print edition ക്യൂബയെ ശ്വാസംമുട്ടിക്കാൻ 4 മാസത്തിനിടെ 9–ാം വട്ട ഉപരോധം

ഹവാന/വാഷിങ്‌ടൺ: ക്യൂബയിലെ സോഷ്യലിസ്റ്റ് ഭരണത്തെ തകർക്കുകയെന്ന ലക്ഷ്യത്തോടെ ക്രൂരമായ സാമ്പത്തിക ഉപരോധം ശക്തമാക്കി അമേരിക്ക. മെയ് മുതൽ നാലുമാസത്തിനിടെ വീണ്ടും ഉപരോധം ഏർപ്പെടുത്തി. ഒമ്പതാംഘട്ടമായി 31 വ്യക്തികൾക്കും 49 കമ്പനികൾക്കുമാണ് ഉപരോധം. ക്യൂബയിൽ അട്ടിമറി ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരമാണ് ജനങ്ങളെ പട്ടിണിക്കിടുന്ന ക്രൂരത നടപ്പാക്കുന്നത്.
വിദേശ കമ്പനികൾ ക്യൂബയുമായി സഹകരിക്കുന്നത് തടഞ്ഞ് ഊർജം, പ്രതിരോധം, ധനകാര്യം, ഖനനം തുടങ്ങിയ തന്ത്രപ്രധാന മേഖലകളെ പൂർണമായി ശ്വാസംമുട്ടിക്കാനാണ് യുഎസ് ശ്രമം. ആഗോള പുരോഗമന പ്രസ്ഥാനങ്ങളുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ക്യൂബൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫ്രണ്ട്ഷിപ്പ് വിത്ത് ദ പീപ്പിൾസ് ഡയറക്ടർമാർ, നിർമാണ മന്ത്രാലയം, കമാൻഡന്റ് ഏണസ്റ്റോ ചെ ഗുവേര നിക്കൽ കമ്പനി, മെറ്റൽക്യൂബ, അസിനോക്സ് കൊമേഴ്സ്യൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെയും കരിമ്പട്ടികയിൽ പെടുത്തി.
പരമാവധി സമ്മർദ്ദ തന്ത്രത്തിലൂടെ ക്യൂബയെ കീഴ്പ്പെടുത്തുമെന്നാണ് യുഎസ് വിദേശ സെക്രട്ടറി മാർക്കോ റൂബിയോയുടെ പ്രഖ്യാപനം. ക്യൂബൻ ഊർജമന്ത്രിക്കും പൊതുമേഖലാ എണ്ണക്കമ്പനികൾക്കും നേരത്തേ യുഎസ് ഉപരോധം ഏർപ്പെടുത്തിയിരുന്നു.
അമേരിക്കയുടെ വേട്ടയാടൽ പരാജയപ്പെട്ട ഭ്രാന്തൻചിന്തയാണെന്ന് ക്യൂബൻ സർക്കാർ പ്രതികരിച്ചു. കടുത്ത ഊർജ–-സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെങ്കിലും സാമ്രാജ്യത്വത്തിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് ക്യൂബ പ്രഖ്യാപിച്ചു.










0 comments