ലെബനനിലെ ഇസ്രയേൽ നരനായാട്ടിൽ കൊല്ലപ്പെട്ടത് രണ്ടായിരത്തിലേറെപ്പേർ; 165 കുട്ടികൾ

ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ദക്ഷിണ ലെബനനിലെ ക്വാന ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹം പുറത്തുകൊണ്ടുപോകുന്ന രക്ഷാപ്രവർത്തകർ | PHOTO: AFP
ബെയ്റൂത്ത്: ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായിരം കടന്നതായി ഔദ്യോഗിക സ്ഥിരീകരണം. കഴിഞ്ഞ ആറാഴ്ചയായി തുടരുന്ന ആക്രണത്തിൽ കൊല്ലപ്പെട്ടവരിൽ 248 സ്ത്രീകളും 165 കുട്ടികളും 85 ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നുവെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏകദേശം 6,436 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം നൂറോളം പേരാണ് കൊല്ലപ്പെട്ടത്.
നിലവിൽ ഇറാനിൽ താൽക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, ഈ കരാർ ലെബനന് ബാധകമല്ലെന്നാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും നിലപാട്. എന്നാൽ കരാർ ലെബനനും ബാധകമാണെന്ന് ഇറാൻ വാദിക്കുന്നു.
ഇസ്ലാമാബാദിലെ യുഎസ്–ഇറാൻ സമാധാന ചർച്ചകൾ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞദിവസം മുതൽ ലെബനനിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചത്. 24 മണിക്കൂറിനിടെ തെക്കൻ ലെബനനിലെ ഇരുനൂറോളം കേന്ദ്രങ്ങളിലാണ് ഇസ്രയേൽ പ്രതിരോധസേന വ്യോമാക്രമണം നടത്തിയത്.
ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെടുമ്പോഴും സാധാരണക്കാർ താമസിക്കുന്ന മേഖലകളിലാണ് ബോംബിങ് തുടരുന്നത്. തെക്കൻ ലെബനനിലെ കരസേനാനീക്കത്തിന് പിന്തുണ നൽകാനായി വ്യോമസേന വ്യാപക ആക്രമണമാണ് നടത്തുന്നത്.
അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ലെബനനിലെ കടന്നാക്രമണം അവസാനിപ്പിക്കാതെ സമാധാനം സാധ്യമാകില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. വാഷിങ്‌ടണിൽ ലെബനൻ സർക്കാരുമായി ചർച്ചകൾക്ക് നടപടി തുടങ്ങിയതായി പ്രഖ്യാപിച്ചശേഷമാണ് ഇസ്രയേൽ ആക്രമണം തുടരുന്നത്.










0 comments