print edition കമാന്‍ഡര്‍ റമീറോ വാള്‍ദെസിന് വിടയേകാൻ ക്യൂബ

ഹവാന : ക്യൂബൻ വിപ്ലവത്തിലെ ഇതിഹാസ നായകൻ ഫിദൽ കാസ്ട്രോയുടെയും റൗൾ കാസ്ട്രോയുടെയും വിശ്വസ്‌തനായ സഹപോരാളിയും ക്യൂബൻ കമ്യുണിസ്റ്റ് പാർടിയുടെ മുതിർന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ റമീറോ വാള്‍ദെസിന്(94) വിടയേകാന്‍ ക്യൂബജനത. വിപ്ലവനായകന്റെ വിയോഗത്തിൽ ആദരവർപ്പിച്ച് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
ഹവാനയിലെ വിപ്ലവ ചത്വരത്തിൽ പൊതുദർശനത്തിന് ശേഷം ജന്മനാടായ അർട്ടെമിസയിലേക്ക് കൊണ്ടുപോകും. പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഞായറാഴ്‌ചയായിരുന്നു അന്ത്യം. വിപ്ലവ പ്രസ്ഥാനത്തോടുള്ള കമാന്‍ഡര്‍ റമീറോയുടെ സമർപ്പണവും വിശ്വസ്‌തതയും ക്യൂബൻ ജനതയുടെ ആദരവ് പിടിച്ചുപറ്റിയെന്ന് ക്യൂബൻ കമ്യൂണിസ്റ്റ് പാർടി പ്രസ്‌താവനയിൽ പറഞ്ഞു. 1932 ഏപ്രിൽ 28-ന് പടിഞ്ഞാറൻ നഗരമായ ആർട്ടെമിസയിലാണ് ജനനം. ക്യൂബൻ വിപ്ലവത്തിന്റെ തുടക്കം കുറിച്ച 1953-ലെ മൊൻകാഡ ബാരക്‌സ് ആക്രമണം മുതൽ ഫിദൽ കാസ്ട്രോയുടെ ഏറ്റവും അടുത്ത അനുയായിയായിരുന്നു അദ്ദേഹം. മൊൻകാഡ ആക്രമണത്തിൽ പങ്കുചേരുമ്പോൾ റമീറോക്ക് പ്രായം 21 വയസ്സ് മാത്രം.
റമീറോ വാള്‍ദെസ് ഫിദൽ കാസ്-ട്രോ-ക്കൊപ്പം (ഫയൽ ചിത്രം)
ഏകാധിപതി ഫുൾജെൻസിയോ ബാറ്റിസ്റ്റയെ പുറത്താക്കാനായി നടന്ന പോരാട്ടങ്ങളിൽ അനശ്വര വിപ്ലവനായകന്‍ ചെ ഗുവേരയ്‌ക്കൊപ്പവും പ്രവർത്തിച്ചു. 1997-ൽ ബൊളീവിയയിൽനിന്ന് ചെയുടെ മൃതശരീരം കണ്ടെത്തി ക്യൂബയിലെത്തിക്കാനുള്ള ദൗത്യത്തിന് നേതൃത്വം നൽകിയത് വാള്‍ദെസായിരുന്നു. രാജ്യം ഹീറോ ഓഫ് ദി റിപ്പബ്ലിക് ഓഫ് ക്യൂബ, കമാൻഡർ ഓഫ് ദി റെവല്യൂഷൻ എന്നീ പരമോന്നത ബഹുമതികൾ നൽകി അദ്ദേഹത്തെ ആദരിച്ചു. 2011-ൽ, ക്യൂബന്‍ കമ്യൂണിസ്റ്റ് പാർടിയുടെ മൂന്നാമത്തെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. റൗൾ കാസ്ട്രോക്കും മുതിർന്ന വിപ്ലവ നേതാവ് റാമോൺ മച്ചാഡോ വെഞ്ചുറയ്‌ക്കും തൊട്ടുപിന്നിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. റൗളിന്റെ സർക്കാരിൽ ടെലികമ്യൂണിക്കേഷൻ മന്ത്രിയായും തുടർന്ന് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. കമാൻഡർ റമീറോയുടെ വിയോഗം പിതാവിനെ നഷ്‌ടപ്പെട്ടതുപോലെ വേദനിപ്പിക്കുന്നുവെന്ന് ക്യൂബൻ പ്രസിഡന്റ് മിഗ്വൽ ഡയസ് കാനൽ എക്‌സിൽ കുറിച്ചു.










0 comments