ഇറാൻ എംബസിയിലെത്തി ക്യൂബൻ പ്രസിഡന്റ്; "അമേരിക്ക- ഇസ്രയേൽ ആക്രമണം എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട്"

മിഗേൽ ഡിയാസ് കാനൽ ഇറാൻ എംബസിയിലെത്തിയപ്പോൾ | Photo: en.granma
ഹവാന: ക്യൂബയിലെ ഇറാന്റെ എംബസി ആസ്ഥാനം സന്ദർശിച്ച് പ്രസിഡന്റ് മിഗേൽ ഡിയാസ് കാനൽ. അമേരിക്ക- ഇസ്രയേൽ കടന്നാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമനേയിക്ക് അദ്ദേഹം അനുശോചനവും അർപ്പിച്ചു. അമേരിക്കയുടെയും ഇസ്രായേലിന്റെയും ക്രൂരമായ ആക്രമണത്തിന്റെ ഫലമായി ഇറാനിയൻ രാഷ്ട്രത്തിന്റെ പരമോന്നത നേതാവ് വധിക്കപ്പെട്ടതറിഞ്ഞപ്പോൾ അഗാധമായ ദുഃഖവും വേദനയും അനുഭവപ്പെടുന്നു എന്ന് പ്രസിഡന്റ് അനുശോചനപുസ്തകത്തിൽ എഴുതി. ഖമനേയിയുടെ വധം അന്താരാഷ്ട്ര നിയമങ്ങളുടെയും എല്ലാ മാനദണ്ഡങ്ങളുടെയും നഗ്നമായ ലംഘനമെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
"നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദപരവും സഹകരണപരവുമായ ബന്ധങ്ങളുടെ വികാസത്തിനും ഏകീകരണത്തിനും നിർണായക സംഭാവന നൽകിയ ഇറാനിയൻ ജനതയുടെ മികച്ച രാഷ്ട്രതന്ത്രജ്ഞനും നേതാവുമായി ഞങ്ങൾ അദ്ദേഹത്തെ ഓർക്കും. ക്യൂബൻ ജനതയുടെയും സർക്കാരിന്റെയും ഐക്യദാർഢ്യവും അനുശോചനവും ഞാൻ അറിയിക്കുന്നു,"- ഡിയാസ് കാനൽ പറഞ്ഞു.
ഹവാനയിലെ നയതന്ത്ര ആസ്ഥാനത്ത് ഡിയാസ്-കാനലിനെ ഇറാനിയൻ അംബാസഡർ സബിഹുള്ള നദേരി സ്വീകരിച്ചു. ക്യൂബൻ വിദേശകാര മന്ത്രി ബ്രൂണോ റോഡ്രിഗസ് പരില്ലയും വിദേശകാര മന്ത്രാലയത്തിന്റെ ഉഭയകക്ഷി കാര്യ ഡയറക്ടർ ജനറൽ കാർലോസ് മിഗേൽ പെരേര ഹെർണാണ്ടസും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.










0 comments