ad
Deshabhimani

രാജ്യത്തെ ആരോഗ്യ ഡാറ്റ ചോര്‍ത്താൻ അമേരിക്കൻ സഹായ പദ്ധതി, 2500 കോടിയുടെ വാഗ്ദാനം വലിച്ചെറിഞ്ഞ് ഘാന

Ghana presi

ഘാന പ്രസിഡന്റ് ജോൺ ഡ്രാമനി മഹാവ

വെബ് ഡെസ്ക്

Published on May 02, 2026, 05:32 PM | 3 min read

അക്ര: അമേരിക്ക വാഗ്ദാനം ചെയ്ത 300 ദശലക്ഷം ഡോളറിന്റെ സഹായം വേണ്ടെന്ന് ഘാന. തങ്ങളുടെ പൗരന്മാരുടെ തന്ത്രപ്രധാനമായ ആരോഗ്യ വിവരങ്ങൾ വിദേശ രാജ്യങ്ങൾക്ക് വിട്ടുകൊടുക്കാനാവില്ലെന്നാണ് പ്രഖ്യാപനം. ഏകദേശം 2500 കോടി രൂപ വരുന്ന സാമ്പത്തിക സഹായമാണ് ഡിജിറ്റൽ പരമാധികാരം സംരക്ഷിക്കുന്നതിനായി ഘാന വേണ്ടെന്നുവെച്ചത്.


വികസ്വര രാജ്യങ്ങളുടെ മേൽ വികസിത രാജ്യങ്ങൾ നടത്തുന്ന "ഡിജിറ്റൽ കൊളോണിയലിസത്തിനെതിരെയുള്ള" (Digital Colonialism) ശക്തമായ പ്രതിരോധമായി ആഗോളതലത്തിൽ ഈ നടപടി പ്രശംസിക്കപ്പെട്ടു. ഘാന മാത്രമല്ല ഈ നിരയിലുള്ളത്.


കുത്തകകൾക്ക് വേണ്ടി വിവരങ്ങൾ ചോര്‍ത്താൻ


ഘാനയുടെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആർനോൾഡ് കവാർപു ആണ് രാജ്യത്തിന്റെ ഉറച്ച തീരുമാനം പരസ്യപ്പെടുത്തിയത്. പത്തോളം അമേരിക്കൻ ഏജൻസികൾക്ക് ഘാനയുടെ ആരോഗ്യ വിവരശേഖരത്തിൽ പ്രവേശനം നൽകണം എന്നായിരുന്ന സഹായധനം നൽകുന്നതിനുള്ള ആദ്യ ഉപാധി. ഏത് ആവശ്യത്തിനാണ് വിവരങ്ങൾ ഉപയോഗിക്കുന്നത് എന്ന് ഘാനയെ മുൻകൂട്ടി അറിയിക്കാനോ അനുമതി വാങ്ങാനോ ഉള്ള വ്യവസ്ഥ കരാറിൽ നിന്ന് നീക്കം ചെയ്യപ്പെട്ടിരുന്നു.


വ്യക്തികളുടെ സ്വകാര്യതയിലേക്കും


വെറും കണക്കുകൾക്ക് പുറമെ, രാജ്യത്തിന്റെ ആരോഗ്യ വിവരങ്ങൾ വിശകലനം ചെയ്യുന്ന രീതികളും റിപ്പോർട്ടിംഗ് ടൂളുകളും വരെ കരാര്‍ പ്രകാരം അമേരിക്കൻ ഏജൻസികൾക്ക് ലഭ്യമാക്കണമായിരന്നു. പ്രത്യേക സാഹചര്യങ്ങളിൽ വ്യക്തികളെ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള (Identifiable data) വിവരങ്ങൾ കൈമാറണമെന്ന വ്യവസ്ഥയും കരാറിലുണ്ടായിരുന്നു.


"ഇത് രാജ്യത്തിന്റെ ആരോഗ്യ വിവരശേഖരണ സംവിധാനം ഒരു വിദേശ ശക്തിക്ക് ഔട്ട്സോഴ്സ് ചെയ്യുന്നതിന് തുല്യമാണ്," എന്ന് കവാർപു തുറന്നടിച്ചു.


ആഫ്രക്കൻ ഭൂഖണ്ഡ‍ത്തിൽ

പുതിയ ചെറുത്തുനിൽപ്


സാമ്പത്തിക സഹായത്തിന് പകരമായി വിവരങ്ങൾ കൈമാറാൻ തയ്യാറല്ലെന്ന് വ്യക്തമാക്കുന്ന ആദ്യ രാജ്യമല്ല ഘാന. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ പുതിയൊരു ചിന്താഗതി ഈ വഴിക്ക് രൂപപ്പെടുകയാണ്.


trade over aid


ഫെബ്രുവരിയിൽ സമാനമായ കാരണങ്ങളാൽ സിംബാബ്‌വെ ഈ കരാർ നിരസിച്ചു. കരാറിലെ നിബന്ധനകളിൽ മാറ്റം വരുത്തണമെന്ന് ശക്തമായി ആവശ്യപ്പെട്ടിരിക്കുകയാണ് സാംബിയ. വിവരങ്ങൾ പങ്കുവെക്കുന്നതിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ മേധാവി ജീൻ കസേയയും ആശങ്ക പരസ്യമാക്കി. രാജ്യങ്ങളുടെ ദരിദ്രാവസ്ഥ മുതലെടുക്കാനുള്ള മുതലാളിത്ത രാഷ്ട്രങ്ങളുടെ പുതിയ കാല നീക്കങ്ങളും തിരിച്ചറിയപ്പെടുന്നു എന്ന പ്രഖ്യാപനമാണ്.


സാമ്പത്തിക പ്രതിസന്ധികൾ നേരിടുമ്പോഴും, ദീർഘകാലാടിസ്ഥാനത്തിലുള്ള വിവര പരമാധികാരത്തിന് (Data Sovereignty) ഘാന ഉൾപ്പെടെ ആഫ്രിക്കൻ രാജ്യങ്ങൾ നൽകുന്ന പ്രാധാന്യം ശ്രദ്ധേയമാണ്. ഡാറ്റയാണ് പുതിയ കാലത്തെ പ്രധാന സമ്പത്ത് എന്ന് തിരിച്ചറിഞ്ഞാണ് ഘാന ഈ ധീരമായ തീരുമാനമെടുത്തത്. ഇത് വിവരങ്ങളുടെ മേലുള്ള രാജ്യങ്ങളുടെ പരമാധികാരത്തെ കുറിച്ചുള്ള തിരിച്ചറിവായി ചൂണ്ടികാണിക്കപ്പെടുന്നു.


വിവരങ്ങളുടെ മേലുള്ള നിയന്ത്രണം നഷ്ടപ്പെടുന്നത് രാജ്യത്തിന്റെ സുരക്ഷയെയും നയരൂപീകരണത്തെയും ബാധിക്കുമെന്ന് ഘാന വ്യക്തമാക്കി. അമേരിക്ക മുന്നോട്ടുവെക്കുന്ന നിബന്ധനകളിൽ ഘാനയുടെ മേൽനോട്ടവും മുൻകൂർ അനുമതിയും ഉറപ്പാക്കുന്ന പക്ഷം കരാർ പുതുക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നാണ് ഘാന തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.


അമേരിക്ക ഫസ്റ്റ് എന്ന ചൂഷണാധിഷ്ഠിത കച്ചവടം


അമേരിക്ക നൽകുന്ന ആരോഗ്യ സഹായം ഇപ്പോൾ കേവലം ജീവകാരുണ്യ പ്രവർത്തനമല്ല, മറിച്ച് രാജ്യങ്ങളുടെ പ്രകൃതിവിഭവങ്ങൾക്കും തന്ത്രപ്രധാനമായ വിവരങ്ങൾക്കും വേണ്ടിയുള്ള കൈമാറ്റമായി മാറിയിരിക്കുന്നു എന്നാണ് വിലയിരുത്തൽ. ചെമ്പ്, കൊബാൾട്ട്, ലിഥിയം എന്നീ ധാതുക്കൾ അമേരിക്കൻ കമ്പനികൾക്ക് ലഭ്യമാക്കിയാൽ മാത്രമേ ആരോഗ്യ സഹായം നൽകൂ എന്ന നിബന്ധനയാണ് അമേരിക്ക സാംബിയയോട് മുന്നോട്ട് വെച്ചത്. ധാതുക്കളുടെ ഖനനത്തിന് യുഎസ് കമ്പനികൾക്ക് അനുമതി നൽകിയതിന് ശേഷമാണ് കോംഗോയുമായി ആരോഗ്യ കരാർ ഒപ്പിട്ടത്. അമേരിക്ക ഫസ്റ്റ് നയത്തിലെ പ്രായോഗിക ചൂഷണ തന്ത്രങ്ങളായി ഇവ വിലയിരുത്തപ്പെടുന്നു.


സിംബാബ്‌വെയും ഘാനയും അമേരിക്കയുടെ കരാറുകളെ എതിർക്കാനുള്ള പ്രധാന കാരണം രോഗാണുക്കളെക്കുറിച്ചുള്ള ഡാറ്റ (Pathogen data) കൈമാറാനുള്ള സമ്മർദ്ദമാണെന്ന് റിപ്പോര്‍ടുകൾ ഉണ്ടായിരുന്നു. ഡാറ്റ കൈമാറാൻ ആവശ്യപ്പെടുമ്പോഴും, ആ ഡാറ്റ ഉപയോഗിച്ച് നിർമ്മിക്കുന്ന വാക്സിനുകളോ മരുന്നുകളോ തിരികെ ലഭിക്കുമെന്ന ഉറപ്പ് അമേരിക്ക നൽകുന്നില്ല. ഇതായിരുന്നു എതിര്‍പ്പിന്റെയും പുനരാലോചനയുടെയും തുടക്കം.


ആഫ്രിക്ക തിരിച്ചറിയുന്നു


ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വംശഹത്യാ കുറ്റം ചുമത്തിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്ക് നൽകിവന്ന എയ്ഡ്സ് പ്രതിരോധ സഹായം (PEPFAR) അമേരിക്ക മരവിപ്പിച്ചിരിക്കയാണ്. ഇതും ആഫ്രിക്കൻ രാജ്യങ്ങളുടെ പ്രതിരോധ ചിന്തയ്ക്ക് ഉര്‍ജമായി.


ഘാനയുടെ നിലവിലെ പ്രസിഡന്റ് ജോൺ ഡ്രാമനി മഹാവ (John Dramani Mahama) ആണ്. അമേരിക്കയുമായുള്ള വിവാദമായ ആരോഗ്യ കരാർ നിരസിക്കാനുള്ള തീരുമാനമെടുത്തതും, വിദേശ സഹായത്തെ ആശ്രയിക്കുന്നത് കുറച്ച് ആഭ്യന്തര നിക്ഷേപം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള "അക്ര റീസെറ്റ്" (Accra Reset) പദ്ധതിക്ക് പ്രഖ്യാപിച്ചതും ഇദ്ദേഹമാണ്. ഘാനയുടെ ചരിത്രത്തിൽ ആദ്യമായി പ്രൊഫ. നാന ജെയിൻ ഒപോകു-അഗ്യെമാങ് എന്ന ഒരു വനിതയെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തതും മഹാവയുടെ നേതൃത്വത്തിലാണ്. എന്നാൽ വെനസ്വേലയിലും ഇപ്പോൾ ക്യൂബയിലും ആവര്‍ത്തിക്കുന്ന പോലെ കനത്ത പ്രതിരോധം തീര്‍ക്കുന്ന രാജ്യങ്ങളെ ശത്രുക്കളായി പ്രഖ്യാപിപ്പ് സൈനികമായും ഉപരോധ യുദ്ധത്തിലൂടെയും നട്ടെല്ലൊടിക്കുക എന്ന നയമാണ് ഇപ്പോൾ യു എസ് തുടരുന്നത്. ഇത്തരം തന്ത്രത്തെ കുറിച്ചുള്ള തിരിച്ചറിവും രാജ്യങ്ങളുടെ ചെറുത്തു നിൽപിന് ബലമാവുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home