ad
Deshabhimani

നിരാഹാരസമരം അവസാനിപ്പിക്കാം; പക്ഷെ ചില നിബന്ധനകളുണ്ട്: സോനം വാങ്ചുക്ക്

sonamwangchuk
വെബ് ഡെസ്ക്

Published on Jul 20, 2026, 10:31 AM | 2 min read

ന്യൂഡൽഹി: ആവശ്യങ്ങൾ അം​ഗീകരിക്കുകയാണെങ്കിൽ നിരാഹാര സമരം ഇന്ന് അവസാനിപ്പിക്കുമെന്ന് വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക്ക്. വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുകയും രാജ്യത്തെ വിദ്യാർഥികളുടെ ഭാവിക്ക് ഭീഷണിയുയർത്തുകയും ചെയ്ത കേന്ദ്ര സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയിൽ പ്രതിഷേധിച്ച് ഡൽഹി ജന്തർ മന്തറിൽ അദ്ദേഹം 21 ദിവസം നിരാഹാര സമരത്തിലായിരുന്നു. തുടർന്ന് ബലം പ്രയോ​ഗിച്ച് പൊലീസ് വാങ്ചുക്കിനെ ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.


എന്നാൽ സഫ്ദർജംഗ് ആശുപത്രിയിലും അദ്ദേഹം നിരാഹാര സമരം തുടർന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയെ ആണ് വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിക്കാം എന്ന് അറിയിക്കുന്നത്. എന്നാൽ അതിന് ചില നിബന്ധനകളുണ്ട്. ടിഷ്യു പേപ്പറിൽ എഴുതി നൽകിയ ചില നിബന്ധനകളുടെ ഫോട്ടോ അദ്ദേഹത്തിന്റെ സാമുഹിക മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.


ഒന്നുകിൽ വിദ്യാഭ്യാസ മേഖലയിലെ പരാജയങ്ങൾക്ക്, പ്രത്യേകിച്ച് നീറ്റ് ചോ​ദ്യ പേപ്പർ ചോർച്ചയുടെ, പൂർണ ഉത്തരവാദിത്തം കേന്ദ്ര സർക്കാർ ഏറ്റെടുക്കണം. അല്ലെങ്കിൽ വാങ്‌ചുക്കിനെയും സിജെപി നേതൃത്വത്തെയും പാർലമെന്റിലെത്തി എംപിമാരോടും വിവിധ പാർടി നേതാക്കളോടും നേരിട്ട് ആവശ്യം ഉന്നയിക്കാൻ അനുവദിക്കണം. ആരോഗ്യപരമായ കാരണങ്ങളാൽ വാങ്‌ചുക്കിന് പോകാൻ കഴിയില്ലെങ്കിൽ, എംപിമാരും നേതാക്കളും ആശുപത്രിയിലെത്തി ഈ വിഷയത്തിൽ പാർലമെന്റിൽ ശബ്ദമുയർത്തുമെന്ന് ഉറപ്പുനൽകണം. ഇതിൽ ഏതെങ്കിലും ഒന്ന് നടപ്പാക്കാമെങ്കിൽ തിങ്കളാഴ്ച നിരഹാര സമരം അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.


തന്നെ ചികിത്സയുടെ മറവിൽ ആശുപത്രിയിൽ നിയമവിരുദ്ധമായി തടങ്കലിൽ വെച്ചിരിക്കുകയാണ് എന്ന് സോനം വാങ്ചുക്ക് പറഞ്ഞു. ആശുപത്രിയിലും പരിസരത്തും നൂറിലധികം പൊലീസുകാരുണ്ട്. അദ്ദേഹത്തിന്റെ ആരോ​ഗ്യ നില സംബന്ധിച്ചും ചികിത്സ സംബന്ധിച്ചും ആശങ്കയുണ്ടെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വാങ്ചുക്കിന്റെ ഭാര്യ അഞ്ജലി ആങ്മോ ഡൽഹി ​ഹൈക്കോടതിയിൽ അടിയന്തര ഹർജി നൽകിയിരുന്നു.


കുടുംബത്തിന്റെ നീക്കങ്ങൾ നിയന്ത്രിക്കപ്പെടുന്നു. ഈ നടപടി ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഗീതാഞ്ജലിയുടെ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വാങ്ചുക്കിനെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നുമാണ് ആവശ്യം. അതേസമയം, തിങ്കളാഴ്ച സിജെപി പാർലമെന്റിലേക്ക് നടത്താൻ തീരുമാനിച്ച "ചലോ സൻസദ്" മാർച്ചിന് പൊലീസ് അനുമതി നൽകിയിട്ടില്ല. പരിസരത്തേക്ക് എത്തിയ ആയിരക്കണക്കിന് സിജെപി പ്രവർത്തകരെ പൊലീസും സേനയും അടിച്ചമർത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.


പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതും സിജെപിയുടെ പ്രതിഷേധ മാർച്ച് നടക്കുന്നതും കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ന്യൂഡൽഹിയിൽ സെക്ഷൻ 163 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധ മാർച്ചിന് അനുമതി നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് ഡിസിപി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home