ടിടിപിയെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് പാകിസ്ഥാൻ

പ്രതീകാത്മകചിത്രം. photo credit: Aghan institute for strategic studies X
ലാഹോർ : തെഹ്‍രീകെ താലിബാൻ പാകിസ്ഥാനെ (ടിടിപി) ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് അഫ്ഗാൻ താലിബാനോട് ആവശ്യപ്പെട്ട് പാകിസ്ഥാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം പരിഹരിക്കുന്നതിനുള്ള വ്യവസ്ഥയായി ടിടിപിയെ ഭീകര സംഘടനയായി അഫ്ഗാനിസ്ഥാൻ ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച ചൈനീസ് നഗരമായ ഉറുംഖിയിൽ പാകിസ്ഥാൻ, അഫ്ഗാൻ താലിബാൻ പ്രതിനിധികൾ തമ്മിൽ നടന്ന കൂടിക്കാഴ്ചയിൽ ഇതടക്കമുള്ള മൂന്ന് പ്രധാന ആവശ്യങ്ങൾ പാകിസ്ഥാൻ മുന്നോട്ടുവച്ചതായി ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരി അവസാനം അഫ്ഗാനിസ്ഥാനിലെ തീവ്രവാദി ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ഓപ്പറേഷൻ ഗസാബ് ലിൽ-ഹഖ് ആരംഭിച്ചതിനുശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ആദ്യത്തെ പ്രധാന നയതന്ത്ര ഇടപെടലാണിത്. ടിടിപിയെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കുക, സംഘടനയുടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുക, ഇവയുടെ സ്ഥിരീകരിക്കാവുന്ന തെളിവ് നൽകുക എന്നിവയാണ് ഇസ്ലാമാബാദ് മുന്നോട്ടുവച്ച മൂന്ന് ആവശ്യങ്ങളെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
"വെടിനിർത്തൽ കരാർ, അഫ്ഗാനിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ പൊളിച്ചുമാറ്റൽ, സുരക്ഷിതമായ വ്യാപാര മാർഗങ്ങൾ സുഗമമാക്കുന്നതിനുള്ള നടപടികൾ" എന്നിവയും ചർച്ചകളിൽ മുന്നോട്ടുവച്ചതായാണ് റിപ്പോർട്ട്. ടിടിപിക്കും ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) തീവ്രവാദികൾക്കും കാബൂൾ അഭയം നൽകുന്നുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം സമീപ മാസങ്ങളിൽ ശക്തമായത്. ഇതിനുപിന്നാലെ അതിർത്തികളിൽ ഏറ്റുമുട്ടൽ പതിവായിരുന്നു. തിങ്കളാഴ്ച നടന്ന ഏറ്റുമുട്ടലിൽ ആറ് പാക് സൈനികർ കൊല്ലപ്പെട്ടതായും താലിബാൻ വ്യക്തമാക്കിയിരുന്നു.
ഈ ഗ്രൂപ്പുകൾ പാകിസ്ഥാൻ പ്രവിശ്യകളിൽ സജീവമാണെന്ന് അവകാശപ്പെട്ടുകൊണ്ട് അഫ്ഗാനിസ്ഥാൻ നിരന്തരം ആരോപണങ്ങൾ നിഷേധിക്കുകയും പാകിസ്ഥാനോട് നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ചർച്ച ഇപ്പോഴും നടക്കുന്നുണ്ടെന്നും താലിബാൻ ഭരണകൂടം പാകിസ്ഥാനുമായുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താക്കി പറഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ചർച്ചകളിലെ പാകിസ്ഥാന്റെ പങ്കാളിത്തത്തെ നയത്തിലെ മാറ്റമായി കണക്കാക്കരുതെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് താഹിർ ആൻഡ്രാബി പറഞ്ഞു. തീവ്രവാദ വിരുദ്ധ പോരാട്ടത്തിലും അതിർത്തി സുരക്ഷയിലും മാത്രമായിരിക്കും ചർച്ചകളെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയതായും വൃത്തങ്ങൾ അറിയിച്ചു.










0 comments