ad
Deshabhimani

ലെബനനിൽ നരനായാട്ട് തുടർന്ന് ഇസ്രയേൽ; മരണസംഖ്യ 3,000 കടന്നു

Lebanon death toll

തെക്കൻ ലെബനൻ ഗ്രാമമായ ദൈർ ഖാനൂൻ എൻ നഹറിൽ ഇസ്രായേലി ആക്രമണത്തിൽ കൊല്ലപ്പെട്ടവർ. photo credit: KAWANT HAJU / AFP

വെബ് ഡെസ്ക്

Published on May 23, 2026, 12:57 PM | 2 min read

ബെയ്‌റൂത്ത്‌ : താൽക്കാലിക വെടിനിർത്തൽ കരാർ ലംഘിച്ച് തെക്കൻ ലെബനനിൽ ഇസ്രയേൽ നരനായാട്ട് തുടരുന്നു. വെള്ളിയാഴ്ച വെള്ളിയാഴ്ച ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ആറ് പാരാമെഡിക്കൽ ജീവനക്കാരും ഒരു സിറിയൻ പെൺകുട്ടിയും ഉൾപ്പെടും. ഹനോയിയേ ​ഗ്രാമത്തിലുണ്ടായ ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഇസ്ലാമിക് ഹെൽത്ത് അസോസിയേഷനിൽ ജോലി ചെയ്യുന്ന നാല് പാരാമെഡിക്കൽ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് മന്ത്രാലയം അറിയിച്ചു. തീരദേശ ടയർ പ്രവിശ്യയിലെ ദെയ്ർ ഖനൂൻ അൽ നഹർ ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ മറ്റൊരു ആക്രമണത്തിലാണ് ആറ് പേർ കൊല്ലപ്പെട്ടത്. ഇതിൽ ഒരു സിറിയൻ പെൺകുട്ടിയും ഹിസ്ബുള്ളയുടെ സഖ്യകക്ഷിയായ അമൽ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പാരാമെഡിക്കൽ ഗ്രൂപ്പായ അൽ-റിസാല സ്കൗട്ട്സ് അസോസിയേഷനിലെ രണ്ട് പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടുന്നുവെന്ന് മന്ത്രാലയം അറിയിച്ചു.


lebanon attack.jpgഇസ്രയേൽ ആക്രമണത്തിൽ തകർന്ന വീടുകൾക്കിടയിൽ താമസക്കാർ. photo credit: AFP


ഇസ്രയേൽ- ഹിസ്ബുള്ള സംഘർഷം ആരംഭിച്ച് മൂന്ന് മാസത്തോടടുക്കുമ്പോൾ ലെബനനിൽ ഇതുവരെ 3,000ത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. 3,104 പേർ കൊല്ലപ്പെട്ടതായാണ് ഏകദേശ കണക്ക്. ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആക്രമണം ആരംഭിച്ച് രണ്ട് ദിവസത്തിന് ശേഷം ഇറാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹിസ്ബുള്ള വടക്കൻ ഇസ്രായേലിലേക്ക് റോക്കറ്റുകൾ തൊടുത്തതിനു പിന്നാലെയാണ് മാർച്ച് 2 ന് ഇസ്രായേൽ-ഹിസ്ബുള്ള സംഘർഷം ആരംഭിച്ചത്. പിന്നാലെ ലെബനനിൽ ഇസ്രയേൽ സൈന്യം ബോംബാക്രമണവും കരയാക്രമണവും ആരംഭിക്കുകയായിരുന്നു.


ലെബനന്റെ തലസ്ഥാനമായ ബെയ്റൂത്തും തെക്കൻ ലെബനൻ ന​ഗരങ്ങളുമാണ് ആക്രമണത്തിനിരയായത്. വ്യാഴാഴ്ച, യുഎൻ ലോകാരോഗ്യ സംഘടന, ലെബനനിലെ ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കും നേരെ 169 ആക്രമണങ്ങളുണ്ടായതായി റിപ്പോർട്ട് ചെയ്തു. ഇതിൽ 116 പേർ മരിച്ചു. ഇസ്രയേലിന്റെ ആക്രമണങ്ങൾക്കും ഒഴിഞ്ഞു പോകാനുള്ള ഉത്തരവുകൾക്കും പിന്നാലെ രാജ്യത്തിന്റെ 15 ശതമാനം ജനങ്ങളും പലായനം ചെയ്തെന്ന് വിവിധ മാനുഷിക ഏജൻസികൾ വ്യക്തമാക്കുന്നു. തെക്കൻ ലെബനനിലെ ഗ്രാമങ്ങൾ ഭൂരിഭാ​ഗവും ശൂന്യമായി. പലരും കടൽത്തീരങ്ങളിലും ഉൾപ്രദേശങ്ങളിലും ടെന്റുകൾ കെട്ടിയാണ് കൂട്ടമായി താമസിക്കുന്നത്. ഏതുസമയവും ആക്രമണം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ഇവിടുത്തെ ജനത കഴിയുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 17ന് വെടിനിർത്തലിന് ധാരണയായിട്ടും ആക്രമണം രൂക്ഷമായി തുടരുകയാണ്.


lebanon attack afp photo credit: AFP


മുൻകാല സംഘർഷങ്ങളേക്കാൾ ഇത്തവണ കുടിയിറക്കപ്പെട്ട ജനങ്ങളുടെ എണ്ണം ​ഗണ്യമായി വർധിച്ചതായാണ് റിപ്പോർട്ട്. 2024ലെ സംഘർഷത്തിലാണ് മുമ്പ് വൻതോതിൽ പലായനം ഉണ്ടായിട്ടുള്ളത്. എന്നാൽ രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 20 ശതമാനത്തെ ബാധിച്ച പലായനം ആദ്യമായാണെന്ന് വിദഗ്ധർ പറയുന്നു. കുടിയിറക്കപ്പെട്ടവരുടെ എണ്ണം പത്തുലക്ഷത്തിലും ഉയർന്നതായിരിക്കുമെന്ന് ലെബനനിലെ ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയുടെ വക്താവ് ദലാൽ ഹാർബ് പറയുന്നു.


സർക്കാർ നടത്തുന്ന ഷെൽട്ടറുകളിൽ സ്ഥലം ലഭിക്കാത്ത പലരും തെരുവുകളിലാണ് കഴിയുന്നത്. ബന്ധുക്കളോ പരിചയക്കാരോ ഇല്ലാത്ത വടക്കൻ ന​ഗരങ്ങളിലേക്ക് പോകുന്നതിനേക്കാൾ തെരുവുകളിൽ പരിമിത സൗകര്യങ്ങളിൽ കഴിയാനാണ് ഭൂരിഭാ​ഗം ജനങ്ങളും താൽപ്പര്യപ്പെടുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കൈക്കുഞ്ഞുങ്ങൾ മുതൽ പ്രായമേറിയവർ വരെ തെരുവുകളിലും കടൽത്തീരങ്ങളിലും ടെന്റുകളിൽ താമസിക്കുന്നുണ്ട്. കാലാവസ്ഥ മാറ്റത്തിനനുസരിച്ചുള്ള ആരോ​ഗ്യപരമായ ബുദ്ധിമുട്ടുകളും അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവുമെല്ലാം ജനങ്ങളെ വലയ്ക്കുന്നുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home