41 രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ട്രംപ്

വാഷിങ്ടൺ : നാൽപ്പത്തിയൊന്ന് രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്താൻ ഡോണൾഡ് ട്രംപ് സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. സുരക്ഷാകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. ലിസ്റ്റ് താൽക്കാലികമാണെന്നും ഇതിൽ മാറ്റങ്ങൾ വരുമെന്നും തീരുമാനം യുഎസ് സെക്രട്ടറി അംഗീകരിക്കണമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി റൂയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
മൂന്ന് വിഭാഗങ്ങളിലായി രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് വിലക്ക്. ഫുൾ വിസ സസ്പെൻഷൻ, ഭാഗിക വിസ സസ്പെൻഷൻ എന്നിവ വിനോദ സഞ്ചാരികളെയും വിദ്യാർഥികളെയുമാണ് ഏറെ ബാധിക്കുക. ചില രാജ്യങ്ങൾക്ക് ഭാഗിക സസ്പെൻഷനും നൽകും.
മുമ്പ് അധികാരത്തിലെത്തിയപ്പോൾ ട്രംപ് ഏഴ് മുസ്ലിം രാജ്യങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. പിന്നീട് സുപ്രീംകോടതി ഇത് പിൻവലിച്ചു. യെല്ലോ, ഓറഞ്ച്, റെഡ് വിഭാഗങ്ങളിലുൾപ്പെടുത്തിയാണ് രാജ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. റെഡ് വിഭാഗത്തിലുൾപ്പെടുന്ന രാജ്യങ്ങളിലുള്ള പൗരൻമാരെയാണ് നടപടി ഏറെ ബാധിക്കുക. ഇവർക്ക് ഒരു തരത്തിലുള്ള യാത്രകളും അനുവദിക്കില്ല. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നൽകുന്നതും യുഎസ് പൂർണമായും നിർത്തലാക്കും. അഫ്ഗാനിസ്ഥാൻ, ക്യൂബ, ഇറാൻ, ലിബിയ, നോർത്ത് കൊറിയ, സൊമാലിയ, സുഡാൻ, സിറിയ, വെനസ്വേല, യെമൻ എന്നിവയാണ് റെഡ് ലിസ്റ്റിലെ പത്ത് രാജ്യങ്ങൾ.
എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, സൗത്ത് സുഡാൻ എന്നിവയാണ് ഓറഞ്ച് ഗ്രൂപ്പിൽ ഉൾപ്പെടുന്നത്. ഇവിടങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്കും വിദ്യാർഥികൾക്കുമാകും നിയന്ത്രണങ്ങളുണ്ടാവുക.
യെല്ലോ വിഭാഗത്തിൽ 26 രാജ്യങ്ങളാണുള്ളത്. അങ്കോള, ആന്റിഗ്വ ആൻഡ് ബാർബുഡ, ബെലാറസ്, ബെനിൻ, ഭൂട്ടാൻ, ബുർക്കിന ഫാസോ, കാബോ വെർദേ, കംബോഡിയ, കാമറൂൺ, ഛാഡ്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഡൊമിനീഷ്യ, ഇക്വറ്റോറിയൽ ഗിനിയ, ഗാംബിയ, ലൈബീരിയ, മലാവി, പാകിസ്ഥാൻ, മൗറിറ്റാനിയ, റിപ്പബ്ലിക് ഓഫ് കോംഗോ, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്, സെന്റ് ലൂസിയ, സാവോ ടോം ആൻഡ് പ്രിൻസിപ്പെ, സിയേറ ലിയോണി, ഈസ്റ്റ് തിമൂർ, തുർക്ക്മെനിസ്താൻ, വാനുവാതു എന്നീ രാജ്യങ്ങൾ 60 ദിവസത്തിനകം സുരക്ഷ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ വിലക്ക് ഏർപ്പെടുത്തും.








0 comments