Deshabhimani

ഡിജിറ്റൽ വിപണിയിലും കോർപ്പറേറ്റ് ആധിപത്യം; ഇ-കൊമേഴ്‌സ് നികുതി ഒഴിവാക്കാൻ 19 രാജ്യങ്ങൾ

WTO

പ്രതീകാത്മക ചിത്രം | REUTERS/Denis Balibouse/File

വെബ് ഡെസ്ക്

Published on May 08, 2026, 11:51 AM | 2 min read

ജനീവ : ആഗോള ഡിജിറ്റൽ വ്യാപാര രംഗത്ത് വികസ്വര രാജ്യങ്ങളുടെ താല്പര്യങ്ങൾ വിലക്കെടുക്കാതെ വൻകിട കോർപ്പറേറ്റുകൾക്ക് വഴിയൊരുക്കാൻ അമേരിക്കയുൾപ്പെടെയുള്ള 19 രാജ്യങ്ങൾ. ബ്രസീലുമായുള്ള തർക്കം പരിഹരിക്കാൻ സാധിക്കാത്തതിനെത്തുടർന്നാണ് ഈ നീക്കം. ഇ - കൊമേഴ്‌സ് ഇടപാടുകൾക്ക് നികുതി ചുമത്തില്ലെന്ന് ഉറപ്പാക്കാൻ യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ പന്ത്രണ്ടിലധികം രാജ്യങ്ങളും ചേർന്ന് വ്യാഴാഴ്ച സ്വന്തം കരാർ രൂപീകരിച്ചതായി റിപ്പോർട്ട്.


ജനീവയിൽ വ്യാഴാഴ്ച സമാപിച്ച ലോക വ്യാപാര സംഘടനയുടെ ചർച്ചയിൽ ആഗോള കരാർ നാല് വർഷത്തേക്ക് കൂടി നീട്ടുന്നതിനെ ബ്രസീൽ ശക്തമായി എതിർത്തു. മുൻപ് ഇതിനെ എതിർത്തിരുന്ന തുർക്കി നിലപാട് മാറ്റിയതായി ഡബ്ല്യു ടി ഒ പ്രതിനിധി അറിയിച്ചു.


സ്ട്രീമിംഗുകൾക്കും ഡൗൺലോഡുകൾക്കും നികുതി ചുമത്തുന്നത് തടഞ്ഞുകൊണ്ടുള്ള ദീർഘകാലമായുള്ള മൊറട്ടോറിയം പുതുക്കുന്നതിനായി മാർച്ചിൽ കാമറൂണിലെ യുവാണ്ടെയിൽ ലോക വ്യാപാരസംഘടനയുടെ ഉന്നതതല യോ​ഗം നടന്നിരുന്നു. എന്നാൽ ഈ ചർച്ച പരാജയപ്പെടുകയായിരുന്നു. ഇത് ലോക വ്യാപാര സംഘടനയ്ക്ക് തിരിച്ചടിയായി. ആഗോള വ്യാപാര നിയമങ്ങൾ നിയന്ത്രിക്കുന്നതിൽ സംഘടനയുടെ കാര്യക്ഷമതയെക്കുറിച്ച് ഈ സംഭവം വലിയ ആശങ്കകൾ ഉയർത്തുന്നതായി പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾ പ്രതികരിച്ചു.


1998ൽ അംഗീകരിക്കപ്പെട്ടതും അതിനുശേഷം കൃത്യമായി പുതുക്കിവരുന്നതുമാണ് ഈ മൊറട്ടോറിയം. ഇത് അതിർത്തി കടന്നുള്ള ഇലക്ട്രോണിക് വിനിമയങ്ങൾക്ക് നികുതി ചുമത്തുന്നത് വിലക്കുന്നു. ഉദാഹരണത്തിന് സിനിമ, മ്യൂസിക് എന്നിങ്ങനെയുള്ളവ സ്ട്രീം ചെയ്യുന്നതിനും സോഫ്റ്റ്‌വെയറുകൾ ഡൗൺലോഡ് ചെയ്യുന്നതിനും ഈ മൊറട്ടോറിയം പ്രകാരം നികുതി ചുമത്തേണ്ടതില്ല.


ലോക വ്യാപാര സംഘടനയിലെ പ്രമുഖ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥകളായ യുഎസ്, യൂറോപ്യൻ യൂണിയൻ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ നിലവിലെ മൊറട്ടോറിയത്തെ ശക്തമായി പിന്തുണക്കുന്നു. ആഗോള ഡിജിറ്റൽ വ്യാപാരത്തിന് കൃത്യമായ ദിശാബോധവും സുസ്ഥിരമായ അന്തരീക്ഷവും നൽകാൻ ഈ സംവിധാനം അനിവാര്യമാണെന്നാണ് ഇവരുടെ വാദം. ഡിജിറ്റൽ വ്യാപാര മേഖലയിലെ അനിശ്ചിതത്വങ്ങൾ ഒഴിവാക്കാൻ ഈ മൊറട്ടോറിയം സ്ഥിരമാക്കണമെന്ന് ഈ രാജ്യങ്ങൾ ആവശ്യപ്പെടുന്നു.


ഇലക്ട്രോണിക് വിനിമയങ്ങൾക്ക് മേൽ നിശ്ചിത കാലയളവിലേക്ക് നികുതി ചുമത്തില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് 19 രാജ്യങ്ങൾ. യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ഓസ്‌ട്രേലിയ, നോർവേ, അർജന്റീന തുടങ്ങിയ പ്രമുഖ രാജ്യങ്ങളാണ് വ്യാഴാഴ്ച ഇതുസംബന്ധിച്ച കരാർ പ്രഖ്യാപിച്ചത്. ആഗോളതലത്തിൽ നിലവിലുണ്ടായിരുന്ന ബഹുരാഷ്ട്ര മൊറട്ടോറിയം കാലഹരണപ്പെട്ടതിൽ രാജ്യങ്ങൾ നിരാശ പ്രകടിപ്പിച്ചു. ഇതിന് പകരമായി കൊണ്ടുവന്ന പുതിയ കരാർ മെയ് 8 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് ഔദ്യോ​ഗിക റിപ്പോർട്ട്. ഡിജിറ്റൽ വിപണിയിലെ അനിശ്ചിതത്വം ഒഴിവാക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


ബഹുരാഷ്ട്ര ഇ-കൊമേഴ്‌സ് മൊറട്ടോറിയം ഇല്ലാതായ സാഹചര്യത്തിൽ ബിസിനസ് മേഖലക്കും ഉപഭോക്താക്കൾക്കും കൃത്യമായ ദിശാബോധവും സുരക്ഷയും ഉറപ്പാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് അംഗരാജ്യങ്ങൾ വ്യക്തമാക്കി. മെയ് ഏഴിന് പുറത്തിറക്കിയ ഔദ്യോഗിക രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മറ്റ് രാജ്യങ്ങളോടും ഈ കരാറിന്റെ ഭാഗമാകാൻ രേഖയിലൂടെ അംഗരാജ്യങ്ങൾ ആഹ്വാനം ചെയ്തു.


ഈ നീക്കം വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക വെല്ലുവിളികൾക്കും നയപരമായ പരിമിതികൾക്കും കാരണമാകുന്നു. ആഗോളതലത്തിൽ പ്രവർത്തിക്കുന്ന വൻകിട ടെക് കമ്പനികളിൽ നിന്നും സ്ട്രീമിംഗ് സേവനങ്ങളിൽ നിന്നും ലഭിക്കേണ്ട വലിയൊരു തുക നികുതിയായി ഈടാക്കാൻ കഴിയാത്തത് വികസ്വര രാജ്യങ്ങളുടെ വരുമാനത്തിൽ കാര്യമായ കുറവുണ്ടാക്കും.


കോർപ്പറേറ്റുകൾ ഡിജിറ്റൽ വിപണി കീഴടക്കുമ്പോൾ ചെറുകിട ഡിജിറ്റൽ സംരംഭങ്ങളെ സംരക്ഷിക്കാനോ അവർക്ക് തുല്യമായ മത്സര സാഹചര്യം ഒരുക്കാനോ ആവശ്യമായ നയങ്ങൾ രൂപീകരിക്കുന്നതിൽ നിന്ന് ഈ കരാർ വികസ്വര രാജ്യങ്ങളെ തടയുന്നു. ചുരുക്കത്തിൽ വികസിത രാജ്യങ്ങളുടെ സാങ്കേതിക മേധാവിത്വത്തിന് വഴിയൊരുക്കുന്നതിലൂടെ വികസ്വര രാജ്യങ്ങൾക്ക് അവരുടെ ഡിജിറ്റൽ പരമാധികാരം നഷ്ടപ്പെടാനുള്ള സാധ്യതയാണുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home