on Jun 02, 2026, 12:14 PM | 2 min read

വാഷിങ്ടൺ: ഇറാൻ - അമേരിക്ക സമാധാന ചർച്ചകർക്കായി ശ്രമിക്കുമ്പോൾ ലബനനിൽ ഇസ്രയേൽ നടത്തുന്ന സൈനിക നീക്കങ്ങളിൽ കടുത്ത പ്രതികരണവുമയി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് രോഷം പ്രകടിപ്പിച്ചതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് ഒഫീഷ്യലിൽ കുറിച്ചു.


നെതന്യാഹുവിനെ ട്രംപ് "ഭ്രാന്തൻ" എന്ന് വിളിച്ചതായാണ് ആക്സിയോസിന്റെ (Axios) റിപ്പോർട്ട് ചെയ്യുന്നത്. നെതന്യാഹു നന്ദികേട് കാണിക്കുകയാണെന്നും, താനില്ലായിരുന്നെങ്കിൽ അയാൾ ജയിലിലായേനെ എന്നും ട്രംപ് ഓർമ്മിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ട് ആക്രമിക്കാനുള്ള ഇസ്രയേലിന്റെ പദ്ധതിക്ക് ട്രംപ് തടയിട്ടു. ഇത്തരം നീക്കങ്ങൾ നടത്തിയാൽ ലോകമെമ്പാടും ഇസ്രയേലിനെ ഒറ്റപ്പെടുത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.


ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങൾ, ഇറാനുമായി യുഎസ് നടത്തുന്ന സമാധാന ചർച്ചകളെ തകർക്കുമെന്ന് ട്രംപ് ഭയപ്പെടുന്നു. ലെബനനിലെ സാധാരണക്കാരുടെ സുരക്ഷയിൽ ട്രംപ് ആശങ്ക പ്രകടിപ്പിച്ചു. ഒരു ഹിസ്ബുള്ള കമാൻഡറെ വധിക്കാൻ വേണ്ടി കെട്ടിടങ്ങൾ ഒന്നടങ്കം ഇടിച്ചുനിരത്താനുള്ള ഇസ്രയേലിന്റെ പദ്ധതിയെ അദ്ദേഹം ശക്തമായി വിമർശിച്ചു.


നെതന്യാഹുവുമായുള്ള സംഭാഷണം ഫലപ്രദമായിരുന്നുവെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. തന്റെ ആവശ്യപ്രകാരം ബെയ്‌റൂട്ടിലെ വലിയ ആക്രമണത്തിൽ നിന്ന് നെതന്യാഹു സൈന്യത്തെ പിന്തിരിപ്പിച്ചു. ഹിസ്ബുള്ള പ്രതിനിധികൾ ഇസ്രയേലിന് നേരെ വെടിവെയ്പ്പ് നിർത്താൻ സമ്മതിച്ചതായും ട്രംപ് അവകാശപ്പെട്ടു.


ട്രംപുമായി സംസാരിച്ച കാര്യം സ്ഥിരീകരിച്ചെങ്കിലും, അത് ഒരു നിയന്ത്രണമായിട്ടല്ല, മറിച്ച് ഒരു മുന്നറിയിപ്പായിട്ടാണ് കാണുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി. ഹിസ്ബുള്ള ആക്രമണം നിർത്തിയില്ലെങ്കിൽ ബെയ്‌റൂട്ട് ആക്രമിക്കുമെന്നും, തെക്കൻ ലെബനനിലെ സൈനിക നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഏപ്രിൽ പകുതി മുതൽ ഇരുവിഭാഗവും വെടിനിർത്തലിലായിരുന്നുവെങ്കിലും ഇസ്രയേലിന്റെ ആക്രമണങ്ങൾക്ക് മറുപടിയായി ഹിസ്ബുള്ള വീണ്ടും ആക്രമണം പുനരാരംഭിച്ചു. ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടുന്നതിന് ഈ ആക്രമണ പ്രത്യാക്രമണങ്ങൾ തടസമാണ്. ലെബനനെയും ഈ കരാറിൽ ഉൾപ്പെടുത്തണമെന്നാണ് ഇറാന്റെ ആവശ്യം.


ബെയ്‌റൂട്ടിന്റെ തെക്കൻ മേഖലകളിൽ ഇസ്രയേൽ ആക്രമണം നടത്തില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ഹിസ്ബുള്ള വടക്കൻ ഇസ്രയേലിനെ ആക്രമിക്കാൻ പാടില്ലെന്ന യുഎസ് നിർദ്ദേശത്തിന് ലെബനൻ അധികൃതർ വഴി ഹിസ്ബുള്ളയുടെ അംഗീകാരം ലഭിച്ചതായി യുഎസിലെ ലെബനൻ എംബസി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home