ad
Deshabhimani

ചൈനയിലെ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം; 21 മരണം, 61 പേർക്ക് പരിക്ക്

china
വെബ് ഡെസ്ക്

Published on May 05, 2026, 11:46 AM | 1 min read

ലിയുയാങ്: ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായ അതിശക്തമായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. 61 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട് ചെയ്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഷാങ്ഷാ നഗരത്തിന് കീഴിലുള്ള ലിയുയാങ്ങിലെ 'ഹുവാഷെങ് ഫയർവർക്ക്സ്' കമ്പനിയിലാണ് അപകടമുണ്ടായത്. ലോകത്തിലെ തന്നെ പ്രധാന പടക്ക കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണ് ലിയുയാങ്.


അപകടത്തിന് പിന്നാലെ വൻതോതിലുള്ള രക്ഷാപ്രവർത്തനമാണ് പ്രദേശത്ത് നടക്കുന്നത്. അഞ്ച് ടീമുകളിലായി 480-ലധികം രക്ഷാപ്രവർത്തകരെ ദുരന്തസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. മനുഷ്യർക്ക് കടന്നുചെല്ലാൻ പ്രയാസമുള്ള അപകടമേഖലകളിൽ തിരച്ചിൽ നടത്തുന്നതിനായി മൂന്ന് അത്യാധുനിക റെസ്ക്യൂ റോബോട്ടുകളെയും രംഗത്തിറക്കി.


സ്ഫോടനം നടന്ന സ്ഥലത്തിന് സമീപം രണ്ട് വെടിമരുന്ന് സംഭരണശാലകൾ (Black Powder Warehouses) ഉള്ളത് ആശങ്കയായി. ഇത് കണക്കിലെടുത്ത് സമീപവാസികളെ പൂർണ്ണമായും ഒഴിപ്പിക്കുകയും പ്രദേശം സുരക്ഷാ വലയത്തിലാക്കുകയും ചെയ്തു.


chinaphoto courtesy Xinhua


സ്ഫോടനത്തിന്റെ തീവ്രതയിൽ കിലോമീറ്ററുകളോളം ദൂരത്തിൽ കെട്ടിടങ്ങൾക്കും മറ്റ് വസ്തുവകകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തകർന്നുപോയ കെട്ടിടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടോ എന്നറിയാൻ രണ്ടാം ഘട്ട തിരച്ചിൽ പുരോഗമിക്കുകയാണ്.


സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ചൈനീസ് എമർജൻസി മാനേജ്‌മെന്റ് മന്ത്രാലയം വിദഗ്ധ സംഘത്തെ അയച്ചു. അപകടത്തിന് കാരണമായ സാഹചര്യം വ്യക്തമല്ല. കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home